തിരുവനന്തപുരം: ഉത്തര ദക്ഷിണ സംസ്ഥാനങ്ങള്‍ തമ്മില്‍ ഒരു വ്യത്യാസവുമില്ലന്ന് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന് കുന്നുമ്മല്‍. അയോധ്യയില്‍ പ്രാണ പ്രതിഷ്ഠക്ക് പോയപ്പോള്‍ അത് കൂടുതല്‍ ബോധ്യപ്പെട്ടു. കേസരി വാരിക സംഘടിപ്പിച്ച ബ്രിഡ്ജിംഗ് സൗത്ത് കോണ്‍ക്ലേവില്‍ ‘വിഘടനപരമായ ആഖ്യാനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ അക്കാദമിക് മേഖലയ്ക്കുള്ള പങ്ക്’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഗവേഷകരെ പ്രോത്സഹിപ്പിക്കുന്നതില്‍ പരാജയമാണെന്നും അവര്‍ക്ക് വേണ്ടത്ര പ്രോത്സാഹനം നല്‍കുന്നില്ല. മറ്റ് പല രാജ്യങ്ങളിലും ഗവേഷകരെ പ്രോത്സാഹിപ്പിക്കുന്നതിന് ഫണ്ട് ധാരാളമുണ്ട്. എന്നാല്‍ കേരളത്തില്‍ ഇതിനായി ഫണ്ടില്ലെന്നും കുന്നുമ്മല്‍ പറഞ്ഞു.
അക്കാദമിക് നിലവാരം ഇല്ലാത്തതിനാല്‍ കേരളത്തിലെ വിദ്യാര്‍ഥികള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് കുടിയേറുന്നതായി മഖന്‍ലാല്‍ ചതുര്‍വേദി നാഷണല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. കെ.ജി. സുരേഷ് പറഞ്ഞു.അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം അക്കാദമിക് നിലവാരവും ഉയരണം. കേരളം നൂറ് ശതമാനം സാക്ഷരത കൈവരിക്കുകയും സ്കൂള്‍ വിദ്യാഭ്യാസ നിലവാര ഇന്‍ഡക്സില്‍ കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തിട്ടുണ്ടെങ്കിലും അന്താരാഷ്ട്ര നിലവാരവുമായി തട്ടിച്ചു നോക്കുമ്പോള്‍ അത്ര മെച്ചമല്ല സംസ്ഥാനത്തെ സ്കൂള്‍ വിദ്യാഭ്യാസം. ഉന്നത വിദ്യാഭ്യാസത്തിന് കേരളത്തില്‍ നിന്നുള്ള ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ അയല്‍ സംസ്ഥാനങ്ങളെ ആശ്രയിക്കുമ്പോള്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള വിദ്യാര്‍ഥികളുടെ വരവ് പരിമിതമാണെന്നതും നമ്മുടെ പഠനനിലവാരത്തിന്റെ മാറ്റു കുറവിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് കൂടി സഹായകമായ രീതിയിലാണ് ആധുനിക രാഷ്ട്രങ്ങള്‍ തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സിലബസ് ചിട്ടപ്പെടുത്തുന്നതും വിദ്യാര്‍ഥികളുടെ പഠനനിലവാരം ഉയര്‍ത്തുന്നതും. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുക വഴി സാമ്പത്തിക വളര്‍ച്ച നേടിയ രാജ്യമാണ് അമേരിക്ക. രാജ്യത്തിനൊരു മുതല്‍ക്കൂട്ടാണ് ഇവിടങ്ങളിലെ വിദ്യാസമ്പന്നരായ ആളുകള്‍. അതേസമയം, കേരളത്തിലെ വിദ്യാസമ്പന്നരില്‍ ഏറെയും സംസ്ഥാനത്തിനും രാജ്യത്തിനും ഒരു ബാധ്യതയായി മാറുകയാണ്. ഉന്നത വിദ്യാഭ്യാസ മേഖലയുടെ പോരായ്മ മാത്രമല്ല ഈ വിദ്യാഭ്യാസ നിലവാരത്തകര്‍ച്ചക്ക് കാരണം. താഴേത്തട്ടിലെ കൂടി നിലവാരത്തകര്‍ച്ചയുടെ ഫലമാണ്. ഈ സാഹചര്യത്തില്‍ പഠനനിലവാരം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പദ്ധതികളും ആവിഷ്കരിക്കേണ്ടതുണ്ടെന്നും സുരേഷ് കുമാര്‍ പറഞ്ഞു.
പഠനനിലവാരം ഉയര്‍ത്താന്‍ ഏകീകൃത സിലബസ് കൊണ്ടുവരണമെന്ന് ജ്യോതിസ് ഗ്രൂപ്പ് ചീഫ് മാനേജിങ് ഡയറക്ടര്‍ ജ്യോതിഷ് ചന്ദ്രന് പറഞ്ഞു. സിലബസ് ഏകീകരിച്ച് പുതിയ പരിഷ്കാരം കൊണ്ടുവരണം. കാലഘട്ടത്തിന് അനിവാര്യമായതാണ് പഠനത്തില്‍ വേണ്ടത്. വിവിധ ബോര്‍ഡുകള്‍ പാഠപുസ്തകങ്ങള്‍ തയ്യാറാക്കുമ്പോള്‍ രാഷ്ട്രീയം കടന്നുവരുന്നു. അതാണ് കുട്ടികള്‍ പഠിക്കുന്നത്. സ്വാതന്ത്യത്തിന് ശേഷമുള്ള ഇന്ത്യയെ കുറിച്ച് കുട്ടികള്‍ക്ക് ധാരണയില്ല. അത് പഠിപ്പിക്കണം. കേരളത്തെ രണ്ടായി വിഭജിക്കണമെന്നുള്ള ചര്‍ച്ചകള്‍ സജീവമാണ്. മതത്തിന്റെ പേരില്‍ വിഘടിപ്പിക്കാനുള്ള നീക്കമുണ്ട്. ചിലര്‍ പുതിയ തലമുറയിലേക്ക് ഇത് കുത്തിവെയ്ക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഡോ. വി. രഞ്ജിത്ത് ഹരി, ഡോ. ലക്ഷ്മി വിജയന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: