പേട്ട: പുലയനാര്‍ക്കോട്ട നെഞ്ചുരോഗ ആശുപത്രി തെരുവുനായ്‌ക്കളുടെ വ്യവഹാരകേന്ദ്രമായി മാറുന്നു. ആശുപത്രിയിലെത്തുന്ന രോഗികളും ജീവനക്കാരും ഇവരെ അകറ്റി ഓടിച്ചാല്‍ മാത്രമേ ആശുപത്രി വരാന്തയില്‍ക്കൂടി നടക്കാന്‍ പോലും കഴിയുകയുള്ളൂവെന്ന സ്ഥിതിയാണുള്ളത്. ഇവയെ പിടിച്ച് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്നതില്‍ നഗരസഭയിലും അലംഭാവമാണുള്ളത്.
നഴ്‌സിംഗ് സൂപ്രണ്ട് ഓഫീസ് പ്രവര്‍ത്തിക്കുന്നയിടത്തും പത്താം വാര്‍ഡിലുമാണ് നായ്‌ക്കള്‍ കേന്ദ്രമാക്കിയിരിക്കുന്നത്. രണ്ട് ഗ്രൂപ്പുകളായിട്ടാണ് ഇവ വ്യവഹരിക്കുന്നത്. ഇവര്‍ പരസ്പരം കണ്ടുമുട്ടിയാല്‍ കടിപിടികൂടുന്നതും പതിവാണ്. ഈ സമയത്തുള്ള നായ്‌ക്കളുടെ കുര അഡ്മിറ്റയിരിക്കുന്ന രോഗികള്‍ക്ക് ബുദ്ധിമുട്ട് ഉളവാക്കുകയും ചെയ്യുന്നു.
ക്യാന്റീനില്‍ പോകുന്നതും സന്ധ്യ കഴിഞ്ഞാല്‍ വാര്‍ഡിനുള്ളില്‍ നിന്ന് പുറത്തിറങ്ങുന്നതും ഭയപ്പാടോടെയാണ്. ഇവയുടെ കടിയേല്‍ക്കാനുള്ള സാഹചര്യം തള്ളിക്കളയാന്‍ സാധിക്കില്ലെന്ന് രോഗികള്‍ പറയുന്നു. നിലവില്‍ പത്തിലേറെ നായ്‌ക്കള്‍ ഉള്ളതായിട്ടാണ് വിവരം. ആശുപത്രി അധികൃതരുടെ അറിയിപ്പില്‍ പാലോടുള്ള ഡോഗ് റെസ്‌ക്യൂ സെന്ററില്‍ നിന്ന് ടീം വന്നെങ്കിലും ഇവയെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. തുടര്‍ന്ന് നഗരസഭയില്‍ വിവരം നല്‍കിയതിലുള്ള പ്രവര്‍ത്തനത്തില്‍ ഇതുവരെ നാല് നായ്‌ക്കള്‍ക്ക് പ്രതിരോധ വാക്‌സിന്‍ എടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇവിടെയുള്ള എല്ലാ നായ്‌ക്കള്‍ക്കും വാക്‌സിനെടുത്താല്‍ ഒരു പരിധിവരെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ കഴിയും. ബാക്കിയുള്ളവയ്‌ക്ക് വാക്‌സിനെടുക്കാനുള്ള നടപടി സ്വീകരിക്കുമെന്ന അറിയിപ്പ് നഗരസഭയില്‍ നിന്നും ലഭിച്ചിട്ടുള്ളതായി ആശുപത്രി സൂപ്രണ്ട് പറഞ്ഞു.
എന്നാല്‍ നഗരസഭ നടപടി വൈകുകയാണെന്നാണ് പരക്കെയുള്ള അഭിപ്രായം. മാത്രവുമല്ല പ്രതിരോധ വാക്‌സിന്റെ കാലാവധി ഒരു വര്‍ഷമാണ്. അതുകൊണ്ടുതന്നെ കാലാവധി കഴിയുന്ന മുറയ്‌ക്ക് നായ്‌ക്കള്‍ക്ക് വാക്‌സിനെടുത്താല്‍ മാത്രമേ ശാശ്വത പരിഹാരമുണ്ടാവുകയുള്ളൂ. ഇപ്പോള്‍ തന്നെ നിരന്തര ഇടപെടലിലാണ് നാല് നായ്‌ക്കള്‍ക്ക് വാക്‌സിനെടുത്തത്. റെസ്‌ക്യൂ സ്‌ക്വാഡ് വരുമ്പോള്‍ നായ്‌ക്കള്‍ പിടികൂടാനായി നിന്ന് കൊടുക്കില്ല. അവയെ കാത്തിരുന്ന് പിടികൂടിയാല്‍ മാത്രമേ ദൗത്യം പൂര്‍ത്തീകരിക്കാന്‍ കഴിയുകയുള്ളൂ. നഗരസഭാ ജീവനക്കാരില്‍ നിന്ന് ഇത്തരത്തിലുള്ള പ്രവര്‍ത്തനമില്ലായെന്നും ചില ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: