പിണറായി വിജയന് രണ്ടുവട്ടം തുടര്‍ച്ചയായി മുഖ്യമന്ത്രി സ്ഥാനത്തുണ്ട്. തികഞ്ഞ നിരീശ്വരവാദിയായി പറയപ്പെടുന്ന അദ്ദേഹം, ഇക്കഴിഞ്ഞ ശ്രീകൃഷ്ണജയന്തിയില്‍ വിശ്വാസികള്‍ക്ക് ആശംസ നേര്‍ന്നു. ”ശ്രീകൃഷ്ണന് എന്ന സങ്കല്പ്പ”ത്തെക്കുറിച്ച് ഓര്‍മ്മിപ്പിച്ചായിരുന്നു ആശംസ. ഗുരുവായൂര്‍ ക്ഷേത്ര തിരുനടയില്‍നിന്ന് ”ആ വെളിച്ചം കാണുന്നിടത്താണോ നിങ്ങടെ കൃഷ്ണന്” എന്ന് ചോദിച്ചയാളാണ് മുഖ്യമന്ത്രി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കയറിയിട്ടില്ല. മറ്റു പലരും മതേതരരും മതരഹിതരും നിരീശ്വരരും ഒക്കെയായി അഭിനയിച്ചപ്പോഴും രഹസ്യമായി ക്ഷേത്രദര്‍ശനവും മറ്റ് ആരാധനാലയ സന്ദര്‍ശനവും നടത്തിയിട്ടുള്ളതായി പറഞ്ഞുകേട്ടിട്ടുണ്ട്. ഭാര്യയ്ക്ക് ഈശ്വര വിശ്വാസം സംരക്ഷിക്കാന്‍ ഭര്‍ത്താവായി കൂടെ ക്ഷേത്രപരിസരത്ത് പോയവരുണ്ട്. അതല്ല ഇവിടെ വിഷയം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ദല്‍ഹിയില്‍ സന്ദര്‍ശിച്ചപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്, അരിവാള്‍ ചുറ്റിക നക്ഷത്രം എന്ന സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് ചിഹ്നം ഒരു ശില്പമാക്കി അദ്ദേഹത്തിന് നല്കിയിരുന്നെങ്കില് നരേന്ദ്ര മോദി അത് സ്വീകരിക്കുമായിരുന്നോ? സ്വീകരിച്ചില്ലെങ്കില്‍, എല്ലാവര്‍ഷവും റിപ്പബ്ലിക് ഡേയില്‍ കേരളത്തിന്റെ ഫ്ളോട്ട് പ്രദര്‍ശിപ്പിക്കാന്‍ കേന്ദ്രത്തിലെ ബജെപി സര്‍ക്കാര്‍ അനുമതി നല്‍കിയില്ല എന്ന് പ്രതിവര്‍ഷ കുപ്രചാരണം നടത്തുന്നതുപോലെ ഒരു സാധ്യതയുണ്ടാകുമായിരുന്നു. പക്ഷേ പിണറയി വിജയന് പ്രധാനമന്ത്രിക്ക് സമ്മാനിച്ചത് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാവിഗ്രഹത്തിന്റെ മാതൃകയായിരുന്നു. (പിണറായി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലും പോയിട്ടില്ല കേട്ടോ). ആരായിരിക്കും, എന്തായിരിക്കും ഈ സമ്മാനം തിരഞ്ഞെടുക്കാന്‍ കാരണം. ആന, നെറ്റിപ്പട്ടം, ചുണ്ടന്‍വള്ളം, പ്രകൃതിദൃശ്യങ്ങള്‍ തുടങ്ങിയ പതിവ് ‘മതേതര പ്രതീകങ്ങള്‍’ വിട്ട് ശ്രീപത്മനാഭസ്വാമിയെ ചുമക്കാന്‍ കേരളത്തിലെ കമ്യൂണിസ്റ്റ് ഭരണത്തിന്റെ മാര്‍ക്സിസ്റ്റ് തലവനെ എന്താണ് പ്രേരിപ്പിച്ചതെന്നത് ചിന്തിക്കേണ്ട വിഷയമാണ്.
രണ്ട് പഴയകാല സംഭവങ്ങള്‍, വായനക്കാര്‍ക്ക് ഓര്‍മ്മിക്കാന്‍ കുറിക്കട്ടെ. 1997 ല്‍ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ഇ.കെ. നായനാര്‍ റോമില്‍ സന്ദര്‍ശനം നടത്തി, ജോണ്‍ പോള്‍ മാര്‍പ്പാപ്പയെ കണ്ട് കൈപിടിച്ചപ്പോള്‍ സമ്മാനിച്ചത് ശ്രീമദ് ഭഗവദ്ഗീതയുടെ പകര്‍പ്പായിരുന്നു. പോപ്പ് തിരികെ കൊടുത്തത് കൊന്തയും. സാക്ഷിയായി പിണറായി വിജയനും പി.ജെ. ജോസഫും ഉണ്ടായിരുന്നു. ഇരുവരും നായനാര്‍ മന്ത്രിസഭയിലെ മന്ത്രിമാരായിരുന്നു. മറ്റൊന്ന് 1956 ലെ നിയമസഭാ തെരഞ്ഞെടുപ്പാണ്. ശബരിമലയില്‍ തീവെയ്പ്പുണ്ടായി. 1950 മെയ് മാസമായിരുന്നു അത്. അഗ്നിബാധയുടെ കാരണം കണ്ടെത്താന്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കമ്മീഷനെ നിയോഗിച്ചെങ്കിലും റിപ്പോര്‍ട്ട് പുറത്തുവിട്ടില്ല. 56 ലെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രഖ്യാപിച്ചു: അധികാരത്തില്‍ വന്നാല്‍ ശബരിമല തീവയ്പ്പ് കേസന്വേഷണ റിപ്പോര്‍ട്ട് ഞങ്ങള്‍ പുറത്തുവിടും. പതിറ്റാണ്ടുകള്‍ പഴയ രാഷ്ട്രീയ കരുനീക്കങ്ങളുടെ ചരിത്രമാണവ. വിശദീകരിക്കുന്നില്ല, വായനക്കാര്‍ക്കു വിടുന്നു.
എന്നാല്‍, മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച, വയനാട്ടിലെ പ്രകൃതിക്ഷോഭ ദുരന്തങ്ങള്‍ പരിഹരിക്കാനുള്ള സഹായ പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ പിന്തുണ തേടിയായിരുന്നു. അവിടെയാണ് ‘ശ്രീപത്മനാഭസ്വാമി’യുടെ പ്രസക്തി പ്രത്യേകം ശ്രദ്ധിക്കേണ്ടത്. പ്രധാനമന്ത്രി വയനാട്ടില്‍ നേരിട്ട് വന്നുകണ്ടതാണ്. ഭരണനിര്‍വഹണക്രമം പാലിച്ചാണെങ്കില്‍ കേരളം കേന്ദ്രസര്‍ക്കാരിന് ഒരു റിപ്പോര്‍ട്ട് കൊടുക്കണം, അതില്‍ അതിസൂക്ഷ്മ വിവരങ്ങള്‍ ഉണ്ടാകണം, ചെയ്യാന്‍ പോകുന്ന പരിപാടിയും പദ്ധതിയും വിശദീകരിക്കണം, അതിനു വരുന്ന ചെലവുകള്‍ക്ക് കണക്കവതരിപ്പിക്കണം. കേന്ദ്രസര്‍ക്കാര്‍ വിദഗ്ധരെ നിയോഗിച്ച് ഇപ്പറഞ്ഞതൊക്കെ വിലയിരുത്തും, പഠിക്കും, സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ തമ്മിലുള്ള ഫെഡറല്‍ സംവിധാനത്തിലെ ചട്ടങ്ങളും ചിട്ടകളും പാലിച്ച് സഹായം നല്‍കും. ചിലപ്പോള്‍ പ്രത്യേക സാഹചര്യം പരിഗണിച്ച് പ്രത്യേക സഹായവും ലഭ്യമാകും. അതിന് മുഖ്യമന്ത്രി ശ്രീപത്മനാഭസ്വാമി വിഗ്രഹ മാതൃകയുമായി ദല്‍ഹിക്കു പോയി പ്രധാനമന്ത്രിയെ കണ്ട് ചര്‍ച്ച നടത്തേണ്ടതില്ല.
പക്ഷേ, കേരളത്തിന്റെ കാര്യത്തില്‍ അത് വേണ്ടിവരുമെന്ന് കേരള മുഖ്യമന്ത്രിക്ക് തോന്നാം. കാരണങ്ങള്‍ മൂന്നാണ്. ഒന്ന്: കേന്ദ്രസര്‍ക്കാര്‍ കേരളത്തിനെതിരാണെന്ന് പറഞ്ഞു പറഞ്ഞ്, അങ്ങനെയൊരു തോന്നല്‍ സംസ്ഥാന സര്‍ക്കാരിനും ഔദ്യോഗികമായി വന്നുപോയി, അത് സര്‍ക്കാര്‍ നയിക്കേണ്ടയാളിനെയും ‘ബാധിച്ചു.’ രണ്ട്: ഈ നടപടികളില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ട്; നാളത്തെ രാഷ്ട്രീയ പ്രചാരണത്തിനുള്ള വട്ടം കൂട്ടലാണത്; മുദ്രാവാക്യം അതുതന്നെ- ‘കേരളത്തെ കേന്ദ്രം അവഗണിക്കുന്നു.’ മൂന്ന്: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി നില്ക്കുന്ന കേരള സര്‍ക്കാരിന് മുന്നില്‍ നാളെയ്ക്ക് എല്ലാ വഴിയും അടഞ്ഞുകിടക്കുകയാണ്. അവസാനശ്വാസംവരെ നിലപാടില്‍ മാറ്റമില്ലാതെ തുടരുന്നവരെക്കുറിച്ച് പറയാറില്ലേ, ‘മര്‍ക്കടമുഷ്ടി’ക്കാരെന്ന്. ‘കുരങ്ങന്റെ മുറുക്കിപ്പിടിക്കല്‍’ എന്നാണര്‍ത്ഥം. നിശ്ചയിച്ചുറച്ച് പിടിച്ചാല്‍ വിടില്ലത്രേ കുരങ്ങന്റെ കൈപ്പിടി. ഏതുവിധേനയും ആത്മീയതയെത്തകര്‍ക്കുകയെന്ന ഭൗതികവാദ തത്ത്വസംഹിതയാണ് മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും. നേരിട്ട് നടത്തിയിരുന്ന എതിര്‍പ്പുകളും പ്രതിരോധങ്ങളും രഹസ്യമായി, ആസൂത്രിതമായി, താഴേത്തട്ടില്‍ നടപ്പിലാക്കുന്നതാണ് ഇപ്പോഴത്തെ തന്ത്രം. കേരളത്തിലെ ആരാധനാലയങ്ങളില്‍ (ഹൈന്ദവ ആരാധനാലയങ്ങളില്‍ എന്ന് പ്രത്യേകം പറയണം) കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടത്തുന്ന ഒളിപ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നവര്‍ക്ക് അത് ബോധ്യപ്പെടും. ഒരുവശത്ത് രാമായണമാസാചരണവും ശ്രീകൃഷ്ണജയന്തിയും സമാജ ഉത്സവങ്ങളായി മാറുമ്പോള്‍, അവ കേന്ദ്രീകരിക്കുകയും ശാക്തീകരിക്കുകയും ചെയ്യേണ്ട ഹൈന്ദവാരാധനാലയങ്ങളില്‍ ആരുടെ അജണ്ട നടപ്പാക്കുന്നു, ആര് അവ നിയന്ത്രിക്കുന്നുവെന്ന് ചോദിച്ചാല്‍, ചിന്തിച്ചാല്‍ അന്വേഷിച്ചാല്‍ കാര്യങ്ങള്‍ തിരിച്ചറിയാനാവും. (പാലക്കാട് പെരളശ്ശേരിയില്‍, ക്ഷേത്രത്തില്‍നിന്ന് ശ്രീകൃഷ്ണജയന്തി ശോഭായാത്ര ആരംഭിക്കാന്‍ അനുമതി നിഷേധിച്ചത് ഒറ്റപ്പെട്ട സംഭവമല്ലെന്നോര്‍ക്കണം). ക്ഷേത്രങ്ങള്‍ സര്‍ക്കാരില്‍നിന്ന്, ദേവസ്വം ഭരണത്തില്‍നിന്ന് മോചിപ്പിക്കണമെന്ന മുദ്രാവാക്യത്തിന്റെ ഉടമസ്ഥര്‍ ഒരുകാലത്ത് ഹിന്ദുമതവിശ്വാസികളായിരുന്നു. കമ്മ്യൂണിസ്റ്റ് ഭരണത്തില്‍, ക്ഷേത്രങ്ങള്‍ നാട്ടുകാരില്‍നിന്നും സര്‍ക്കാരില്‍നിന്നും മോചിപ്പിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലേക്ക് കൈമാറിക്കഴിഞ്ഞിരിക്കുന്നുവെന്നതാണ് വാസ്തവം. ആ രഹസ്യ അജണ്ടയുടെ ആസൂത്രണം നടന്ന നാളില്‍ ‘അനന്തപത്മനാഭസ്വാമി ക്ഷേത്ര’ത്തെ ‘ചുമട്ടുചരക്കായി’ തലയില്‍ കയറ്റിക്കഴിഞ്ഞവരുടെ നേതാവായാണ് പിണറായി വിജയന് ദല്‍ഹിക്കു പോയപ്പോള്‍ ‘പത്മനാഭസ്വാമി വിഗ്രഹ മാതൃക’ കൈയില്‍ കരുതിയത്. കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സ്വത്ത് പണയംവയ്ക്കാനോ വില്‍ക്കാനോ തയ്യാറാകണമെന്ന ആവശ്യം പരത്തിയത് സോഷ്യല്‍ മീഡിയയിലെ കുട്ടിസഖാക്കളാണെങ്കില്‍ അതിന്റെ ആശയം ഉയര്‍ത്തിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളായിരുന്നു എന്നോര്‍മ്മിക്കണം. ഇതിനപ്പുറം ആ വിഷയത്തില്‍ പറയാന്‍ ഇവിടെ പരിമിതികള്‍ ഏറെയുണ്ട്.
അതായത്, ഭഗവദ്ഗീതയും ചുമന്ന് മാര്‍പ്പാപ്പയെ കാണാന്‍ പോയ 1997 ല്‍ ഒരു ലക്ഷ്യമുണ്ടായിരുന്നു. 1956 ല്‍ ശബരിമല റിപ്പോര്‍ട്ട് കാര്യത്തില്‍ ലക്ഷ്യമുണ്ടായിരുന്നു. ഇപ്പോള്‍ പത്മനാഭസ്വാമിയെ ചുമന്നതിലും ഒരു ലക്ഷ്യമുണ്ട്. പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കള്‍, സുവര്‍ണ സമ്പത്തുക്കള്‍ പ്രദര്‍ശനവസ്തുവാക്കാനും അതിന് സംസ്ഥാന സര്‍ക്കാര്‍ മുതല്‍മുടക്കി ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താനും തീരുമാനിച്ച് നീക്കങ്ങള്‍ നടത്തിയ ഒരു കാലമുണ്ടായിരുന്നുവെന്നത് ഓര്‍മ്മിക്കണം.
കേരളം കേന്ദ്രത്തോട് ദുരിതപരിഹാരത്തിന് സഹായം ചോദിക്കാന്‍ ചെല്ലുമ്പോള്‍, ആവുന്നത്ര സഹായം കേന്ദ്രസര്‍ക്കാര്‍ ചെയ്യട്ടെ എന്ന് ആഗ്രഹിക്കാനേ ഏതാരാള്‍ക്കും തോന്നൂ. കാരണം അത്ര വലിയ ദുരന്തമാണ് സംഭവിച്ചത്. എന്നാല്‍, കേരളത്തിന് 2000 കോടി, പ്രത്യേക പാക്കേജ് എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ ഉയര്‍ത്തുമ്പോള്‍, അത് യുക്തിഭദ്രമായില്ലെങ്കില്‍ ലക്ഷ്യം കണ്ടില്ലെന്നുവരാം. കേരളം ന്യൂദല്‍ഹിയിലെത്തുമ്പോള്‍ നര്‍മ്മദ നദി കരകവിഞ്ഞൊഴുകി, ഗുജറാത്തിലെ 25 ജില്ലകള്‍ വെള്ളത്തിലാണ്. മധ്യപ്രദേശും നര്‍മ്മദയില്‍ മുങ്ങിയിട്ടുണ്ട്. യുപിയില്‍ വന്‍തോതില്‍ മഴവെള്ളമുണ്ടായി. അതായത്, പ്രകൃതിക്ഷോഭത്തില്‍, എല്‍നിനോ, ലാനിനാ എന്നിങ്ങനെ സമുദ്രാന്തരീക്ഷ താപവുമായി ബന്ധപ്പെട്ട പ്രകൃതി പ്രതിഭാസത്തെത്തുടര്‍ന്ന് അതിവൃഷ്ടിയുണ്ടായിക്കൊണ്ടിരിക്കുകയാണ് രാജ്യത്തെമ്പാടും. കേരളത്തിലെ സ്ഥിതി മറ്റൊന്നാണെങ്കിലും കേരളത്തിന്റെ പലമടങ്ങ് വലുതായ സംസ്ഥാനങ്ങളുടെ കാര്യമാണ് പറഞ്ഞത്. അപ്പോള്‍ ദുരന്തനിവാരണ, ദുരിതപരിഹാര സഹായങ്ങളുടെ കാര്യത്തില്‍ സംസ്ഥാനങ്ങളോട് കേരളത്തിന്റെ ‘വിവേചനം’ വിഷയമായുള്ള വിവാദങ്ങളായിരിക്കും വരാന്‍ പോകുന്നത് എന്നുവേണം രാഷ്ട്രീയമായി നോക്കുമ്പോള്‍ കരുതാന്‍.
ഇവിടെ ഏറെ പ്രസക്തമായ മറ്റൊരു വിഷയമുണ്ട്. ദേശീയതലത്തില്‍ നദികളെ സംയോജിപ്പിക്കുന്ന ബൃഹദ് പദ്ധതി നാളെയുടെ ആവശ്യമാണെന്ന് സംസ്ഥാനങ്ങള്‍ തിരിച്ചറിയുന്നതെന്നായിരിക്കും? നദികള്‍ സംരക്ഷിക്കപ്പെടണം. നദികള്‍ സംയോജിക്കപ്പെടണം. അത് അനിവാര്യമാണ്. പരിസ്ഥിതി മാറുമ്പോള്‍ ഭൂമിശാസ്ത്ര ഘടനയില്‍ വ്യത്യാസം വരുമ്പോള്‍, കാലാവസ്ഥാ ഭേദമുണ്ടാകുമ്പോള്‍ കക്ഷിഭേദങ്ങളും പ്രാദേശിക ഭിന്നതകളും മറന്ന് ദേശീയ നദീസംയോജന പദ്ധതി നടപ്പിലാക്കിയാല്‍ ജനവാസ വ്യവസ്ഥക്ക്, ആഭ്യന്തര ഉല്‍പ്പാദനത്തിലൂടെ കാര്‍ഷിക- വ്യവസായ മേഖലക്ക്, ആകെ ജനതയുടെ സാമൂഹ്യസ്ഥിതിക്ക് മാറ്റമുണ്ടാകും. പക്ഷേ ദുരന്താനന്തര സേവനങ്ങളിലാണ് കമ്പമെന്നു വന്നാല്‍ ആത്യന്തിക ഫലം എന്തായിരിക്കും?
പിന്കുറിപ്പ്:
യുപി 10 കോടി രൂപയും മധ്യപ്രദേശ് 20 കോടിയും കേരളത്തിന് സഹായം കൊടുത്തു. അവരും വെള്ളപ്പൊക്ക- പ്രകൃതിക്ഷോഭ പ്രശ്നങ്ങളില്‍ മുങ്ങിക്കിടക്കുമ്പോഴാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: