കൊച്ചി: പാകിസ്ഥാനിലെ ചാരവനിതയ്ക്ക് നിര്‍ണ്ണായകമായ വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്ത കൊച്ചിന് ഷിപ് യാര്‍ഡിലെ രണ്ട് മലയാളികളെ എന്‍ഐഎ അറസ്റ്റ് ചെയ്തു. വിശാഖപട്ടണം കപ്പല്‍നിര്‍മ്മാണശാലയിലെ രഹസ്യങ്ങളാണ് ഇവര്‍ പാകിസ്ഥാന് ചാരവനിതയ്ക്ക് ചോര്‍ത്തിക്കൊടുത്തത്. കൊച്ചിന് ഷിപ് യാര്‍ഡിലെ താല്‍ക്കാലിക ജീവനക്കാരാണ് ഇവര്‍. ഇവര്‍ക്ക് അസമിലെ ഒരാളുമായി ബന്ധമുണ്ടായിരുന്നതായും പറയുന്നു. ഇതേ കേസില്‍ 2023 ഡിസംബറില്‍ കൊച്ചിന് ഷിപ് യാര്‍ഡിലെ ഇലക്ട്രോണിക് മെക്കാനിക്കിനെയും അറസ്റ്റ് ചെയ്തിരുന്നു.
എന്‍ഐഎ സംഘം ഷിപ് യാര്‍ഡും ജീവനക്കാര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സും മറ്റ് പ്രസക്തമായ സ്ഥലങ്ങളും പരിശോധിച്ചു
ഒരാളെ രഹസ്യകേന്ദ്രത്തില്‍ എന്‍ഐഎ ചോദ്യം ചെയ്യുകയാണ്. ഐഎന്‍എസ് വിക്രാന്ത് എന്ന പടക്കപ്പല്‍ ഉള്‍പ്പെടെ ഒട്ടേറെ കപ്പലുകള്‍ നിര്‍മ്മിക്കുന്ന, വിദേശ കപ്പലുകളുടേതുള്‍പ്പെടെ അറ്റകുറ്റപ്പണികള്‍ നടത്തുന്ന കേന്ദ്രമാണ് കൊച്ചിന് ഷിപ് യാര്‍ഡ്. വിവരങ്ങള്‍ കൊച്ചിന് ഷിപ് യാര്‍ഡില്‍ നിന്നും ചോരുന്നതായി മനസ്സിലാക്കിയതോടെയാണ് എന്‍ഐഎ രംഗത്തെത്തിയത്.
നിര്‍ണ്ണായകമായ പ്രതിരോധ വിവരങ്ങളുടെ സുരക്ഷ സംബന്ധിച്ച് വലിയ ആശങ്ക ഉളവായിരിക്കുകയാണ്. 2019 സെപ്തംബറില്‍ ഐഎന്‍എസ് വിക്രാന്തില്‍ നിന്നും അഞ്ച് ഹാര്‍ഡ് ഡിസ്കും അഞ്ച് റാമുകളും മൈക്രോപ്രോസസറുകളും മോഷ്ടിക്കപ്പെട്ടിരുന്നു. നിരവധി കേബിളുകളും യന്ത്രഭാഗങ്ങളും മോഷ്ടിക്കപ്പെട്ടിരുന്നു. മോഷ്ടിക്കപ്പെട്ട ഹാര്‍ഡ് ഡ്രൈവുകളില്‍ ഇന്റഗ്രേറ്റഡ് പ്ലാറ്റ് ഫോം മാനേജ് മെന്റ് സിസ്റ്റത്തെ (ഐപിഎംഎസ്) കുറിച്ചുള്ള സുപ്രധാനവിവരങ്ങള്‍ അടങ്ങിയിരുന്നു. ഓണ്‍ബോര്‍ഡ് ഷിപ്പുകളില്‍ ഉപയോഗിക്കുന്ന നിര്‍ണ്ണായക കംപ്യൂട്ടര്‍ സംവിധാനമാണിത്.
തന്ത്രപ്രധാന കപ്പല്‍ ഭാഗങ്ങളുടെ ഫോട്ടോകള്‍ ഈ മലയാളികള്‍ അയച്ചുകൊടുത്തിട്ടുണ്ട്. അതുപോലെ പ്രതിരോധക്കപ്പലുകള്‍ എത്തുന്നതിന്റെ ചിത്രങ്ങളും അയച്ചുകൊടുത്തിരുന്നു. കപ്പല്‍ ശാല സന്ദര്‍ശിക്കുന്ന വിവിഐപികളുടെ വിവരങ്ങള്‍, കപ്പല്‍ അറ്റകുറ്റപ്പണികളുടെ വിശദാംശങ്ങള്‍ എന്നിവയും പാകിസ്ഥാന് ചാരന്മാര്ക്ക് സമൂഹമാധ്യമം വഴി കൈമാറിയിരുന്നു. ഓണ്‍ലൈനായി ഇവരുമായി ബന്ധപ്പെട്ടിരുന്ന ഒരു സ്ത്രീക്കാണ് വിവരങ്ങള്‍ നല്‍കിയത്. ഇവര്‍ പാകിസ്ഥാന് ചാരവനിതയാണ്. . 2023 മാര്‍ച്ച് ഒന്നിനും ഡിസംബര്‍ 10നും ഇടയ്ക്കാണ് വിവരങ്ങള്‍ കൈമാറിയിട്ടുള്ളത്.
വളരെ നിര്‍ണ്ണായകമായ പ്രതിരോധ വിവരങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ചാരപ്രവര്‍ത്തനത്തിന്റെ ഭീഷണിയും എന്‍ഐഎയുടെ ഈ അന്വേഷണം ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുടെ ദേശീയ താല്പര്യം സംരക്ഷിക്കാന്‍ കര്‍ശനമായ സുരക്ഷാനടപടികള്‍ വേണമെന്നാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: