ഇതിനൊരു പരിഹാരം വേദങ്ങളിലെ ഐകമത്യ ശ്ലോകം പറയുന്നു.
”സംഗച്ഛധ്വം സംവദധ്വം
സം വോ മനാംസി ജാനതാം
ദേവാ ഭാഗം യഥാ പൂര്‍വ്വേ
സംജാനാനാ ഉപാസതേ” (ഋഗ്വേദം,8-8-49) മുന്‍സൂചിത മൂല്യങ്ങള്‍ ആര്‍ജ്ജിച്ച് ഏവരും ഒന്നിച്ചു നടന്ന്, ഒരേ വാക്യം പറഞ്ഞു കൊണ്ട്, ഒരേ ലക്ഷ്യത്തിലേക്ക് നടന്നാല്‍, എല്ലാവരുടെയും കഴിവുകള്‍ ഒന്നിച്ചു ചേര്‍ത്ത് ഐശ്വര്യം കൊണ്ടുവരാന്‍ കഴിയും. അത് തന്നെയാണ്, ഐകമത്യം മഹാബലം എന്ന് പറയുന്നത്. ഇപ്പോള്‍ നാം മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ച് മുന്നോട്ടു നീങ്ങുന്നുണ്ട്. പക്ഷേ ലക്ഷ്യം ഉള്ളത് മിഴുവന്‍ തകര്‍ക്കുക എന്നതാണ്. ഇത് വികസനത്തിനെന്ന വ്യാജേന അവികസിത മനസ്സുകളുടെ ലക്ഷ്യം തെറ്റിയ, ദുഷ്ട ലാക്കോടെയുള്ള മുന്നേറ്റമാണ്.
ആയിരക്കണക്കിന് കോടി രൂപയുടെ നഷ്ടമാണ് വികല മനസ്സുകള്‍ ഒന്നിച്ചു ചേര്‍ന്ന് നടത്തുന്ന സമരങ്ങള്‍ വരുത്തിവെക്കുന്നത്. ഒരുവശത്ത് ഉത്സാഹത്തോടെ നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുമ്പോള്‍ മറുവശത്തു തകൃതിയായി നശീകരണം നടത്തിയാല്‍ പുരോഗതി താനേ അധോഗതിയാകും.
അതുകൊണ്ടു രാജാവിന്റെ (ഇപ്പോള്‍ സര്‍ക്കാരിന്റെ) ഭരണ വികസന നയങ്ങള്‍ എപ്പോഴും ധര്‍മ്മാടിസ്ഥാനത്തില്‍ ആകണം. ഉദാഹരണത്തിന്, സൂര്യവംശ രാജാക്കന്മാരുടെ നികുതി നിയമം നോക്കുക.
‘സഹസ്ര ഗുണം ഉത്സൃനഷ്ടം
ആദത്തേ ഹി രസം രവീ’ (കാളിദാസന്‍, രഘുവംശം)
ആയിരം മടങ്ങു മഴയായി തിരിച്ചു നല്‍കാന്‍ വേണ്ടിയാണ് സൂര്യന്‍ കടലില്‍ നിന്ന് വെള്ളമെടുക്കുന്നത്. എടുക്കുന്നിടത്തു മാത്രമല്ല കടലിലും കരയിലുമെല്ലാം മഴ നല്‍കുന്നു. നികുതി പിരിക്കുമ്പോള്‍ അത് നല്‍കുന്നവര്‍ക്ക് മാത്രമല്ല, നല്‍കാത്ത പാവപ്പെട്ടവര്‍ക്കും രാജാവ് (സര്‍ക്കാര്‍)ക്ഷേമം നല്‍കുന്നു. ഇങ്ങനെ പിരിക്കുന്ന നികുതിപ്പണം ജനക്ഷേമത്തിനായി ചെലവഴിക്കണം. പ്രകൃതിദുരന്തങ്ങള്‍ വരുമ്പോള്‍ ജനങ്ങളില്‍ നിന്ന് അധിക നികുതി ഈടാക്കാമെന്നു കൗടില്യന്‍ പറയുന്നു. പക്ഷേ അങ്ങനെ പിരിക്കുന്ന തുക രാജാവിനും അയാളുടെ ബന്ധുമിത്രാദികള്‍ക്കും (ഇപ്പോള്‍ പാര്‍ട്ടിക്കാര്‍ക്ക്) ഖജനാവിലെ ഉദ്യോഗസ്ഥന്മാര്‍ക്കും ഉള്ളതല്ല.
ദീനദയാല്‍ ഉപാധ്യായുടെ ഏകാത്മ മാനവ വാദത്തില്‍ സമ്പത്തിന്റെ അമിതപ്രഭാവവും അഭാവവും നല്ലതല്ല എന്ന് പറയുന്നു. ‘അര്‍ഥായാം’ എന്നാണു ഈ അവസ്ഥയെ അദ്ദേഹം വിളിക്കുന്നത്.
ചാണക്യന്‍ പറഞ്ഞിരിക്കുന്നത്, ”എങ്ങനെയാണോ ശലഭം
പൂവില്‍ നിന്ന് തേന്‍ ശേഖരിക്കുന്നത്, അതുപോലെ വേണം രാജാവ് ജനങ്ങളില്‍ നിന്ന് നികുതി പിരിക്കേണ്ടത്” എന്നാണ്. പൂവ് അറിയാതെയാണ് ശലഭം തേന്‍ വലിച്ചെടുക്കുന്നത്. ജനങ്ങള്‍ക്ക് വിഷമം വരാതെ വേണം നികുതി ഈടാക്കാന്‍.
‘അര്‍ഥസ്യ ദാസോ പുരുഷോ
ദാസസ്യ അര്‍ഥോ ന കസ്യചിത്
ഇതിസത്യം മഹാരാജാ
ബദ്ധോ വ്യര്‍ഥേന കൗരവൈ’ (മഹാഭാരതം, ഭീഷ്മ പര്‍വ്വം)
യുദ്ധ സമയത്തു യുധിഷ്ഠിരന്‍ ദ്രോണരുടെയും ശല്യരുടെയും അടുത്തു ചെന്ന് ഇരുവരെയും സ്വപക്ഷത്തേക്ക് ക്ഷണിക്കുമ്പോള്‍ പറയുന്ന മറുപടിയാണിത്്. ”അല്ലയോ യുധിഷ്ഠിരാ, എല്ലാവരും പണത്തിന്റെ അടിമകളാണ്. എന്നാല്‍ പണം ആരുടെയും അടിമയല്ല. മഹാരാജാ, ഈ സത്യം മൂലം കൗരവരോട് ഞങ്ങള്‍ പണത്തിനാല്‍ ബദ്ധരായിരിക്കുന്നു, അല്ലെങ്കില്‍ കടപ്പെട്ടിരിക്കുന്നു. അവരാണ് ഞങ്ങള്‍ക്ക് അന്നം നല്‍കുന്നത്. അതുകൊണ്ടു ഞങ്ങളുടെ കൂറും അവിടെയായിരിക്കും.” സാധാരണക്കാര്‍ക്ക് ധര്‍മ്മമല്ല, അര്‍ത്ഥമാണ് പ്രധാനം. അതുകൊണ്ടാണ് പതിനൊന്ന് അക്ഷൗഹിണി പടയും ഒട്ടേറെ മഹാരഥികളും ഉണ്ടായിട്ടും കൗരവര്‍ യുദ്ധത്തില്‍ തോറ്റത്.
ഓം ശത ഹസ്ത സമാഹരഃ
സഹസ്ര ഹസ്ത സംകിരഃ
കൃതസ്യ കാര്യസ്യ ചേഹഃ
സ്ഫതിം സമാവഹഃ
(അഥര്‍വ്വം,3 .24 .5)
നൂറു കൈകള്‍ കൊണ്ട് സമാഹരിക്കുന്നത് ആയിരം കൈകള്‍ കൊണ്ട് വിതരണം ചെയ്യാനായിരിക്കണം. അങ്ങിനെ സമൃദ്ധി കരകവിഞ്ഞൊഴുകട്ടെ.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: