കോട്ടയം: വെല്ലുവിളികള്‍ ചെറുപുഞ്ചിരിയോടെ നേരിടാന്‍ ധൈര്യമേകിയും ദിവ്യാംഗര്‍ക്കും മുതിര്‍ന്നവര്‍ക്കും സഹായ ഉപകരണങ്ങള്‍ നല്‍കിയും ഡോ. പി.ടി. ഉഷ എംപി.
കോട്ടയത്ത് സന്‍സദ് ആദര്‍ശ് ഗ്രാമപദ്ധതി പ്രകാരം പി.ടി. ഉഷ ദത്തെടുത്ത പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തിലെ ദിവ്യാംഗര്‍ക്കും മുതിര്‍ന്നവര്‍ക്കുമാണ് ക്രച്ചസ്, മുച്ചക്ര വാഹനങ്ങള്‍, ഊന്നുവടികള്‍, സെര്‍വിക്കല്‍ കോളര്‍, കമ്മോഡുകള്‍, എല്‍എസ് ബെല്‍റ്റുകള്‍, കേള്‍വി സഹായികള്‍, വീല്‍ ചെയര്‍, സ്മാര്‍ട്ട് ഫോണുകള്‍ എന്നിവ വിതരണം ചെയ്തത്. 60 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ നല്കി.
കേന്ദ്ര സാമൂഹ്യക്ഷേമ മന്ത്രാലയവുമായി സഹകരിച്ച്, ദിവ്യാംഗരെ സഹായിക്കാനുള്ള കേന്ദ്ര പദ്ധതി, രാഷ്ട്രീയ വയോശ്രീ പദ്ധതി എന്നിവയിലൂടെ ഗുണഭോക്താക്കളെ പ്രത്യേക ക്യാമ്പിലൂടെ തെരഞ്ഞെടുക്കുകയായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ സാമാജിക് ആധികാരിത ശിബിര്‍, കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയം, കോട്ടയം ജില്ലാ ഭരണകൂടം, ആര്‍ട്ടിഫിഷ്യല്‍ ലിംബ്സ് മാനുഫാക്ചറിങ് കോര്പറേഷന് എന്നിവയും സഹകരിച്ചു.
വെല്ലുവിളികളെ മറികടക്കാന്‍ പ്രേരിപ്പിക്കുന്ന ചിന്തകള്‍ക്ക് ഊര്‍ജമേകുന്ന നയമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര സര്‍ക്കാരും നടപ്പാക്കുന്നതെന്ന് പി.ടി. ഉഷ പറഞ്ഞു.
ജില്ലാ കളക്ടര്‍ ജോണ്‍ സാമുവല്‍ അധ്യക്ഷത വഹിച്ചു. ഗവ. ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ്, പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു, ജില്ലാ സോഷ്യല്‍ ജസ്റ്റിസ് ഓഫീസര്‍ പ്രദീപ് പണിക്കര്‍, അശോക്കുമാര് പാല്, വി.ജി. നിരീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: