ന്യൂദല്‍ഹി: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയാന്‍ രാജ്യത്തുള്ളത് കര്‍ശന നിയമങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേസുകളില്‍ വേഗത്തില്‍ തീരുമാനമെടുത്താല്‍ അത്രയുമധികം സുരക്ഷിതത്വം അവര്‍ക്കുറപ്പാക്കാനാകും. ജില്ലാ ജുഡീഷ്യറിയുടെ ദേശീയ സമ്മേളനം ഭാരത് മണ്ഡപത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും കുട്ടികളുടെ സുരക്ഷയും സമൂഹത്തില്‍ ഗൗരവമുള്ള ആശങ്കയുയര്‍ത്തുന്നതാണ്. 2019ല്‍ അതിവേഗ കോടതികള്‍ സ്ഥാപിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഇവര്‍ക്കു നീതി വേഗത്തില്‍ ലഭ്യമാക്കാനാണ്. ക്രിമിനല്‍ നീതിന്യായ സംവിധാനത്തിന്റെ ഏകോപനത്തിനായി ജില്ലാ ജഡ്ജിയും ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും ചേര്‍ന്നുള്ള നിരീക്ഷണ സമിതികള്‍ക്ക് ഏറെ പങ്കുണ്ട്. എല്ലാവര്‍ക്കും നീതി ഉറപ്പാക്കുക എന്നതാണ് ആവശ്യം. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട കേസുകളില്‍ അതിവേഗത്തില്‍ വിധിയുണ്ടാകണം.
രാജ്യത്തെ ജില്ലാ കോടതികളില്‍ കെട്ടിക്കിടക്കുന്നത് നാലരക്കോടി കേസുകളാണ്. നീതി ന്യായ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 8,000 കോടി രൂപ ചെലവഴിച്ചു. കഴിഞ്ഞ കാല്‍ നൂറ്റാണ്ടില്‍ ജുഡീഷ്യല്‍ മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ ചെലവിട്ട തുകയുടെ 75 ശതമാനവും കഴിഞ്ഞ പത്തു വര്‍ഷം കൊണ്ട് ചെലവഴിച്ചതാണ്. പത്തു വര്‍ഷത്തിനുള്ളില്‍ 7,500 കോടതി മുറികളും 11,000 റെസിഡന്‍ഷ്യല്‍ യൂണിറ്റുകളും ജില്ലാ നീതിന്യായ വകുപ്പിനായി തയാറാക്കി. കോടതികളുടെ ഡിജിറ്റല്‍വത്കരണവുമുണ്ടായി.
സുപ്രീംകോടതിയുടെ 75 വര്‍ഷങ്ങള്‍ ജനാധിപത്യത്തിന്റെ മാതാവായ ഭാരതത്തിന്റെ കീര്‍ത്തി വര്‍ധിപ്പിക്കുന്നു. കൊളോണിയല്‍ ചിന്താഗതിയില്‍ നിന്ന് രാജ്യത്തെ ക്രിമിനല്‍ നിയമങ്ങള്‍ മോചിക്കപ്പെട്ടിരിക്കുന്നു, മോദി കൂട്ടിച്ചേര്‍ത്തു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ബി.ആര്‍. ഗവായ്, കേന്ദ്ര നിയമ മന്ത്രി അര്‍ജ്ജുന്‍ രാം മേഘ്‌വാള്‍, അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരമണി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: