കേരളത്തെ പതിറ്റാണ്ടുകളായി ആശങ്കയിലാഴ്‌ത്തിക്കൊണ്ടിരിക്കുന്ന ഒന്നാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട്. അണക്കെട്ട് സുരക്ഷിതമാണെന്നും, അതല്ല എപ്പോള്‍ വേണമെങ്കിലും പൊട്ടാമെന്നും വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ട്. ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവന്‍ അപകടത്തിലാവുമെന്നത് മുന്‍നിര്‍ത്തി കാലഹരണപ്പെട്ട അണക്കെട്ട് ഡി-കമ്മിഷന്‍ ചെയ്ത് പുതിയ അണക്കെട്ട് നിര്‍മിക്കണമെന്ന ആവശ്യം വളരെ ശക്തമാണ്. എന്നാല്‍ അയല്‍ സംസ്ഥാനമായ തമിഴ്‌നാട് ഈ ആവശ്യത്തെ നഖശിഖാന്തം എതിര്‍ക്കുകയാണ്. കേരളം മാറി മാറി ഭരിച്ചവര്‍ പ്രശ്‌നത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ തയ്യാറാവുന്നുമില്ല. ഓരോ മഴക്കാലത്തും മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയരുമ്പോള്‍ കേരളം ആശങ്കയുടെ മുള്‍മുനയിലാവുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു കൂസലും തമിഴ്‌നാടിനില്ല. ജലനിരപ്പ് എത്ര വേണമെങ്കിലും ഉയര്‍ത്താമെന്നതാണ് അവരുടെ നിലപാട്. ഇപ്പോഴത്തെ നിലയ്‌ക്ക് മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് എന്തെങ്കിലും ഒരു തീരുമാനമെടുക്കണമെങ്കില്‍ സുപ്രീംകോടതിയുടെ അനുമതി വേണം. കേരളവും തമിഴ്‌നാടും കക്ഷിയായ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഏറ്റവുമൊടുവില്‍ വയനാട് ഉരുള്‍പൊട്ടി വലിയ ദുരന്തം സംഭവിച്ചപ്പോള്‍ മുല്ലപ്പെരിയാര്‍ പ്രശ്‌നം വീണ്ടും ചര്‍ച്ചാവിഷയമാവുകയുണ്ടായി. മുല്ലപ്പെരിയാറില്‍ ആശങ്കിക്കുന്നതുപോലെ എന്തെങ്കിലും സംഭവിച്ചാല്‍ അത് ഒരു മഹാദുരന്തമായിരിക്കുമെന്നതില്‍ സംശയമില്ല.
മുല്ലപ്പെരിയാര്‍ അണക്കെട്ട് കാലഹരണപ്പെട്ട ഒരു നിര്‍മിതിയാണെന്ന സത്യം അംഗീകരിക്കാതിരുന്നിട്ടു കാര്യമില്ല. അണക്കെട്ട് പലതരത്തില്‍ ദുര്‍ബലപ്പെട്ടിട്ടുണ്ട് എന്നു വാദിക്കുന്നവര്‍ മുന്നോട്ടുവയ്‌ക്കുന്ന വസ്തുതകള്‍ നിഷേധിക്കാനാവില്ല. എപ്പോള്‍ വേണമെങ്കിലും അത്യാഹിതം സംഭവിക്കാവുന്ന ഒരു ജലബോംബാണ് അതെന്ന് ചിലരൊക്കെ പറയുന്നതില്‍ അതിശയോക്തിയില്ല. പക്ഷേ കേരളത്തിലെ ഭരണാധികാരികളും ചില രാഷ്‌ട്രീയക്കാരും ലാഘവബുദ്ധിയോടെയാണ് ഈ പ്രശ്‌നത്തെ കാണുന്നത്. ഇതിന് പല കാരണങ്ങളുള്ളതായി പറയപ്പെടുന്നുണ്ട്. കേരളത്തിലെ ചില രാഷ്‌ട്രീയക്കാര്‍ക്ക് തമിഴ്‌നാടില്‍ വന്‍തോതില്‍ ഭൂമിയുണ്ടെന്നും, അവരുടെ സ്ഥാപിത താല്‍പ്പര്യം മുല്ലപ്പെരിയാര്‍ പ്രശ്‌നത്തെ നിസ്സാരവല്‍ക്കരിക്കുന്നതിനു പിന്നിലുണ്ടെന്നും മാധ്യമവാര്‍ത്തകള്‍ വന്നിട്ടുണ്ട്. മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ കേരളത്തിലെ ഭരണാധികാരികളെ തമിഴ്‌നാട് സര്‍ക്കാര്‍ വഴിവിട്ട രീതിയില്‍ സ്വാധീനിക്കുന്നു എന്ന ആക്ഷേപവും ശക്തമാണ്. കാലാവധി കഴിഞ്ഞ കരാര്‍ തമിഴ്‌നാടിന് അനുകൂലമായി നീട്ടിക്കൊടുത്തത് കേരളം ഭരിച്ചവരുടെ പിടിപ്പുകേടല്ല, തുച്ഛമായ രാഷ്‌ട്രീയ താല്‍പ്പര്യം മുന്‍നിര്‍ത്തിയുള്ള കീഴടങ്ങലായിരുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ താഴെ അനേകായിരങ്ങള്‍ ഭീതിയോടെ കഴിയുകയാണെന്നത് ഇവര്‍ കാണാതെ പോവുകയായിരുന്നു. ആശങ്കപ്പെടാനില്ല എന്ന് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുവെന്നല്ലാതെ യാതൊരു വിധത്തിലുള്ള സുരക്ഷാ മുന്‍കരുതലുകളും ഇപ്പോഴത്തെ ഇടതുമുന്നണി സര്‍ക്കാര്‍ എടുക്കുന്നില്ല.
അത്യന്തം നിരാശാജനകമായ ഈ സാഹചര്യത്തില്‍ രാജ്യത്തെ പ്രമുഖ ടെക്‌നോക്രാറ്റായ മെട്രോമാന്‍ ഇ. ശ്രീധരന്‍ മുന്നോട്ടുവച്ച ഒരു നിര്‍ദേശം അടിയന്തര പ്രാധാന്യം നല്‍കി പരിഗണിക്കേണ്ടതാണ്. സഹസ്രകോടികള്‍ ചെലവഴിച്ച് പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിനു പകരം ഡാമില്‍ 100 അടിയില്‍ ടണല്‍ പണിത് പ്രശ്‌നം പരിഹരിക്കാമെന്നാണ് കോഴിക്കോട് ഹിന്ദു നാഷണല്‍ ലീഗ് സംഘടിപ്പിച്ച ‘പശ്ചിമഘട്ട സംരക്ഷണവും മുല്ലപ്പെരിയാര്‍ ഭീഷണിയും’ എന്ന സെമിനാറില്‍ ഇ.ശ്രീധരന്‍ മുന്നോട്ടുവച്ച നിര്‍ദേശം. പുതിയ ഡാം നിര്‍മാണത്തിന് വന്‍തുക വേണ്ടിവരുമെന്നതിനു പുറമെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ വര്‍ഷങ്ങളെടുക്കുകയും ചെയ്യും. എന്നാല്‍ ടണല്‍ നിര്‍മാണം വളരെ വേഗം പൂര്‍ത്തിയാക്കാം. ഇങ്ങനെയായാല്‍ തമിഴ്‌നാടിന് വെള്ളം കൊണ്ടുപോകാന്‍ പ്രയാസവുമുണ്ടാവില്ല. ഡാം ഇപ്രകാരം നവീകരിച്ചാല്‍ അരനൂറ്റാണ്ടിനുശേഷം പുതിയ ഡാം നിര്‍മിച്ചാല്‍ മതിയെന്നും മെട്രോമാന്‍ പറയുന്നു. ബന്ധപ്പെട്ടവര്‍ ഇതിനു തയ്യാറായാല്‍ ജനങ്ങളുടെ ഭീതി അകറ്റാനാകും. തമിഴ്‌നാടിന് വെള്ളവും ലഭിക്കും. കേന്ദ്ര സര്‍ക്കാരും തമിഴ്‌നാടും സുപ്രീംകോടതിയും തന്റെ നിര്‍ദേശം സ്വീകരിക്കുമെന്ന് ശ്രീധരന്‍ പ്രതീക്ഷ പ്രകടിപ്പിച്ചിരിക്കുകയാണ്. പ്രശ്‌നം സുപ്രീംകോടതിയുടെ മുന്നിലെത്തിക്കാനും, തമിഴ്‌നാടിനെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താനും കേരള സര്‍ക്കാര്‍ മുന്‍കയ്യെടുക്കണം. ഒരു കാരണവശാലും ഇതിന് കാലതാമസം വരുത്തരുത്. കേരളത്തിലെ ജനങ്ങള്‍ക്കുവേണ്ടി ഒരു നല്ല കാര്യം ചെയ്തുവെന്ന് ആശ്വസിക്കുകയും ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: