മലപ്പുറം: ജില്ലാ പൊലീസ് മേധാവിയുടെ ഔദ്യോഗിക വസതി വളപ്പിലെ മരങ്ങള്‍ മുറിച്ചെന്ന പരാതി അന്വേഷിക്കാനെന്ന പേരില്‍ എത്തിയ പി. വി. അന്‍വര്‍ എം എല്‍ എ യെ പൊലീസ് അകത്തേക്ക് കടത്തി വിട്ടില്ല. വൈകിട്ട് അഞ്ചുമണിയോടെയാണ് എം എല്‍ എ മലപ്പുറത്ത് എസ് പിയുടെ വീട്ടിലെത്തിയത് .
എസ് പിയുടെ വീട് ക്യാമ്പ് ഓഫീസ് ആണെന്നും അകത്തേക്ക് കയറ്റി വിടണമെന്നും എം എല്‍ എ നിര്‍ബന്ധം പ്രകടിപ്പിച്ചെങ്കിലും പൊലീസ് വഴങ്ങിയില്ല.
മുറിച്ച മരത്തിന്റെ കുറ്റി കാണണമെന്നും എം എല്‍ എയ്‌ക്ക് ഇതിനുളള അവകാശമുണ്ടെന്നും അന്‍വര്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ടെങ്കിലും മേലുദ്യോഗസ്ഥരുടെ അനുവാദം വാങ്ങിയാല്‍ മാത്രമേ അകത്തേക്ക് കടത്തൂവെന്ന് പാറാവ് നിന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അന്‍വറിനെ തടയുകയായിരുന്നു. ഈ പൊലീസുദ്യോഗസ്ഥന്‍ ഫോണില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടപ്പോള്‍ ആരെയും അകത്തേക്ക് കടത്തി വിടേണ്ട എന്നായിരുന്നു നിര്‍ദ്ദേശം ഏറെ നേരം സംസാരിച്ചിട്ടും പൊലീസുദ്യോഗസ്ഥന്‍ കടത്തിവിടാതെ വന്നതോടെ അന്‍വര്‍ മടങ്ങിപോവുകയായിരുന്നു..
പൊലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനത്തില്‍ എം എല്‍ എ, എസ് പിയെ അപമാനിച്ച് സംസാരിച്ചതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ നല്ല ബന്ധത്തിലല്ല. പി വി അന്‍വറിനെതിരെ ഐ പി എസ് അസോസിയേഷനും പരാതിയുമായി രംഗത്തു വന്നിരുന്നു.
പൊതുവേദിയില്‍ പി വി അന്‍വര്‍ മലപ്പുറം എസ് പിയെ അധിക്ഷേപിച്ച സംസാരിച്ചതിനെതിരെ ഐപിഎസ് അസോസിയേഷന്‍ പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. എം എല്‍ എ മാപ്പ് പറയണമെന്നായിരുന്നു ആവശ്യം. ഇതിന് പിന്നാലെ ഐപിഎസ് അസോസിയേഷനെ പരിഹസിച്ച് പിവി അന്‍വര്‍ എംഎല്‍എയും രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക് പേജില്‍ കേരളത്തിന്റെയും മലപ്പുറം ജില്ലയുടേയും നിലമ്പൂരിന്റെയും മാപ്പ് ഇട്ടുകൊണ്ടായിരുന്നു എംഎല്‍എ ഐ പി എസ് അസോസിയേഷനെ പരിഹസിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: