Main Article

ബയോ ഉത്പാദന രംഗത്തെ കുതിപ്പിന് ബയോ ഇ 3 നയം

Published by

ഡോ. ജിതേന്ദ്ര സിങ്

ഭാവിയില്‍, ദൂരവ്യാപക സ്വാധീനം ഉളവാക്കിയേക്കാവുന്ന സുപ്രധാന സംരംഭത്തിന് മുന്നോടിയായി, ബയോടെക്നോളജി വകുപ്പിന്റെ (ഡിബിടി) ‘ബയോ ഇ3- സമ്പദ്വ്യവസ്ഥ, പരിസ്ഥിതി, തൊഴില്‍ എന്നിവയ്‌ക്കായി ജൈവ സങ്കേതികവിദ്യ നയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. സംശുദ്ധവും ഹരിതാഭവും സ്വയംപര്യാപ്തവുമായ ഭാരതത്തിനായി ജൈവ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ളതാണ് ഈ നയം. അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയെന്ന നിലയില്‍ ഭാരതത്തിന് ആഗോളതലത്തില്‍ സുപ്രധാന സ്ഥാനം ഇതുറപ്പാക്കും.

അമിത വിഭവ വിനിയോഗം, ഉപഭോഗം, മാലിന്യ ഉത്പാദനം എന്നിവയുടെ സുസ്ഥിരമല്ലാത്ത മാതൃക കാട്ടുതീ, ഹിമാനികളുടെ ഉരുകല്‍, ജൈവവൈവിധ്യ ശോഷണം തുടങ്ങിയ ആഗോള വിപത്തുക്കള്‍ക്ക് കാരണമായിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം, പുനരുല്‍പ്പാദിപ്പിക്കാനാകാത്ത വിഭവങ്ങള്‍, സുസ്ഥിരമല്ലാത്ത മാലിന്യ ഉത്പാദനം എന്നിവയുടെ വെല്ലുവിളി നിറഞ്ഞ പശ്ചാത്തലത്തില്‍ സംയോജിത ‘ബയോ ഇ3’ നയം, സുസ്ഥിര വളര്‍ച്ചയിലേക്കുള്ള നിര്‍ണായക ചുവടുവയ്‌പ്പാണ്. ഈ നയത്തിന്റെ പ്രധാന ലക്ഷ്യം രാസ-അധിഷ്ഠിത വ്യവസായങ്ങളെ സുസ്ഥിര ജൈവ-അധിഷ്ഠിത വ്യവസായ മാതൃകകളിലേക്ക് പരിവര്‍ത്തനം ചെയ്യുക എന്നതാണ്. ഇത് വര്‍ത്തുള ജൈവ സാമ്പത്തിക ശൃംഖലയെ പ്രോത്സാഹിപ്പിക്കും. കൂടാതെ മാലിന്യ നിക്ഷേപ കേന്ദ്രങ്ങള്‍, ഹരിതഗൃഹ വാതകങ്ങള്‍ മുതലായവയില്‍ നിന്നുള്ള പാഴ്‌വസ്തുക്കളെ സൂക്ഷ്മജീവാണുക്കളുപയോഗിച്ച് ജൈവ അധിഷ്ഠിത ഉത്പന്നങ്ങളായി മാറ്റുന്നതിലൂടെ നെറ്റ്-സീറോ കാര്‍ബണ്‍ ബഹിര്‍ഗമനം കൈവരിക്കുന്നതിന് പ്രചോദനമേകും.

കൂടാതെ, ബയോ ഇ3 നയം ഭാരതത്തിന്റെ ജൈവ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കും. ജൈവ അധിഷ്ഠിത ഉത്പന്നങ്ങളുടെ വ്യാപനത്തിനും വാണിജ്യവത്കരണത്തിനും സൗകര്യമൊരുക്കല്‍; മാലിന്യങ്ങള്‍ കുറയ്‌ക്കലും പുനരുപയോഗവും പുനഃചംക്രമണവും; ഭാരതത്തില്‍ ഉയര്‍ന്ന വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ കൂട്ടായ്മ വിപുലീകരിക്കല്‍; വന്‍തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍; ഒപ്പം സംരംഭകത്വ മുന്നേറ്റം സൃഷ്ടിക്കല്‍ എന്നിവയും ഈ നയം ലക്ഷ്യമിടുന്നു.

പ്രധാന സവിശേഷതകള്‍
1) ഉയര്‍ന്ന മൂല്യമുള്ള ജൈവ-അധിഷ്ഠിത രാസവസ്തുക്കള്‍, ബയോപോളിമറുകള്‍, എന്‍സൈമുകള്‍, സ്മാര്‍ട്ട് പ്രോട്ടീനുകളും ഫങ്ഷണല്‍ ഭക്ഷ്യ വിഭവങ്ങളും, ബയോതെറാപ്യുട്ടിക്‌സ്, കാലാവസ്ഥ മാറ്റത്തെ പ്രതിരോധിക്കുന്ന കൃഷിരീതി, കാര്‍ബണ്‍ പിടിച്ചെടുക്കലും അതിന്റെ ഉപയോഗവും, സമുദ്ര – ബഹിരാകാശ ഗവേഷണം തുടങ്ങി വിവിധ മേഖലകളിലുടനീളം തദ്ദേശീയ ഗവേഷണത്തിനും വികസന-കേന്ദ്രീകൃത സംരംഭകത്വത്തിനും പ്രോത്സാഹനവും പിന്തുണയും നല്കല്‍.
2) ജൈവ ഉത്പാദന സൗകര്യങ്ങള്‍, ബയോ ഫൗണ്ടറി ക്ലസ്റ്ററുകള്‍, ജൈവ നിര്‍മിത ബുദ്ധി (ബയോ-എഐ) ഹബ്ബുകള്‍ എന്നിവ സ്ഥാപിച്ച് സാങ്കേതിക വികസനവും വാണിജ്യവത്കരണവും ത്വരിതപ്പെടുത്തല്‍.
3) ധാര്‍മികവും ജൈവസുരക്ഷ സംബന്ധിച്ച വസ്തുതകളും പരിഗണിച്ച് സാമ്പത്തിക വളര്‍ച്ചയുടെ പുനരുല്‍പ്പാദന മാതൃകകള്‍ക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും മുന്‍ഗണന നല്കല്‍.
4) നിയന്ത്രണ-പരിഷ്‌കരണ നടപടികളെ ആഗോള മാനദണ്ഡങ്ങളുമായി സമന്വയിപ്പിക്കല്‍
കഴിഞ്ഞ ദശകത്തില്‍ ശക്തമായ സാമ്പത്തിക വളര്‍ച്ച പ്രകടമാക്കിയ ഭാരതത്തിന് നാലാം വ്യാവസായിക വിപ്ലവത്തിന്റെ ആഗോള നേതൃനിരയില്‍ മുന്‍പന്തിയില്‍ എത്താന്‍ അപാര സാധ്യതകളുമുണ്ട്. നമ്മുടെ ജൈവ സമ്പദ്വ്യവസ്ഥ 2014 ലെ 10 ശതകോടി ഡോളറില്‍ നിന്ന് 13 മടങ്ങ് വര്‍ധിച്ച് 2024ല്‍ 130 ശതകോടി ഡോളറായി ഉയര്‍ന്നു. 2030 ഓടെ വിപണി മൂല്യം 300 ശതകോടി ഡോളറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവിധ മേഖലകളിലായി ബയോ ഇ3 നയം നടപ്പാക്കുന്നത് രാജ്യത്തിന്റെ ജൈവ സമ്പദ്വ്യവസ്ഥയെ കൂടുതല്‍ ഉത്തേജിപ്പിക്കും. ഹരിത വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കും. പുതിയ സാങ്കേതിക വിദ്യകളും നൂതനാശയങ്ങളും പ്രയോജനപ്പെടുത്തിയാണ് രാജ്യത്തെ ഉയര്‍ന്ന പ്രവര്‍ത്തനശേഷിയുള്ള ജൈവ ഉത്പാദന സംരംഭങ്ങളെ പരിപോഷിപ്പിക്കുന്നതിനായുള്ള അടിത്തറ പാകുന്നത്. ‘മേക്ക് ഇന്‍ ഇന്ത്യ’ സംരംഭത്തിന്റെ പ്രധാന സ്തംഭമായി മാറുന്നതിനാണ് ജൈവ ഉത്പാദനം പ്രാഥമികമായി ലക്ഷ്യമിടുന്നത്.

വിവിധ മേഖലകളുടെ സംയോജിത സംരംഭം എന്ന നിലയില്‍ സൂക്ഷ്മാണുക്കള്‍, സസ്യങ്ങള്‍, മനുഷ്യകോശങ്ങള്‍, ജന്തു കോശങ്ങള്‍ എന്നിവയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി കുറഞ്ഞ കാര്‍ബണ്‍ പാദമുദ്ര മാത്രം സൃഷ്ടിച്ചുകൊണ്ട് ചെലവു കുറഞ്ഞ രീതിയില്‍ ജൈവ അധിഷ്ഠിത ഉത്പന്നങ്ങള്‍ വികസിപ്പിക്കാന്‍ ഇതിന് ശക്തിയുണ്ട്.

നൂതന നിര്‍മാണ സാങ്കേതികവിദ്യകളിലൂടെയും സഹകരണ പ്രയത്‌നങ്ങളിലൂടെയും ജൈവ അധിഷ്ഠിത ഉത്പന്നങ്ങളുടെ ഉത്പാദനം, വികസനം, വാണിജ്യവത്കരണം എന്നിവയെ ഉത്തേജിപ്പിക്കുന്ന കേന്ദ്രീകൃത സംവിധാനമായി ബയോ മാനുഫാക്ചറിങ് ഹബ്ബുകള്‍ പ്രവര്‍ത്തിക്കുമെന്ന് വിഭാവനം ചെയ്യുന്നു. ജൈവനിര്‍മാണ പ്രക്രിയകളുടെ തോത്, സുസ്ഥിരത, നൂതനാശയങ്ങള്‍ എന്നിവയുടെ ആക്കം വര്‍ധിപ്പിക്കുന്നതിന് വിഭവങ്ങള്‍, വൈദഗ്ധ്യം, സാങ്കേതികവിദ്യ എന്നിവയുടെ പങ്കാളിത്ത സമൂഹം സൃഷ്ടിക്കാന്‍ ഇത് സഹായിക്കും. ഈ ജൈവ ഉത്പാദന ഹബ്ബുകള്‍, ജൈവ അധിഷ്ഠിത ഉത്പന്നങ്ങളുടെ നിര്‍മാണം ‘ലാബ്-ടു-പൈലറ്റി’ല്‍ നിന്നും ‘പ്രീ-കൊമേഴ്സ്യല്‍ തല’ത്തിലേക്കുള്ള വിടവ് നികത്തും. ഈ പ്രക്രിയയില്‍ നവീന ആശയങ്ങള്‍ കൊണ്ടുവരികയും വികസിപ്പിക്കുകയും ചെയ്യുന്നതിലൂടെയും സ്റ്റാര്‍ട്ടപ്പുകള്‍, ചെറുകിട ഇടത്തരം സംരംഭങ്ങളിലും (എസ്എംഇ) സ്ഥാപിത നിര്‍മാതാക്കളിലും നിര്‍ണായക സ്വാധീനം ചെലുത്തും.

ജൈവ എന്‍ജിനിയറിങ് പ്രക്രിയകള്‍ക്കായി-അതായത്, പ്രാരംഭ രൂപകല്‍പ്പനയും പരീക്ഷണ ഘട്ടങ്ങളും മുതല്‍ പൈലറ്റ്, പ്രീ-കൊമേഴ്‌സ്യല്‍ ഉത്പാദനം വരെ വ്യത്യസ്ത ഘട്ടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വിപുലമായ ക്ലസ്റ്ററുകള്‍ സൃഷ്ടിക്കുന്നതിനെയാണ് ബയോ ഫൗണ്ടറി സൂചിപ്പിക്കുന്നത്. എംആര്‍എന്‍എ അടിസ്ഥാനമാക്കിയുള്ള വാക്‌സിനുകളുടെയും വ്യത്യസ്ത ഉപയോഗങ്ങള്‍ക്കായുള്ള പ്രോട്ടീനുകളുടെയും വന്‍ തോതിലുള്ള നിര്‍മാണം ബയോഫൗണ്ടറികളുടെ പ്രാധാന്യം വ്യക്തമാക്കുന്ന ഉദാഹരണങ്ങളാണ്. സ്റ്റാന്‍ഡേര്‍ഡ്, ഓട്ടോമേറ്റഡ് പ്രക്രിയകള്‍ ഉപയോഗിച്ച് ജൈവ സംവിധാനങ്ങളുടെ രൂപകല്പന, നിര്‍മാണം, ജീവികളിലെ പരീക്ഷണം എന്നിവയില്‍ ഈ ക്ലസ്റ്ററുകള്‍ വൈദഗ്ധ്യം നല്കും.

ഗവേഷണത്തിലും വികസനത്തിലും നിര്‍മത ബുദ്ധിയുടെ സംയോജനത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്രബിന്ദുവായി ബയോ- എഐ ഹബ്ബുകള്‍ പ്രവര്‍ത്തിക്കും. ജൈവ സാങ്കേതികവിദ്യ വൈദഗ്ധ്യം, അത്യാധുനിക അടിസ്ഥാനസൗകര്യങ്ങള്‍, നിര്‍മിത ബുദ്ധി , മെഷീന്‍ ലേണിങ് എന്നിവ ഉപയോഗിച്ച് ബയോളജിക്കല്‍ ഡാറ്റയുടെ സംയോജനത്തിനും സംഭരണത്തിനും വിശകലനത്തിനും ആവശ്യമായ പിന്തുണയും ഈ ഹബ്ബുകള്‍ നല്കും. വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ക്ക് (ബയോളജി, എപ്പിഡെമിയോളജി, കമ്പ്യൂട്ടര്‍ സയന്‍സ്, എന്‍ജിനിയറിങ്, ഡാറ്റാ സയന്‍സ്, മുതലായവ) ഈ വിഭവങ്ങള്‍ പ്രാപ്യമാക്കുന്നത്, പുതിയ തരം ജീന്‍ തെറാപ്പി, അല്ലെങ്കില്‍ പുതിയ ഭക്ഷണ സംസ്‌കരണ മാര്‍ഗം പോലെ വ്യത്യസ്ത ജൈവ അധിഷ്ഠിത ഉത്പന്നങ്ങളുടെ നിര്‍മാണം സുഗമമാക്കും.

ഈ ഏകോപിത സംരംഭങ്ങളിലൂടെ, ബയോ ഇ 3 നയം തൊഴിലവസരങ്ങളില്‍ വന്‍ കുതിച്ചുചാട്ടം സൃഷ്ടിക്കും. ജൈവപിണ്ഡ സ്രോതസ്സുകള്‍ക്ക് സമീപമുള്ള പ്രദേശങ്ങളിലാണ് ജൈവ ഉത്പാദന ഹബ്ബുകള്‍ സ്ഥാപിക്കാന്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത് എന്നതിനാല്‍ തന്നെ ഇടത്തരം നഗരങ്ങളില്‍ തൊഴിലവസരങ്ങള്‍ വര്‍ധിക്കും. ഭാരതത്തിന്റെ സമ്പദ്വ്യവസ്ഥ, പരിസ്ഥിതി, തൊഴില്‍ എന്നിവയില്‍ നിക്ഷേപിക്കുന്നതിലൂടെ ഈ സമഗ്രമായ നയം വികസിത ഭാരതം എന്ന രാജ്യത്തിന്റെ സങ്കല്‍പ്പത്തിലേക്ക് സംഭാവന ചെയ്യും. ഫലപ്രദമായ ശാസ്ത്ര നയത്തിന്, രാഷ്‌ട്ര നിര്‍മാണത്തിനും വികസനത്തിനും സജീവമായി സംഭാവന ചെയ്യാന്‍ കഴിയുമെന്ന് തെളിയിക്കുന്ന നാഴികക്കല്ലായി ഈ നയം വര്‍ത്തിക്കും.

(സ്വതന്ത്ര ചുമതലയുള്ള കേന്ദ്രശാസ്ത്ര സാങ്കേതിക സഹമന്ത്രിയാണ് ലേഖകന്‍)

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by