Kerala

സിനിമാ മേഖലയിലെ നിയമ പരിരക്ഷയും തൊഴില്‍ സുരക്ഷിതത്വവും: സര്‍ക്കാര്‍ ആശയക്കുഴപ്പത്തില്‍

Published by

കോട്ടയം: സിനിമാ സെറ്റുകളില്‍ ആഭ്യന്തര പരാതി പരിഹാര സെല്ലുകള്‍ രൂപീകരിക്കാനും സിനിമ നിര്‍മാണ മേഖലയെ ഒരു നിശ്ചിത ചട്ടക്കൂട്ടില്‍ കൊണ്ടുവരാനുമുള്ള പ്രവര്‍ത്തനങ്ങള്‍ താത്്കാലികമായി ഉയര്‍ന്നുവരുന്ന പ്രതിഷേധം ശമിപ്പിക്കുന്നതിനപ്പുറം ഫലം ചെയ്യുമെന്ന് സര്‍ക്കാര്‍ പോലും കരുതുന്നില്ല. കുറഞ്ഞ കാലയളവില്‍ നൂറുകണക്കിന് പേര്‍ ഒത്തുകൂടുകയും തിരക്കഥ തയ്യാറാക്കുന്നത് മുതല്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ വരെ പൂര്‍ത്തിയാകുമ്പോള്‍ പിരിഞ്ഞു പോവുകയും ചെയ്യുന്നതാണ് ഒരു സിനിമാ നിര്‍മാണസംവിധാനം. മറ്റേതെങ്കിലും സ്വകാര്യസ്ഥാപനത്തിന്റേതുപോലെ ദീര്‍ഘകാലമായ പ്രവര്‍ത്തനമോ നിയതമായ തൊഴില്‍ നിയമനമോ സിനിമ നിര്‍മ്മാണത്തിന്റെ കാര്യത്തിലില്ല. കരാറുകളുടെ പുറത്ത് കൂടിചേരുന്നവര്‍ ആ കാലാവധി കഴിയുമ്പോള്‍ നിറുത്തി പോവുകയാണ്. നിര്‍മ്മാതാവിന്‌റെയും സംവിധായകന്‌റെയും മാര്‍ക്കറ്റിംഗ് താല്‍പര്യങ്ങളാണ് സെറ്റില്‍ നടപ്പാവുക. വിപണിയുടെ ട്രെന്‍ഡനുസരിച്ച് താരമൂല്യമുള്ളവരെ ഉള്‍പ്പെടുത്തിയാല്‍ മാത്രമേ മുടക്കുമുതലെങ്കിലും തിരികെ പിടിക്കാനാവൂ. പഴയതു പോലെ സ്ഥിരം നിര്‍മ്മാണ കമ്പനികള്‍ പോലും നിലവില്‍ വിരളമാണ്. ഈ സാഹചര്യത്തില്‍ ഇതിനൊക്കെ നിയമ പരിരക്ഷയും തൊഴില്‍ സുരക്ഷിതത്വവുമൊക്കെ ഒരുക്കുക എങ്ങനെയെന്നതാണ് സര്‍ക്കാരിനെ ആശയക്കുഴപ്പത്തിലാക്കുന്ന കാര്യം.
കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, കേരള ഫിലിം ചേംബര്‍, അമ്മ എന്നിവയുടെ പ്രതിനിധികളുമായുള്ള ചര്‍ച്ചയില്‍ ആഭ്യന്തര പരിഹാര സമിതി രൂപീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത് പാലിക്കാത്തവര്‍ക്ക് 50000 രൂപയാണ് പിഴ ചുമത്താന്‍ നിര്‍ദേശിക്കുന്നത് . ഇത് സംബന്ധിച്ച ചട്ട രൂപീകരണം നടത്തുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക