ന്യൂദൽഹി: പാകിസ്ഥാൻ ആസ്ഥാനമായ ചാരവൃത്തി സംഘങ്ങൾ വഴി പ്രതിരോധ രഹസ്യ വിവരങ്ങൾ ചോർന്നെന്ന കേസ് അന്വേഷിക്കാൻ എൻഐഎ ഏഴ് സംസ്ഥാനങ്ങളിൽ പരിശോധന നടത്തി. പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യയിൽ ചാരപ്രവർത്തനം നടത്താൻ പണം കൈപ്പറ്റിയവരുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന സ്ഥലങ്ങളിലാണ് എൻഐഎ സംഘം തിരച്ചിൽ നടത്തിയത്.
പ്രധാനമായും ഗുജറാത്ത്, കർണാടക, കേരളം, തെലങ്കാന, ഉത്തർപ്രദേശ്, ബിഹാർ, ഹരിയാന എന്നിവിടങ്ങളിലെ 16 സ്ഥലങ്ങളിൽ വിപുലമായ തിരച്ചിൽ നടത്തിയെന്ന് എൻഐഎ പ്രസ്താവനയിൽ പറയുന്നു. ആന്ധ്രാപ്രദേശിലെ കൗണ്ടർ ഇൻ്റലിജൻസ് സെൽ 2021 ജനുവരിയിൽ രജിസ്റ്റർ ചെയ്ത കേസ് 2023 ജൂലൈയിൽ ഏറ്റെടുത്ത എൻഐഎ നടത്തിയ തിരച്ചിലിൽ ഇരുപത്തിരണ്ട് മൊബൈൽ ഫോണുകളും തന്ത്രപ്രധാനമായ രേഖകളും പിടിച്ചെടുത്തിരുന്നു.
അതിർത്തിക്കപ്പുറത്ത് നിന്ന് നടത്തിയ ഇന്ത്യാ വിരുദ്ധ ഗൂഢാലോചനയുടെ ഭാഗമായി ഇന്ത്യൻ നാവികസേനയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ ചോർന്നതാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നതെന്ന് അന്വേഷണ ഏജൻസി അറിയിച്ചു. 2023 ജൂലായ് 19 ന് ഒളിവിൽപ്പോയ പാകിസ്ഥാൻ പൗരനായ മീർ ബാലജ് ഖാൻ ഉൾപ്പെടെ രണ്ട് പ്രതികൾക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു.
അറസ്റ്റിലായ പ്രതി ആകാശ് സോളങ്കിക്കൊപ്പം ഖാനും ചാരവൃത്തി റാക്കറ്റിൽ ഉൾപ്പെട്ടിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞതായി എൻഐഎ അറിയിച്ചു. 2023 നവംബർ 6 ന് എൻഐഎ മറ്റ് രണ്ട് പ്രതികളായ മൻമോഹൻ സുരേന്ദ്ര പാണ്ഡയ്‌ക്കും ആൽവെനുമെതിരെ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു.
പാണ്ടയെ അറസ്റ്റ് ചെയ്തപ്പോൾ പാകിസ്ഥാൻ രഹസ്യാന്വേഷണ പ്രവർത്തകനായ ആൽവെൻ ഒളിവിലാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. 2024 മെയ് മാസത്തിൽ, പാകിസ്ഥാൻ രഹസ്യാന്വേഷണ പ്രവർത്തകരുമായി ഗൂഢാലോചന നടത്തിയതിന് ഒരു പ്രതിയായ അമൻ സലിം ഷെയ്ഖിനെതിരെ എൻഐഎ രണ്ടാമത്തെ അനുബന്ധ കുറ്റപത്രം സമർപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: