മലയാള സിനിമയില്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗിക ചൂഷണവും കാസ്റ്റിംഗ് കൗച്ചും പവര്ഗ്രൂപ്പുമെല്ലാം ദേശീയ ചാനലുകളില്‍ വന്‍ചര്‍ച്ചയായി. റിപ്പബ്ലിക്, ഇന്ത്യാ ടുഡേ, ടൈംസ് ഓഫ് ഇന്ത്യ, എന്‍ഡിടിവി തുടങ്ങി എല്ലാ ചാനലുകളും ചര്‍ച്ച ചെയ്തു. ബര്‍ഖാദത്ത്, രാജ് ദീപ് സര്‍ദേശായി, നാവിക കുമാര്‍, തുടങ്ങി സുപ്രധാന ദേശീയ മാധ്യമപ്രവര്‍ത്തകരെല്ലാം ചര്‍ച്ചാ വിഷയമാക്കി.
എഴുത്തുകാരി ശോഭ ദേ നടന് മോഹന്‍ലാലിനോട് പറഞ്ഞത് ഒരു ആണിനെപ്പോലെ എഴുന്നേറ്റ് നിന്ന് കാര്യങ്ങള്‍ പറയാനാണ്.. “ടീമിലെ മറ്റ് അംഗങ്ങളോട് ഇതിന്റെ ഉത്തരവാദിത്വം എറ്റെടുക്കാന്‍ പറയൂ. ഇതില്‍ ഇരകളായവരെ സഹായിക്കൂ.”-ശോഭ ദേ തന്റെ പ്രതികരണത്തില്‍ പറഞ്ഞു. മലയാള സിനിമയില്‍ നടിമാരുടെ അഭിനയ, സ്വകാര്യ ജീവിതത്തെ നിയന്ത്രിക്കുന്നത് 15-20 പുരുഷന്മാരാണെന്നും അവര്‍ കുറ്റപ്പെടുത്തി.
ലൈംഗിക പീഢന ആരോപണം ഉയര്‍ന്ന നടന് മുകേഷിനെ ന്യായീകരിക്കുന്ന സിപിഎം നിലപാടിനെ വിമര്‍ശിച്ചാണ് പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ ബൃന്ദ കാരാട്ട് പ്രതികരിച്ചത്. എം.ബി.രാജേഷും ഇ.പി. ജയരാജനും ഉള്‍പ്പെടെയുള്ളവര്‍ മുകേഷിനെ ന്യായീകരിച്ചപ്പോള്‍ ഇത് പിന്തിരിപ്പന് നിലപാടാണെന്നായിരുന്നു ബൃന്ദ കാരാട്ട് പ്രതികരിച്ചത്. ലൈംഗികാരോപണം ഉയര്‍ന്നപ്പോള്‍ കോണ്‍ഗ്രസിന്റെ എല്‍ദോസ് കുന്നപ്പള്ളിയും എം.വിന്‍സെന്റും രാജിവെച്ചില്ല എന്ന ന്യായീകരണം സിപിഎം നേതാക്കള്‍ ഉയര്‍ത്തിയപ്പോള്‍ അവിടെ അങ്ങിനെ ചെയ്തതുകൊണ്ട് ഇവിടെയും ഇങ്ങിനെ ചെയ്താല്‍ മതിയെന്ന ന്യായവാദം ശരിയല്ലെന്നായിരുന്നു ബൃന്ദ കാരാട്ടിന്റെ നിലപാട്.
താന്‍ ബോളിവുഡിലെ നടന്മാര്ക്കെതിരെ ഇതുപോലെ ലൈംഗികആരോപണം ഉന്നയിച്ച ആളാണെന്ന് ബിജെപി എംപി കങ്കണ റണാവത്ത് പ്രതികരിച്ചു. അന്ന് തന്നെ കുഴപ്പക്കാരിയെന്ന് വിളിക്കുകയായിരുന്നു എല്ലാവരുമെന്നും കങ്കണ പറഞ്ഞു. അന്ന് ഭൂരിഭാഗം നടിമാരും നിശ്ശബ്ദത പാലിക്കുകയും അധിക്ഷേപിച്ച നടന്മാരോടൊപ്പം നടിക്കുകയും ചെയ്തെന്നും കങ്കണ പറഞ്ഞു. അതുതന്നെയാണ് ഇപ്പോള്‍ മലയാളത്തിലും സംഭവിച്ചത്.
അമ്മ കമ്മിറ്റിയിലെ എക്സീക്യൂട്ടീവ് അംഗങ്ങള്‍ ഒന്നടങ്കം രാജിവെച്ചെങ്കിലും ഒരു നടിക്ക് ആവശ്യമുള്ളപ്പോള്‍ അവര്‍ പിന്തുണച്ചില്ലെന്നായിരുന്നു ബിജെപി നേതാവും നടിയുമായി ഖുശ്ബുവിന്റെ പ്രതികരണം. ആരോപണം ഉന്നയിക്കുന്ന നടിമാര്‍ പീഢിപ്പിച്ചവരുടെ പേര് പറയാത്തത് തെറ്റാണെന്നും ഖുശ്ബു പ്രതികരിച്ചു. തനിക്കും ഇതുപോലെ അനുഭവം തമിഴ് സിനിമയില്‍ ഉണ്ടായിട്ടുണ്ടെന്നും ഇതുപോലെ മോശം രീതിയില്‍ സമീപിച്ച നിര്‍മ്മാതാവിനോട് തന്റെ കാലില്‍ കിടക്കുന്ന ചെരിപ്പ് 41 ആണെന്നും അതുകൊണ്ട് അടിവേണോ എന്ന് ചോദിച്ചപ്പോള്‍ ആ നിര്‍മ്മാതാവ് പിന്മാറിയെന്നും ഖുശ്ബു പറഞ്ഞു.
തമിഴ് ഗായിക ചിന്മയ ശ്രീപാദ പറഞ്ഞത് മലയാള സിനിമയിലെ നടിമാരെക്കുറിച്ച് അഭിമാനം തോന്നുന്നു എന്നാണ്. തമിഴ്നാടില്‍ ഗാനരചയിതാവ് വൈരമുത്തുവിനെതിരെ ലൈംഗിക പീഢന ആരോപണം ഉയര്‍ത്തിയ ആളാണ് ചിന്മയ ശ്രീപാദ. മലയാളം സിനിമ സ്ത്രീകള്‍ക്കെതിരെ ചൂഷണം നടത്തുന്നവരുടെ കൂടാരമാണെന്നും ചിന്മയ ശ്രീപാദ പറഞ്ഞു.
നടി രേവതി ഉള്‍പ്പെടെയുള്ളവര്‍ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും നിശ്ശബ്ദതയെ വിമര്‍ശിച്ചതോടെയാണ് മോഹന്‍ലാലും മമ്മൂട്ടിയും കഴിഞ്ഞ ദിവസങ്ങള്‍ പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: