കാലഹരണപ്പെട്ടുപോയ സോഷ്യലിസ്റ്റ് വ്യവസ്ഥിതിയിലും ഇപ്പോഴത്തെ മുതലാളിത്ത വ്യവസ്ഥിതിയിലും പ്രകൃതി ധ്വംസനമാണ് കൂടുതല്‍ നടന്നതും, നടക്കുന്നതും. മുതലാളിത്ത വ്യവസ്ഥിതിയില്‍ യാതൊരു ധാര്‍മ്മികതയുമില്ലാതെ അമിത ലാഭത്തിന് അമിത പ്രാധാന്യം നല്‍കുന്നു. അതിന്റെ ഫലമായി പ്രകൃതിയെ കുത്തിത്തുരന്നും വെട്ടിപ്പിളര്‍ന്നും ഞെക്കിപ്പിഴിഞ്ഞും ലാഭം കുന്നു കൂട്ടാനുള്ള മാര്‍ഗ്ഗമായി സാമ്പത്തിക വികസനത്തെ കാണുന്നു. കാലഹരണപ്പെട്ട സോഷ്യലിസ്റ്റ് വ്യവസ്ഥിതിയില്‍ പ്രകൃതി മനുഷ്യന്റെ ആവശ്യങ്ങളെ പൂര്‍ത്തീകരിക്കാനുള്ള വെറും ജീവനില്ലാത്ത പദാര്‍ത്ഥമായിരുന്നതിനാല്‍ എത്ര ചൂഷണം ചെയ്താലും കുറ്റമില്ലായിരുന്നു. രണ്ടു വ്യവസ്ഥിതികളും പ്രകൃതിയെ അന്യമായി കണ്ടതിനാല്‍ രണ്ടിലും വികസനം കേവലം മനുഷ്യ കേന്ദ്രീകൃതവും യാന്ത്രികവുമായിരുന്നു. 1950-കളിലും 60 -കളിലും 70-കളിലും നേടിയ പുരോഗതിയുടെ(?) ഫലമാണ് ഇന്ന് നാം നേരിടുന്ന കാലാവസ്ഥാ വ്യതിയാനവും, ആഗോള താപനവും. പ്രകൃതിയെ അന്യമായി കാണുന്നതാണ് ഈ രണ്ടു വ്യവസ്ഥിതികളുടെയും സ്വഭാവം. അതുകൊണ്ടു മനുഷ്യനും പ്രകൃതിയും ഒരേ ചൈതന്യത്തിന്റെ വ്യത്യസ്ത ഭാവങ്ങളാണെന്നു കരുതുന്ന ഭാരതീയ പരിസ്ഥിതി ദര്‍ശനത്തിന് ഇക്കാലത്ത് വളരെയേറെ പ്രസക്തിയുണ്ട്.
ഭാരതീയ വികസന സങ്കല്‍പ്പത്തിന് ആധുനിക യുഗത്തില്‍ വളരെ പ്രാധാന്യവും പ്രസക്തിയുമുണ്ട്. 2018 ല്‍പ്രസിദ്ധീകരിച്ച ലോക സമാധാന റിപ്പോര്‍ട്ടില്‍ കണ്ടെത്തിയത്, ലോക വരുമാനത്തിന്റെ 17.5 ശതമാനം (14.1 ട്രില്യണ്‍ ഡോളര്‍) യുദ്ധത്തിനും യുദ്ധക്കെടുതികള്‍ക്കും വേണ്ടി ചെലവഴിച്ചു എന്നാണ്. ഈ തുക ആരോഗ്യത്തിനും ഭക്ഷണത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി ചെലവഴിച്ച തുകയേക്കാള്‍ കൂടുതലാണെന്നറിയുമ്പോഴാണ് ലോക വികസനം എത്ര അപകടകരമാണെന്ന് മനസ്സിലാകുന്നത്. അഞ്ചു ഗ്രാം കൊറോണ വൈറസ് വിചാരിച്ചാല്‍ എണ്ണൂറ് കോടിയില്‍ പരം ജനങ്ങളെ മുട്ടില്‍ നിര്‍ത്താന്‍ സാധിക്കുമെന്നും നാം അനുഭവിച്ചറിഞ്ഞു. റൈറ്റ് സഹോദരന്മാര്‍ സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്ത കാര്യം ഇസ്ലാമിക തീവ്രവാദികള്‍ ചെയ്തു. ഒരു വിമാനത്തിന് മനുഷ്യന്‍ നിര്‍മ്മിച്ച ഏറ്റവും വലിയ കെട്ടിടത്തെ ഇടിച്ചു നിരപ്പാക്കാന്‍ സാധിക്കുമെന്ന് പുതിയ ലോകം നമ്മെ പഠിപ്പിച്ചു. അപ്പോള്‍ ഒരു കാര്യം തീര്‍ച്ചയാക്കുക; റോഡും കാറും ബാറും പാര്‍ക്കും അംബരചുംബികളും ആകാശ വാഹനങ്ങളും നിര്‍മ്മിത ബുദ്ധിയും മെഷീന്‍ ലേണിങ്ങും മാത്രമല്ല വികസനം. ഇവയൊക്കെ, പ്രകൃതിയെ നിലനിര്‍ത്തിക്കൊണ്ടുള്ള മനുഷ്യനന്മക്കും കൂടി ഉപയോഗിക്കപ്പെടുമ്പോഴാണ് യഥാര്‍ത്ഥ വികസനം നേടുന്നത്.
ആധുനിക മനുഷ്യ സന്തോഷ സൂചിക കണ്ടെത്തുന്നതിന് മുന്‍പ് തന്നെ ഭാരതത്തില്‍ മനുഷ്യശാന്തിയെ കണ്ടെത്തിയിരുന്നു. സന്തോഷത്തിനു ശേഷം സംതൃപ്തിയും സംതൃപ്തിയിലൂടെ ശാന്തിയും നേടുകയെന്നതാണ് ഭാരതീയ സമീപനം. വികസനം എന്ന് പറഞ്ഞാല്‍ പാശ്ചാത്യ മാതൃകയനുസരിച്ചു വരുമാനം കൂട്ടുകയെന്നതായിരുന്നു ആദ്യകാലത്തു ലക്ഷ്യം. ഒപ്പം വളര്‍ച്ചാ നിരക്കിലെ വര്‍ധനവും ലക്ഷ്യമായിരുന്നു. വളര്‍ച്ചാ നിരക്കില്‍ നിന്നും വികസന സങ്കല്‍പ്പത്തിലേക്കു സമൂഹം എത്തിയപ്പോള്‍, സാമ്പത്തിക വളര്‍ച്ചയോടൊപ്പം സാമൂഹ്യ മാനദണ്ഡങ്ങളായ ആരോഗ്യവും വിദ്യാഭ്യാസവുമൊക്കെ പരിഗണിക്കാന്‍ തുടങ്ങി. വീണ്ടും വികസനം സുസ്ഥിര വികസനത്തിലെത്തിയപ്പോള്‍ പരിസ്ഥിതിയും, ഒപ്പം തന്നെ ധാര്‍മ്മികതയും നൈതികതയും ആധ്യാത്മികതയുമൊക്കെ വികസനത്തിന്റെ മാനദണ്ഡങ്ങളായി.
എല്ലാ ധനത്തിന്റെയും സ്രോതസ്സ് പ്രകൃതിയാണ്. സൂര്യന്‍, വായു,ചൂട്, വെളിച്ചം, ഭൂമി, വനം, നദി സമുദ്രം മുതലായവയാണ് യഥാര്‍ത്ഥത്തില്‍ ധനം. ഇതൊന്നും മനുഷ്യന്‍ സൃഷ്ടിച്ചതല്ലാത്തതിനാല്‍ ഇത് നശിപ്പിക്കാനും മനുഷ്യനാവകാശമില്ല.
പരമ വൈഭവം എന്നതാണ് ഭാരതീയ വികസനാദര്‍ശം. വിഭവ സമൃദ്ധി അതിന്റെ പാരമ്യത്തില്‍ എത്തുമ്പോള്‍ രാഷ്‌ട്രത്തില്‍ എല്ലാ ജീവജാലങ്ങളും സന്തോഷത്തില്‍ ആറാടും. ലോക ക്ഷേമമാണ് ഇവിടെ ലക്ഷ്യം. ‘ലോകാഃ സമസ്താഃ സുഖിനോ ഭവന്തുഃ.’ അതിനു വേണ്ടി വിശ്വത്തെ മുഴുവന്‍ ഒരു കുടുംബമായി കാണണം. അതാണ് ‘വസുധൈവ കുടുംബകം.’ സ്വന്തം കുടുംബത്തില്‍ ധര്‍മ്മിഷ്ഠരായ ആരും പരസ്പരം ചൂഷണം ചെയ്യാറില്ലല്ലോ. ചൂഷണരഹിതമായി, ദോഹനത്തില്‍ അധിഷ്ഠിതമായിട്ടുള്ള സമൂഹത്തില്‍ എല്ലാവരും അവനവന്റെ ആവശ്യങ്ങള്‍ സാധിക്കാന്‍ വേണ്ടി മാത്രം വിഭവങ്ങള്‍ യജ്ഞരൂപത്തില്‍ ആര്‍ജ്ജിച്ചുപ്രയോഗിക്കുന്നു. യജ്ഞരൂപത്തില്‍ ആര്‍ജ്ജിക്കുമ്പോള്‍ അഥവാ ദോഹനം ചെയ്യുമ്പോള്‍, എടുക്കുന്നതിനൊപ്പം കൊടുക്കുകയും ചെയ്യണം. വൃക്ഷങ്ങള്‍ വെട്ടുന്നതിനൊപ്പം വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കുന്നതാണ് യജ്ഞരൂപേണയുള്ള ധനസമാഹരണം. ധനം സമാഹരിച്ചുപയോഗിക്കുമ്പോള്‍ തനിക്കും മറ്റുള്ളവര്‍ക്കും അത് ഉപകാരപ്പെടണം. അപ്പോഴാണ് ‘പരോപകാരമേ പുണ്യം’ എന്ന മഹാഭാരത വചനം അന്വര്‍ത്ഥമാകുന്നത്. മറിച്ചായാല്‍ അത് പാപമാണ്. പാപം പരപീഡനമാണ്. ഇത് തന്നെയാണ് ശ്രീരാമകൃഷ്ണ ദേവന്‍ ‘ആത്മനോ മോക്ഷാര്‍ത്ഥം ജഗത് ഹിതായച’ എന്ന് പറഞ്ഞപ്പോള്‍ ഉദ്ദേശിച്ചത്. ആത്മമോക്ഷത്തിന് വേണ്ടി വ്യക്തികള്‍ ചെയ്യുന്നത് ലോകഹിതത്തിനും കൂടിയാകണം. ശ്രീനാരായണ ഗുരുവും ‘അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരന്നു സുഖത്തിനായി വരേണ’മെന്നു പറഞ്ഞപ്പോഴും ഇത് തന്നെ ലക്ഷ്യമാക്കി. ഇങ്ങനെയുള്ള സമൂഹത്തില്‍ യോഗക്ഷേമം (ീെരശമഹ ംലഹളമൃല) എളുപ്പമാണ്. കാരണം ഭൗതിക വികസനവും (പ്രേയസ്സ്) ആധ്യാത്മിക പുരോഗതിയും (ശ്രേയസ്സ്) അവിടെ ഒരുമിച്ചു നേടാന്‍ കഴിയും. ഇവിടെ മനുഷ്യര്‍ക്ക് ശാന്തിയുണ്ടാകും. ഇങ്ങനെയുള്ള സമൂഹത്തില്‍,
‘സ്ത്രീയാശ്ചാ പുരുഷാഃ മാര്‍ഗ്ഗം സര്‍വാലങ്കാര ഭൂഷിതാഃ
നിര്‍ഭയാഃ പ്രതിപദ്യന്തേ യാദാ രക്ഷതിഭൂമി
പാഃ (മഹാഭാരതം, ശാന്തിപര്‍വ്വം). സര്‍വ്വാലങ്കാര ഭൂഷിതയായ, സുന്ദരിയായ സ്ത്രീക്ക് പാതിരാസമയത്തും പുരുഷന്റെ തുണയില്ലാതെ നിര്‍ഭയം നഗരങ്ങളിലെ വീഥികളിലൂടെ വിഹരിക്കാന്‍ കഴിയുന്നിടമാണ് നല്ല ഭരണം നടക്കുന്ന രാജ്യം. ഇതാണ് നല്ല മനസ്ഥിതിയുള്ള ആളുകളുള്ള വ്യവസ്ഥിതിയുടെ ലക്ഷണം. രണ്ടു വയസ്സായ പെണ്‍കുട്ടിക്കും എണ്‍പതു വയസ്സായ വൃദ്ധക്കും വഴി നടക്കാന്‍ കഴിയാത്ത വ്യവസ്ഥിതി ഒരിക്കലും ഒരു ക്ഷേമരാഷ്‌ട്രമാകില്ല.
ഇതിന്റെയര്‍ത്ഥം, നല്ല ഭൗതിക പുരോഗതിയുണ്ടാകണമെങ്കില്‍ നല്ല മനസ്ഥിതിയുണ്ടാകണം എന്നാണ്. ഭൗതിക മൂലധനവും, മനുഷ്യ മൂലധനവും ഒപ്പം തന്നെ സാമൂഹ്യ മൂലധനവും ഇതിനെയൊക്കെ പുഷ്ടിപ്പെടുത്താന്‍ ആധ്യാത്മിക മൂലധനവും കൂടിയുണ്ടെങ്കില്‍ മാത്രമേ വളര്‍ച്ച വികസനത്തിലേക്കും വികസനം പുരോഗതിയിലേക്കും പുരോഗതി ശ്രേയസിലേക്കും നയിക്കുകയുള്ളു. ഇന്നത്തെ ലോകസ്ഥിതി എന്തെന്നാല്‍ വരുമാനത്തില്‍ വളര്‍ച്ചയും വികസനത്തില്‍ വര്‍ധനവും പുരോഗതിയില്‍ വേഗതയുണ്ട്, പക്ഷേ മനസ്സിന് സുഖവും സമാധാനവുമില്ല.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: