തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ സിപിഎം സഹയാത്രികനായ എംഎല്‍എ പി.വി. അന്‍വര്‍ ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്.
മുഖ്യമന്ത്രി തന്നെ ഇതിന് മറുപടി പറയണം. എഡിജിപി എം.ആര്.അജിത് കുമാര്‍ മുഖ്യമന്ത്രിയുടെ വിശ്വസ്തനാണ്. എഡിജിപി മന്ത്രിമാരുടെ ഫോണ്‍ ചോര്‍ത്തുന്നുവെന്നാണ് പി.വി.അന്‍വര്‍ പറഞ്ഞിരിക്കുന്നത്. മുഖ്യമന്ത്രിക്ക് വേണ്ടിയാണോ മന്ത്രിമാരുടെ ഫോണ്‍ ചോര്‍ത്തുന്നതെന്നു മുഖ്യമന്ത്രി തന്നെ വ്യക്തമാക്കണം. സ്വര്‍ണ്ണ കടത്തുകാരുമായും അധോലോക മാഫിയയുമായും ലോ ആന്‍ഡ് ഓര്‍ഡര്‍ ചുമതലയുള്ള എഡിജിപിക്ക് ബന്ധമുണ്ടെ്ന്നും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി അറിയാതെ ഒന്നും നടക്കില്ലെന്നുമാണ് എംഎല്‍എ പറയുന്നത്. മുഖ്യമന്ത്രി അറിയാതെ അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി എന്തെങ്കിലും ചെയ്യുമെന്ന് വിശ്വസിക്കാനാവില്ല, സുരേന്ദ്രന് പറഞ്ഞു.
ആരോപണം ഉയര്‍ന്നിരിക്കുന്നത് മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും എതിരെയാണ്. എഡിജിപി കൊലപാതകങ്ങള്‍ നടത്തുന്നയാളാണെന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ്. എഡിജിപി ദേശവിരുദ്ധനാണെന്നും ദാവൂദ് ഇബ്രാഹിമിനെ പോലെയുള്ള വ്യക്തിയാണെന്നും ഭരണകക്ഷിയുടെ എംഎല്‍എ തന്നെ തുറന്നു പറയുകയാണ്. കേരളത്തിലെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാം നേതൃത്വം നല്‍കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്ന് വ്യക്തമായിരിക്കുകയാണ്. സ്വര്‍ണ്ണ കടത്തുകാരെ സംരക്ഷിക്കുന്നത് സര്‍ക്കാറും സിപിഎമ്മും ആണെന്ന് ബിജെപി നേരത്തെ തന്നെ പറഞ്ഞതാണ്. അത് ശരിവെക്കുന്നതാണ് പി വി അന്‍വര്‍ എംഎല്‍എയുടെ ഇപ്പോഴത്തെ വാദം. സ്വര്‍ണ്ണക്കടത്തിന്റെ 60 ശതമാനം വരെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ കൊണ്ടുപോവുകയാണെന്നത് സ്വര്‍ണ്ണക്കടത്ത് മാഫിയയും പോലീസും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതാണ്. വേലി തന്നെ വിളവ് തിന്നുന്ന സാഹചര്യമാണ് കേരളത്തിലുള്ളതെന്നും കെ.സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: