കേരളത്തിലെ സിപിഎം കാലാകാലങ്ങളായി സൃഷ്ടിച്ചിരുന്ന ആദര്‍ശ രാഷ്ട്രീയത്തിന്റെയും നിസ്വാര്‍ത്ഥതയുടെയും പാര്‍ട്ടി അച്ചടക്കത്തിന്റെയും ഒക്കെ പൊയ്മുഖങ്ങള്‍ അഴിഞ്ഞു വീഴുകയാണ്. അഴിമതി, പെണ്‍വാണിഭം, ബന്ധു നിയമനം, ചേരിപ്പോര്, അച്ചടക്കരാഹിത്യം തുടങ്ങിയ കാര്യങ്ങള്‍ മറ നീക്കി ഒന്നിന് പിറകെ ഒന്നായി പുറത്തുവരികയാണ്. ‘നിങ്ങള്‍ക്ക് ഈ പാര്‍ട്ടിയെക്കുറിച്ച് ഒരു ചുക്കും അറിയില്ല ‘എന്ന പിണറായി വിജയന്റെ പഴയ പ്രസ്താവനയ്ക്ക് ഇന്ന് എന്തു മധുരമാണ്. അതെ, കേരളത്തിലെ പൊതുസമൂഹത്തിനും രാഷ്ട്രീയ നിരീക്ഷകര്‍ക്കും ഒക്കെ അറിയുന്നതിനും അപ്പുറത്തേക്കുള്ള അരാജകത്വത്തിന്റെയും അഴിമതിയുടെയും നീരാളിപ്പിടുത്തത്തിലേക്ക് സിപിഎം അമര്‍ന്നിരിക്കുന്നു. ഈ പാര്‍ട്ടിക്കുള്ളില്‍ സ്വന്തം സഖാക്കള്‍ തന്നെ വിതച്ച അന്തക വിത്തുകള്‍ അതിവേഗം പാര്‍ട്ടിയെ കാര്‍ന്നു തിന്നുന്ന അവസ്ഥയിലേക്ക് വളര്‍ന്നു തുടങ്ങിയിരിക്കുന്നു. അതിന്റെ സൂചനയാണ് ഇ.പി. ജയരാജന്റെ പുറത്തേക്കുള്ള വഴി.
കേരളത്തില്‍ തങ്ങള്‍ ഒഴികെ മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനവും പ്രവര്‍ത്തിക്കേണ്ടെന്ന ഏകാധിപത്യ മനോഭാവത്തില്‍ ഇതര സംഘടനകളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം തടയുകയും സംഘടനാ പ്രവര്‍ത്തകരെ കൊന്നൊടുക്കുകയും ചെയ്തനപാര്ട്ടിയുടെ കണ്ണൂര്‍ ലോബി, ജയരാജന്മാര് ചരിത്രത്തിന്റെ മൂലയിലേക്ക് ഒതുക്കപ്പെടുമ്പോള്‍ ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും വിജയം കൂടി ഇതിലുണ്ടെന്ന് പറയാതിരിക്കാനാവില്ല. സിപിഎമ്മിന്റെ കേരളത്തിലെ പോളിറ്റ് ബ്യൂറോ അംഗങ്ങളും സംസ്ഥാന സെക്രട്ടറിയേറ്റും ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജനെതിരെ നടപടിയെടുത്ത് പുറത്തേക്ക് തള്ളുമ്പോള്‍, ചേര്‍ത്തുപിടിക്കപ്പെട്ട ചലച്ചിത്ര നടന് മുകേഷിന്റെ കാര്യം കൂടി പാര്‍ട്ടിയിലെ താഴേത്തലത്തിലുള്ള സഖാക്കള്‍ എങ്കിലും മനസ്സിരുത്തി ചിന്തിക്കണം. നിരവധി ലൈംഗിക പീഡനക്കേസുകളില്‍ ആരോപണ വിധേയനായ മുകേഷ്, എംഎല്‍എ സ്ഥാനം രാജി വയ്ക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സമിതി തീരുമാനിച്ചു. സിപിഐയും സിപിഐ നേതാവ് ആനി രാജയും മാത്രമല്ല സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടും മുകേഷിന്റെ രാജി ആവശ്യം ഉയര്‍ത്തിയിരുന്നു. പക്ഷേ വിചിത്ര വാദമാണ് സിപിഎം സംസ്ഥാന സമിതിയും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഇക്കാര്യത്തില്‍ ഉയര്‍ത്തിയത്. കുറ്റം ആരോപിക്കപ്പെട്ടയാള്‍ എംഎല്‍എ സ്ഥാനം രാജി വച്ചാല്‍ പിന്നീട് നിരപരാധിത്വം തെളിഞ്ഞാല്‍ തിരിച്ചെടുക്കാനുള്ള നിയമ സംവിധാനം ഇല്ല. അതുകൊണ്ട് സാമാന്യ നീതി നിഷേധിക്കപ്പെടും. മുകേഷ് ധാര്‍മികതയുടെ പേരില്‍ രാജി വച്ചാലും കുറ്റവിമുക്തനാക്കപ്പെട്ടാല്‍ തിരിച്ചുവരാന്‍ ആവില്ല എന്ന ന്യായമാണ് സിപിഎം സംസ്ഥാന സമിതി ഉയര്‍ത്തിയത്. പക്ഷേ സോളാര്‍ കേസില്‍ ഇത്തരമൊരു ആരോപണം ഉയര്‍ത്തി ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടപ്പോള്‍ ഈ ന്യായം എന്തുകൊണ്ട് സിപിഎം മറന്നു. സ്ത്രീ സുരക്ഷയുടെ പേരില്‍ അധികാരത്തിലെത്തിയ പിണറായി വിജയന് ധാര്‍മികമായി എങ്ങനെയാണ് ഇങ്ങനെ ഒരു നിലപാട് സ്വീകരിക്കാന്‍ കഴിയുക. ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ കൊടുക്കാന്‍ തയ്യാറായപ്പോള്‍ പോലും അതിന് കാത്തുനില്‍ക്കാതെ കിങ്കരന്മാരായ പോലീസുകാരെ ഉപയോഗിച്ച് സന്നിധാനത്തേക്ക് മനീതി സംഘം അടക്കമുള്ള അവിശ്വാസികളായ യുവതികളെ എത്തിച്ച് ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ചതും. അന്നത്തെ കപട സ്നേഹത്തിന്റെ കഥകളും, വനിതാ മതില് നിര്‍മ്മാണവും എങ്ങനെയാണ് മറക്കാന്‍ കഴിയുക. രാഷ്ട്രീയം എന്തുമാകട്ടെ 75 വര്‍ഷത്തെ ജീവിതത്തില്‍ സ്വന്തം പ്രസ്ഥാനത്തിന് വേണ്ടി മറ്റുള്ളവരെ കൊല്ലാനും കൊല്ലിക്കാനും നടന്ന, സ്വന്തം പ്രസ്ഥാനത്തിന്റെ ആശയങ്ങള്‍ക്ക് വേണ്ടി രാപകലില്ലാതെ ജീവിച്ച ഇ.പി. ജയരാജന് കൊടുക്കാത്ത ആനുകൂല്യം ചലച്ചിത്ര നടന് മാത്രമായ മുകേഷിന് എങ്ങനെ കിട്ടി എന്ന കാര്യം പാര്‍ട്ടിയിലെ സാധാരണക്കാര്‍ ആലോചിക്കേണ്ടതല്ലേ?
പാര്‍ട്ടിയില്‍ അച്ചടക്ക നടപടി നേരിടാതെ മുന്നണി കണ്‍വീനര്‍ സ്ഥാനത്തുനിന്ന് തെറിക്കുന്ന ഇ.പി എല്ലാക്കാലത്തും പിണറായി വിജയന്റെ പരിചയും സേവകനും ആയാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. പാര്‍ട്ടിയിലെ സിഐടിയു വിഭാഗത്തിനെതിരെ പടപൊരുതിയപ്പോള്‍ വി.എസിനൊപ്പം നിന്ന പിണറായിയുടെ പിന്നിലും അന്ന് ശക്തമായി ഇ.പിയുണ്ടായിരുന്നു. നേരത്തെ ബദല്‍ രേഖ അവതരിപ്പിച്ച എം.വി. രാഘവനെ പിന്തുണച്ചതിന് അന്നത്തെ ഇടതുമുന്നണി കണ്‍വീനറായ പി.വി. കുഞ്ഞിക്കണ്ണനെയും പിന്നീട് എം.എം. ലോറന്‍സിനെയും കണ്‍വീനര്‍ സ്ഥാനത്തുനിന്ന് നീക്കിയിട്ടുണ്ട്. സംസ്ഥാന തലത്തില്‍ തന്നെ പാര്‍ട്ടി രൂപീകരിക്കാനും വളര്‍ത്താനും യാതനകള്‍ അനുഭവിച്ച കെ.ആര്. ഗൗരിയമ്മയും എം.വി. രാഘവനും പാര്‍ട്ടിയില്‍നിന്ന് പുറത്തു പോകുമ്പോള്‍ അന്ന് പാര്‍ട്ടി സംവിധാനത്തിനൊപ്പം നിന്ന് നേതാക്കള്‍ക്ക് കോട്ട പണിത ഇ.പി. ജയരാജന് ഇന്ന് അതേ സാഹചര്യത്തില്‍ പുറത്തേക്കു പോകുമ്പോള്‍ അതില്‍ കാലത്തിന്റെയും ചരിത്രത്തിന്റെയും തിരിച്ചടി കൂടിയുണ്ട് എന്ന് മനസ്സിലാക്കണം. രാഷ്ട്രീയ ജീവിതത്തില്‍ എല്ലാക്കാലത്തും പിണറായിക്ക് വേണ്ടി നിലകൊണ്ട ഇ.പി. സമകാലീന സാഹചര്യത്തില്‍ തന്റെ കസേര ഉറപ്പിക്കാന്‍ പിണറായി വിജയന് കൈവിടുകയായിരുന്നു എന്നുതന്നെയാണ് ലഭിക്കുന്ന സൂചന. പിണറായിയുടെയും കോടിയേരിയുടെയും പിന്നില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തന്നെ മൂന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന ഇ.പി. ജയരാജന് സ്വാഭാവികമായും ആ മൂന്നാം സ്ഥാനം നിലനിര്‍ത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. കഴിഞ്ഞ മന്ത്രിസഭയില്‍ സുപ്രധാന വ്യവസായ വകുപ്പ് തന്നെ കയ്യാളാന്‍ അവസരം ലഭിച്ചെങ്കിലും ബന്ധു നിയമനത്തിന്റെ പേരില്‍ പുറത്തു പോകേണ്ടി വന്നു. മടങ്ങിയെത്തിയെങ്കിലും അടുത്ത തവണ നിയമസഭയിലേക്ക് മത്സരിക്കാന്‍ അവസരം ലഭിച്ചില്ല. അപ്പോള്‍ ആരംഭിച്ച മുറുമുറുപ്പ് കോടിയേരിയുടെ മരണത്തോടെയാണ് ശക്തമായത്. കോടിയേരിക്ക് ശേഷം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ആകുമെന്ന് കരുതിയിരുന്നെങ്കിലും പാര്‍ട്ടി സംവിധാനത്തില്‍ തന്നേക്കാള്‍ ജൂനിയറായ എം.വി. ഗോവിന്ദനെ നിയോഗിച്ചതോടെ ഇ.പി. ജയരാജന് പാര്‍ട്ടി സംവിധാനത്തോട് ഇടഞ്ഞു. തൊട്ടു പിന്നാലെ തന്നെ ഗോവിന്ദനെ പോളിറ്റ് ബ്യൂറോയിലേക്കും ഉയര്‍ത്തിയപ്പോള്‍ ഏറ്റവും മുതിര്‍ന്ന കേന്ദ്ര കമ്മിറ്റി അംഗം എന്ന നിലയില്‍ ഇ.പി.യും പരിഗണിക്കപ്പെടും എന്നാണ് പൊതുവേ ഉണ്ടായിരുന്ന വിശ്വാസം. തന്റെ കാലത്തോളം പാര്‍ട്ടി ജില്ലാ സെക്രട്ടറി പദം പോലും വഹിച്ചിട്ടില്ലാത്ത, സംസ്ഥാന സെക്രട്ടറിയേറ്റിലും കേന്ദ്ര കമ്മിറ്റിയിലും വളരെ ജൂനിയറായ ഗോവിന്ദനെ പോളിറ്റ് ബ്യൂറോയിലേക്ക് എടുത്തുതോടെ ഇ.പി. ജയരാജന് ഒരു വിമത പരിവേഷം കൈവന്നു. എം.വി. ഗോവിന്ദന് സംസ്ഥാന സെക്രട്ടറിയായ ശേഷം നടത്തിയ കേരളജാഥയോട് സഹകരിക്കാനോ എവിടെയെങ്കിലും പ്രസംഗിക്കാനോ ഇ.പി. തയ്യാറായില്ല. മുഖ്യമന്ത്രി പിണറായി വിജയന് അടക്കം നേരിട്ട് ആവശ്യപ്പെട്ടതിനുശേഷമാണ് തൃശ്ശൂരിലെ യോഗത്തില്‍ പങ്കെടുത്തത്.
ഇ.പി ജയരാജന് ഒളിഞ്ഞും തെളിഞ്ഞും നടത്തിയ നീക്കങ്ങള്‍ ഗോവിന്ദനെ സ്വാഭാവികമായും ശത്രുതയിലേക്ക് എത്തിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ അഭിപ്രായങ്ങള്‍ക്ക് നേരെ കടകവിരുദ്ധമായ അഭിപ്രായങ്ങള്‍ ഇടതുമുന്നണി കണ്‍വീനറില്‍ നിന്ന് വന്നു. ഇതിനിടെ ഇ.പിയുടെ വൈദേകം റിസോര്‍ട്ട് സംസ്ഥാന വ്യാപകമായി ചര്‍ച്ചയായി. ആരോപണം പാര്‍ട്ടി സംവിധാനത്തില്‍ ഉന്നയിച്ച പി.ജയരാജനുമായും ഇ.പിയും സംഘര്‍ഷത്തിലെത്തി. റിസോര്‍ട്ട് വിഷയം പി.ജയരാജന് ഉന്നയിച്ചതിന് പിന്നില്‍ എം.വി. ഗോവിന്ദന് ആണെന്ന വിശ്വാസം ഗോവിന്ദനുമായുള്ള ബന്ധം കൂടുതല്‍ ദുര്‍ബലമാക്കി. പാര്‍ട്ടി നേതൃയോഗങ്ങളില്‍ നിന്ന് ഇ.പി വിട്ടുനിന്നു. പിണറായി വിജയന് നേരിട്ട് ഇടപെട്ട് ജയരാജനെ പാര്‍ട്ടി യോഗങ്ങളിലേക്ക് എത്തിച്ചെങ്കിലും അവര്‍ തമ്മിലുള്ള ബന്ധം ഒരിക്കലും പഴയ രീതിയില്‍ എത്തിയില്ല.
രണ്ട് ടേം മത്സരിച്ചതിന്റെ പേരില്‍ കഴിഞ്ഞതവണ നിയമസഭാ സീറ്റ് ഒഴിവാക്കിയതും പാര്‍ട്ടി സംവിധാനത്തില്‍ പൂര്‍ണമായും അവഗണിക്കപ്പെട്ടതും ജയരാജനെ അസ്വസ്ഥമാക്കിയപ്പോള്‍ സിപിഎമ്മിന് തന്നെ ഒരു അടി കൊടുക്കാന്‍ സന്തതസഹചാരികളായ ചില അനുയായികള്‍ ഇ.പിയെ പ്രരിപ്പിച്ചു. ബിജെപി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയതും പി
ന്നീട് പ്രകാശ് ജാവദേക്കറെ സന്ദര്‍ശിച്ചതും അങ്ങനെയാണ്. തെരഞ്ഞെടുപ്പ് കാലത്ത് അത് പുറത്തുവന്നതും വോട്ടെടുപ്പ് ദിവസം തന്നെ ഇ.പി. ജയരാജന് അത് അംഗീകരിച്ചതും എം.വി. ഗോവിന്ദന് ജയരാജനെ വെട്ടാനുള്ള ആയുധമാക്കി അതുമാറ്റി. ബന്ധു നിയമന വിവാദത്തില്‍ രാജിയാവശ്യപ്പെട്ട് തന്നെ കൈവിട്ടതാണ് പിണറായി വിജയനുമായി ഇടയാനും ദശാബ്ദങ്ങളായി നിലനിന്നിരുന്ന അടിമ-ഉടമ ബന്ധം തകരാനും കാരണമായത്. സീറ്റ് നിഷേധിച്ചതോടെ ഇതിന് ആക്കം കൂടി. തന്റെ തലയ്ക്ക് മുകളില്‍ കൂടി ഗോവിന്ദനെ കൊണ്ടുവന്നതിന് പിന്നില്‍ പിണറായി ആണെന്ന തിരിച്ചറിവ് തന്നെ വളര്‍ത്താന്‍ അല്ല കശാപ്പിന് തന്നെയാണ് ലക്ഷ്യമിടുന്നതെന്ന ബോധ്യത്തിലേക്ക് ജയരാജനെ എത്തിച്ചു. ഇതിനിടെ നടന്ന ചില ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ സംസാരിക്കുന്ന തലത്തിലേക്ക് വരെ എത്തിയെങ്കിലും ഇപിയുടെ വിധി പിണറായി തീരുമാനിച്ചിട്ടുണ്ടായിരുന്നു. കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്തുനിന്ന് ജയരാജനെ നീക്കാനുള്ള നിര്‍ദ്ദേശം എം.വി ഗോവിന്ദന് വെച്ചപ്പോള്‍ തടയാനോ പ്രതിരോധിക്കാനോ പിണറായി തയ്യാറായില്ല. താന്‍ രാഷ്ട്രീയ ജീവിതം മതിയാക്കുകയാണെന്നും പാര്‍ട്ടി ഫഌറ്റ് ഒഴിയുകയാണെന്ന് പറഞ്ഞിട്ടും കാണാം എന്ന് മാത്രം പറഞ്ഞ് ആശ്വസിപ്പിക്കാന്‍ പോലും തയ്യാറാകാതെ പഴയ പടത്തലവനെ പിണറായി, എം.വി. ഗോവിന്ദന് ഒരുക്കിയ രാഷ്ട്രീയ കഴുമരത്തിലേക്ക് നിശബ്ദനായി പറഞ്ഞുവിടുകയായിരുന്നു. അന്ന് ഉള്ളു പിടഞ്ഞത് ഇ.പി. ജയരാജനാണ്. പാര്‍ട്ടി സംസ്ഥാന സമിതി യോഗത്തില്‍ പോലും പങ്കെടുക്കാതെ ഇപി പടിയിറങ്ങി സ്വന്തം വീട്ടിലേക്ക് മടങ്ങുമ്പോള്‍ ചരിത്രം ആവര്‍ത്തിക്കുകയാണ്. ഗൗരിയമ്മയുടെയും എം.വി. രാഘവന്റെയും പോലെ ഒരു പോരാട്ടത്തിന് അല്ലെങ്കില്‍ ഒരു ബദല്‍ സംഘടനാ സംവിധാനത്തിനുള്ള ആരോഗ്യവും അണികളും പണവും ഇന്ന് ഇ.പി. ജയരാജനില്ല.
സിപിഎമ്മിന്റെ ഏറ്റവും താഴേത്തട്ടു മുതലുള്ള സംഘടന യോഗങ്ങള്‍ ആരംഭിക്കുമ്പോള്‍ ജനകീയ പ്രശ്നങ്ങളില്‍ നിന്ന് രക്ഷപ്പെടാനും പാര്‍ട്ടിയുടെ താഴേയറ്റം മുതല്‍ മുകളറ്റം വരെ പറിച്ചെറിയാന്‍ കഴിയാത്ത വിധം ശക്തിയാര്‍ജ്ജിച്ചിരിക്കുന്ന ജിഹാദി സംവിധാനത്തില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനും ചര്‍ച്ച വഴിതെറ്റിക്കാനുമാണ് ഇപ്പോള്‍ ഇ.പി.
ജയരാജനെ പുറത്താക്കിയത് എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല എന്ന ന്യായമാണ് ഇപ്പോള്‍ മുന്നോട്ടുവയ്ക്കുന്നത്. അതിനു കാരണം സംസ്ഥാന സമിതിക്ക് കേന്ദ്ര കമ്മിറ്റി അംഗത്തെ പുറത്താക്കാന്‍ കഴിയില്ല എന്നതുമാത്രമാണ്. പാര്‍ട്ടി സംവിധാനങ്ങളില്‍ സ്വന്തം ശക്തി പണ്ട് പിണറായി വിജയന് ഊട്ടി ഉറപ്പിച്ചതുപോലെ തന്നെ അതേ രീതിയില്‍, അതേ മാതൃകയില്‍ ഊട്ടിയുറപ്പിക്കാന്‍ ശ്രമിക്കുന്ന എം.വി. ഗോവിന്ദനെ വിധേയനാക്കാന്‍ കഴിയില്ല എന്ന പിണറായി വിജയന്റെ തിരിച്ചറിവാണ് ഒപ്പം നിര്‍ത്തി സ്വന്തമാക്കി എല്ലാത്തിനും പിന്തുണയ്ക്കാന്‍ കാരണവും. അതുകൊണ്ടുതന്നെയാണ് സ്വന്തം സേനാപതിയെ ബലി കൊടുത്ത് പിണറായി സ്വന്തം സ്ഥാനം മാത്രമല്ല മരുമകന്റെയും സ്ഥാനം ഉറപ്പിക്കാന്‍ ശ്രമിക്കുന്നത്. അഴിമതിയുടെയും ജീര്‍ണ്ണതയുടെയും ആരോപണങ്ങളുടെയും ശരശയ്യയില്‍ ഉത്തരായണം കാത്തു കിടക്കുന്ന പിണറായിക്ക് അതിനപ്പുറത്തേക്ക് പോകാനോ ഇപി യെ രക്ഷിക്കാനോ കഴിയില്ലായിരുന്നു എന്ന സത്യം കൂടി ഇതിന്റെ പിന്നിലുണ്ട്. കേരള രാഷ്ട്രീയം ഒരു പരിവര്‍ത്തനത്തിലേക്ക് കടക്കുകയാണ്. അന്തക വിത്തിന്റെ പ്രവര്‍ത്തനം സിപിഎമ്മിനെ ദുര്‍ബലമാക്കും എന്ന് മാത്രമല്ല, അടുത്ത ഒരു ദശാബ്ദത്തിന് അപ്പുറത്തേക്ക് സിപിഎം എന്ന സംഘടനയ്ക്ക് ഇന്നത്തെ രീതിയില്‍ പോകാന്‍ കഴിയുമോ എന്ന കാര്യം കണ്ടറിയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: