Kerala

തീവ്ര ന്യൂനമര്‍ദം കര കയറി; അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, അസ്‌ന ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക്

Published by

കൊച്ചി: അറബിക്കടലില്‍ 48 വര്‍ഷത്തിനു ശേഷം ആഗസ്തില്‍ രൂപമെടുത്ത ന്യൂന മര്‍ദം ഒമാന്‍ സമീപത്തേക്കു നീങ്ങിയതോടെ ഗുജറാത്ത് അടക്കമുള്ളയിടങ്ങളില്‍ മഴ കുറഞ്ഞു. നിലവില്‍ പടിഞ്ഞാറ്, തെക്കുപടിഞ്ഞാറ് ദിശയില്‍ നീങ്ങുന്ന ചുഴലിക്കാറ്റ് ഇന്നു രാവിലെ മുതല്‍ ദുര്‍ബലമാകാന്‍ തുടങ്ങും. നാളെ രാവിലയോടെ ശക്തി കുറഞ്ഞ് തീവ്ര ന്യൂനമര്‍ദമായി അറബിക്കടലിന്റെ വടക്കു പടിഞ്ഞാറന്‍ മേഖലയിലെത്തും. ഒമാനില്‍ ഈ തീവ്ര ന്യൂനമര്‍ദം കര കയറി നാശം വിതയ്‌ക്കുമെന്നു പ്രവചനങ്ങളുണ്ട്.

അതേ സമയം ഇന്നലെ പുലര്‍ച്ചയോടെ ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദം കര കയറി. തെക്കന്‍ ഒഡീഷ, വടക്കന്‍ ആന്ധ്ര തീരത്തു കൂടിയാണ് ന്യൂനമര്‍ദം കര കയറിയത്. വിശാഖ പട്ടണത്തിനും ഗോപാല്‍പുരിനുമിടയിലൂടെ കലിംഗ പട്ടണത്തിനു സമീപമാണ് ന്യൂനമര്‍ദ്ദം കര തൊട്ടത്. ന്യൂനമര്‍ദം കരയോടടുത്തതോടെ ആന്ധ്ര, തെലങ്കാന, ഒഡീഷ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ ശക്തമായ മഴയാണ്.

സംസ്ഥാനത്ത് ഇന്ന് അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍. ഇന്നലെ വടക്കന്‍ ജില്ലകളില്‍ രാവിലെ മുതല്‍ ഇടവേളയില്ലാതെ മഴ ലഭിച്ചിരുന്നു. ഉച്ചയ്‌ക്കു ശേഷം മധ്യ-തെക്കന്‍ ജില്ലകളിലെ വിവിധയിടങ്ങളില്‍ മഴയെത്തി. ഇടുക്കി, എറണാകുളം, പത്തനംതിട്ട ജില്ലകളുടെ ഭാഗങ്ങളിലായിരുന്നു ഇടിയോടു കൂടിയ ശക്തമായ മഴ. പ്രധാനമായും മലയോര മേഖലകളില്‍. വരും ദിവസങ്ങളിലും മലയോര മേഖലകളില്‍ ഇടവിട്ടു മഴ തുടരും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by