ന്യൂദൽഹി: കുക്കി ഗ്രൂപ്പുകളുടെ പ്രത്യേക ഭരണത്തിനായുള്ള ആവശ്യം തള്ളിക്കളഞ്ഞ് മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ്. വ്യാഴാഴ്ച ദേശീയ വാർത്ത ഏജൻസിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
മണിപ്പൂരിനെ കഠിനാധ്വാനികളുള്ള സംസ്ഥാനമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം ഇവിടുത്തെ പൂർവ്വികർക്ക് 2,000 വർഷത്തെ ചരിത്രമുണ്ടെന്ന് പറഞ്ഞു. ഈ സംസ്ഥാനം ഉണ്ടാക്കാൻ ഒരുപാട് ത്യാഗങ്ങൾ സഹിച്ചു. ഈ സംസ്ഥാനം തകർക്കാനോ പ്രത്യേക ഭരണം നടത്താനോ കഴിയില്ലെന്നും ഇത് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേ സമയം കുക്കികളുടെ ആവശ്യം അസന്ദിഗ്ധമായി നിരസിക്കുന്ന ആദ്യ സംഭവമാണിത്. ന്യൂദൽഹിയിൽ വ്യാഴാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിൽ കുക്കി-സോ സമുദായങ്ങളുടെ ചില പ്രതിനിധികൾ പുതുച്ചേരിയുടെ മാതൃകയിൽ നിയമസഭയുള്ള ഒരു കേന്ദ്രഭരണ പ്രദേശം സൃഷ്ടിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് മാത്രമാണ് സംഘർഷത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ഏക മാർഗമെന്ന് അവർ വാദിക്കുകയും ചെയ്തു. ഇതിനെ പൂർണ്ണമായും ഖണ്ഡിക്കുന്ന പ്രസ്താവനയാണ് ബിരേൻ സിങ് പറഞ്ഞിരിക്കുന്നത്.
കഴിഞ്ഞ വർഷം മെയ് മാസത്തിൽ പൊട്ടിപ്പുറപ്പെടുകയും മണിപ്പൂർ സമൂഹത്തെ മുമ്പെങ്ങുമില്ലാത്തവിധം ധ്രുവീകരിക്കുകയും ചെയ്ത വംശീയ അക്രമത്തിൽ ബിരേൻ സിംഗ് തന്റെ സമുദായത്തിനൊപ്പം നിന്നുവെന്ന് കുക്കികൾ ആരോപിച്ചു. എന്നിരുന്നാലും കുക്കികൾ താമസിക്കുന്ന സംസ്ഥാനത്തെ മലയോര മേഖലയ്‌ക്ക് പ്രത്യേക വികസന പാക്കേജിന് അദ്ദേഹം പിന്തുണ അറിയിച്ചിരുന്നു. വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സ്വയംഭരണ കൗൺസിലുകളിലൂടെ (മലയോര ജില്ലകളിൽ നിലവിലുള്ളത്) എന്തുചെയ്യാനാകുമെന്ന് നമുക്ക് നോക്കാമെന്ന് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
കൂടാതെ പ്രത്യേക പാക്കേജിനായി കേന്ദ്രത്തോട് അഭ്യർത്ഥിക്കുമെന്നും മലയോര മേഖലകളുടെ വികസനത്തിന്റെ ആവശ്യകത അംഗീകരിക്കുന്നതായും സിംഗ് പറഞ്ഞു. അതേ സമയം പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിലെ പക്ഷപാതമെന്ന ആരോപണം അദ്ദേഹം നിരസിച്ചു. അത് മെയ്തികളോ കുക്കികളോ നാഗകളോ ആകട്ടെ എല്ലാ സമുദായത്തിന്റെയും മുഖ്യമന്ത്രിയാണ് താനെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
കൂടാതെ മയക്കുമരുന്ന്, അനധികൃത കുടിയേറ്റക്കാർ, വനം കയ്യേറ്റക്കാർ എന്നിവയ്‌ക്കെതിരായ തന്റെ ഗവൺമെൻ്റിന്റെ അടിച്ചമർത്തൽ ചില ഘടകങ്ങൾ സാമൂഹിക അശാന്തിക്ക് കാരണമായി ഉപയോഗിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ മണിപ്പൂരിനെയും അവിടുത്തെ ജനങ്ങളെയും സംരക്ഷിക്കുക എന്നതാണ് താൻ ചെയ്തതെല്ലാമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ അഞ്ച്-ആറ് മാസങ്ങൾക്കുള്ളിൽ സമാധാനവും അനുരഞ്ജനവും പുനഃസ്ഥാപിക്കുമെന്ന് സിംഗ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: