ന്യൂദല്‍ഹി: ജഡ്ജി നിയമന പട്ടികയില്‍ തങ്ങളുടെ പേര് പരിഗണിക്കാന്‍ കേരള ഹൈക്കോടതി കൊളീജിയത്തോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് രണ്ട് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജിമാര്‍ സുപ്രീംകോടതിയെ സമീപിച്ചു. തൃശ്ശൂര്‍ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പി.പി. സെയ്തലവി, തലശ്ശേരി പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദ് എന്നിവരാണ് കോടതിയെ സമീപിച്ചത്. ഇരുവരും ഫയല്‍ചെയ്ത റിട്ട് ഹര്‍ജി ജസ്റ്റിസ് ഹൃഷികേശ് റോയ്, ജസ്റ്റിസ് എസ്.വി. ഭട്ടി എന്നിവരടങ്ങിയ ബെഞ്ച് ഇന്ന് പരിഗണിക്കും.
1997ല്‍ ജുഡീഷ്യല്‍ സര്‍വീസില്‍ പ്രവേശിച്ച പി.പി. സെയ്തലവിയ്‌ക്കും കെ.ടി. നിസാര്‍ അഹമ്മദിനും 27 വര്‍ഷത്തെ ജുഡീഷ്യല്‍ സര്‍വീസുണ്ട്. ജഡ്ജി നിയമനത്തിന് കേരള ഹൈക്കോടതി കൊളീജിയം തയാറാക്കി ജൂണ്‍ മാസം സുപ്രീംകോടതി കൊളീജിയത്തിന് കൈമാറിയ ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ പട്ടികയില്‍ ഇരുവരുടെയും പേരില്ല. അര്‍ഹത ഉണ്ടായിട്ടും തങ്ങളുടെ പേരുകള്‍ ഹൈക്കോടതി കൊളീജിയം ശിപാര്‍ശ ചെയ്യാത്തതിനെതിരായാണ് ഇരുവരും സുപ്രീംകോടതിയെ സമീപിച്ചത്.
കേരള ഹൈക്കോടതിയിലെ ജഡ്ജി നിയമനത്തില്‍ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കായി നാല് ഒഴിവുകളാണുള്ളത്. ഇതിലേക്ക് നാല് ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ പേരുകള്‍ ഹൈക്കോടതി കൊളീജിയം ജൂണ്‍ ആദ്യം ശിപാര്‍ശ ചെയ്തിരുന്നു. ജഡ്ജി നിയമനത്തിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി ഹൈക്കോടതിയും സംസ്ഥാന സര്‍ക്കാരും തമ്മിലുണ്ടാക്കിയ ധാരണയിലെ വ്യവസ്ഥകള്‍ ലംഘിച്ചാണ് ഈ ശിപാര്‍ശ നടത്തിയതെന്ന പരാതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനും കേന്ദ്ര നിയമ മന്ത്രാലയത്തിനും മുമ്പാകെയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: