കല്‍പ്പറ്റ: ഏറെ ചര്‍ച്ചയാവുകയും തെറ്റിദ്ധരിക്കപ്പെടുകയും ശരികള്‍ ഒരുപാടുണ്ടായിരിക്കുകയും ചെയ്ത് ജീവിതമായിരുന്നു അന്തരിച്ച കനവ് ബേബി എന്നറിയപ്പെട്ടിരുന്ന കെ.ജെ. ബേബി. സാഹിത്യകാരന്‍, സാമൂഹ്യ പ്രവര്‍ത്തകന്‍, രാഷ്‌ട്രീയ പ്രവര്‍ത്തകന്‍, വനവാസി ക്ഷേമ പ്രവര്‍ത്തകന്‍, നക്‌സലൈറ്റ് എന്നിങ്ങനെ പല തരത്തിലുള്ള വിലയിരുത്തലുകള്‍ ബേബിയെക്കുറിച്ചുവന്നു. അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ളവരും വനവാസി ഗോത്ര സംസ്‌കാരത്തിന്റെ സംരക്ഷണത്തിന്, അവരുടെ സാമൂഹ്യ ഉന്നമനത്തിന് ബേബി ചെറുതല്ലാത്ത പങ്ക് വഹിച്ചുവെന്നത് വാസ്തവമാണെന്ന് സമ്മതിക്കാറുണ്ട്.
കണ്ണൂരിലെ മാവിടി എന്ന ചെറുഗ്രാമത്തില്‍ ജനിച്ചുവളര്‍ന്നയാളാണ് കെ.ജെ. ബേബി. വിവിധ ജീവിത പ്രതിസന്ധികള്‍ മൂലം 1973ല്‍, 19-ാം വയസുള്ളപ്പോള്‍, കുടുംബം കുടിയേറി വയനാട്ടിലെ താന്നിക്കലിലെത്തി. ഉപജീവനത്തിന് കൃഷി ചെയ്തു. മിക്കവരും ആ മാര്‍ഗത്തിലായിരുന്നു. ജന്മിഗൃഹങ്ങളും, കുടിയേറ്റ കര്‍ഷകരും, അടിയോര്‍, പണിയര്‍ എന്നീ വനവാസി വിഭാഗക്കാരുമായിരുന്നു അധികവും. വനവാസികളുടെ ജീവിതം അനുഭവിച്ചറിഞ്ഞു. പ്രമുഖ എഴുത്തുകാരായ പി. വത്സല, കെ. പാനൂര്‍ എന്നിവരുടെ പുസ്തകങ്ങള്‍ വഴി കൂടുതല്‍ അറിഞ്ഞു.
പിന്നീട് ബോംബെയില്‍ പഠിക്കാന്‍ പോയെങ്കിലും അധികം വൈകാതെ മടങ്ങി. വായനയും സഞ്ചാരവും സമ്പര്‍ക്കവുമായിരുന്നു പിന്നീട്. അറിഞ്ഞും അറിഞ്ഞത് പറഞ്ഞും ഗ്രാമങ്ങളിലും നഗരങ്ങളിലും നടന്നു. സ്വതന്ത്ര ചിന്തകളും പ്രചാരണ പരിപാടികളുമായി ഒറ്റയ്‌ക്ക് നടന്ന ബേബിയുടെ അയഞ്ഞ കുപ്പായവും വളര്‍ന്ന താടിയും ‘താടിക്കാരന്‍’ എന്ന് വയനാട്ടുകാര്‍ക്കിടയില്‍ അറിയപ്പെടാന്‍ ഇടയാക്കി.
ഒരിക്കല്‍ അവിചാരിതമായി പരിചയപ്പെട്ട വനവാസി പെണ്‍കുട്ടിയുടെ അവസ്ഥയറിഞ്ഞ്, അവര്‍ക്ക് സ്വന്തം വീട്ടില്‍ അഭയം കൊടുക്കാന്‍ തയാറായി. അങ്ങനെ മൂന്നുപേരെ വീട്ടില്‍ നിര്‍ത്തി പഠിപ്പിക്കാന്‍ വീട്ടുകാരുടെ എതിര്‍പ്പും അവഗണിച്ചു. അനൗപചാരികമായി ആവശ്യമുള്ളവര്‍ക്കെല്ലാം അക്ഷരവും വിദ്യയും പറഞ്ഞുകൊടുക്കാന്‍ വീട്ടില്‍ പാഠശാലതന്നെ തുടങ്ങി. തുടക്കത്തില്‍ അഞ്ചുപേര്‍ ആയിരുന്നു. ക്രമത്തില്‍ പഠിതാക്കള്‍ കൂടി. സന്ധ്യക്ക് പണി കഴിഞ്ഞ് മുതിര്‍ന്നവരും അക്ഷരം പഠിക്കാനായി അവിടെ ചെന്നു. എന്നാല്‍ ബേബിയുടെ പാട്ടും വിവരണങ്ങളുമാണ് ആളുകള്‍ക്ക് പിടിച്ചത്. അങ്ങനെ വനവാസികളുടെ ഭാഷ പഠിച്ച്. പാട്ടുകള്‍ ഉണ്ടാക്കി, അത് പാടി നടന്നു, അവരില്‍ ഒരാളായി. പിന്നീട് അവരുടെ പുരോഗതിക്കായി പ്രവര്‍ത്തനത്തിനിറങ്ങി. ഗോത്രവിഭാഗത്തിലെ ഭാഷയും അനുഷ്ഠാനങ്ങളും പാട്ടുകളും അന്യംനിന്നുപോകുന്നെന്ന് മനസിലാക്കികൊണ്ട് അവരുടെ ചരിത്രത്തെയും സംസ്‌കാരത്തെയും വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തി. അതിന് സാഹിത്യവും കലാവിഷ്‌കാരങ്ങളും നടത്തി. വനവാസികളുടെ ജീവിതം അടയാളപ്പെടുത്തുകയായിരുന്നു ലക്ഷ്യം. നഗരങ്ങളിലും ഗ്രാമങ്ങളിലും ബേബി ചൊല്‍ക്കാഴ്ചകളും കവിയരങ്ങുകളും നടത്തി. നാടകങ്ങളും നോവലും ശക്തമായ ഭാഷയിലും ആഖ്യാനത്തിലും എഴുതി. അവ അവതരിപ്പിച്ചു.
‘അപൂര്‍ണ’ എന്നായിരുന്നു ആദ്യകൃതിയുടെ പേര്. അത് അടിയക്കുടിലിലൂടെ ഗോത്രസമൂഹത്തിന്റെ കഥ പറയുന്ന നാടകമായിരുന്നു. വനവാസികളോടുള്ള ചൂഷണങ്ങളായിരുന്നു അത് വെളിച്ചത്തുകൊണ്ടുവന്നത്.
തിരുനെല്ലിയില്‍ ഒരിക്കല്‍ കണ്ട അടിയോരുടെ അനുഷ്ഠാനമായ നാട്ടുഗദ്ദിക കണ്ട്, അതേക്കുറിച്ചറിഞ്ഞ്, ആ മാതൃകയില്‍ നാടകം രചിച്ചു. അതാണ് ‘നാട്ടുഗദ്ദിക’ നാടകമയായത്. അടിയന്തരാവസ്ഥക്കാലത്ത് ഈ നാടകവുമായി കേരളമെമ്പാടും ബേബി സഞ്ചരിച്ചു. അതിന്റെ പേരില്‍ മര്‍ദ്ദനവും പോലീസ് കേസുകളും ജയില്‍വാസവും അനുഭവിക്കേണ്ടി വന്നു.
കാടിനും നാടിനും മനുഷ്യര്‍ക്കും വേണ്ടി കല വിനിയോഗിച്ചു അദ്ദേഹം. സാമൂഹ്യ-സാംസ്‌കാരിപ്രവര്‍ത്തനമായിരുന്നു അതിന് രീതി. മാവേലിമന്റം എന്ന നോവല്‍ സാഹിത്യ അക്കാദമി അവാര്‍ഡ് നേടി. വയനാട്ടിലെ ഗോത്രജീവിതമാണതില്‍. വനവാസികളില്‍നിന്ന് അന്യംനിന്നു പൊയ്‌ക്കൊണ്ടിരിക്കുന്ന സംസ്‌കാരത്തിന്റെ കാവലാളാകുകയായിരുന്നു അദ്ദേഹം. വയനാടിന്റെ ചരിത്രവും ആധിയും മാവേലിമന്റത്തിലുണ്ട്. മുട്ടത്തുവര്‍ക്കി സാഹിത്യ പുരസ്‌കാരവും കൊച്ചുബാവ പുരസ്‌കാരവും മാവേലി മന്റത്തിന് ലഭിച്ചു.
ഈ പ്രവര്‍ത്തനങ്ങളിലൂടെ ബേബി വിവാദ മനുഷ്യനായി. ബേബി നക്‌സല്‍ പ്രവര്‍ത്തകനാണെന്ന ആക്ഷേപം വന്നു. പോലീസ് കേസെടുത്തു. അക്കാലത്ത് നക്‌സല്‍ വേട്ട നടക്കുന്ന കാലമായതിനാല്‍ ബേബി ഒളിവില്‍ പോയിരുന്നു. നാട്ടുഗദ്ദിക എഴുതിക്കൊണ്ടാണ് വീണ്ടും പ്രകടമായ പ്രവര്‍ത്തനത്തിന് വന്നത്. പിന്നീട് നക്‌സല്‍ പ്രവര്‍ത്തകനുമായി. 1984-ല്‍ ഷേര്‍ളിയെ വിവാഹം ചെയ്തു. ഇരുവരും ചേര്‍ന്ന് 1994-ല്‍ കനവ് എന്ന വിദ്യാഭ്യാസ പ്രസ്ഥാനം തുടങ്ങി. ഗോത്രസമൂഹത്തിന്റെ ഉന്നമനമാണ് ലക്ഷ്യം കണ്ടിരുന്നത്. അദ്ദേഹത്തിന്റെ രണ്ടു മക്കളും കനവിലാണ് പഠിച്ചത്. കനവിലെ കുട്ടികളെയും മുതിര്‍ന്നവരുമാണ് ബേബിയുടെ ഗുഡ എന്ന ചലച്ചിത്രത്തിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: