ഗാന്ധിനഗർ : ഗുജറാത്തിലെ വെള്ളപ്പൊക്ക ദുരന്തത്തെക്കുറിച്ച് സംസ്ഥാന മുഖ്യമന്ത്രിയോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി തന്നോട് ടെലിഫോണിൽ സംസാരിച്ചിരുന്നു. അവിടെ വെള്ളപ്പൊക്ക സാഹചര്യത്തെക്കുറിച്ചും ദുരിതബാധിതർക്കുള്ള ദുരിതാശ്വാസ നടപടികളെക്കുറിച്ചും ചോദിച്ചറിഞ്ഞതായി ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ പറഞ്ഞു.
പൊതുജീവിതം വേഗത്തിൽ പുനഃസ്ഥാപിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ പ്രധാനമന്ത്രി ചോദിച്ചറിഞ്ഞുവെന്ന് എക്‌സിലെ ഒരു പോസ്റ്റിലാണ് മുഖ്യമന്ത്രി പട്ടേൽ പറഞ്ഞത്. ഇതിനു പുറമെ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ദുരിതബാധിതർക്കുള്ള ദുരിതാശ്വാസ നടപടികളെക്കുറിച്ച് അദ്ദേഹം മനസ്സിലാക്കി. വഡോദരയിലെ വിശ്വാമിത്രി നദിയിലെ വെള്ളപ്പൊക്കത്തിൽ ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം ദുരിതബാധിതർക്ക് നൽകുന്ന സഹായത്തിന്റെ വിശദാംശങ്ങൾ ആരാഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ പ്രളയബാധിത പ്രദേശങ്ങളിലെ ശുചിത്വവും പൊതുജനാരോഗ്യവും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പ്രധാനമന്ത്രി മാർഗനിർദേശം നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനു പുറമെ ജനജീവിതം വേഗത്തിൽ പുനഃസ്ഥാപിക്കാൻ, കേന്ദ്ര സർക്കാരിന്റെ എല്ലാ പിന്തുണയും ഒരിക്കൽ കൂടി ഉറപ്പുനൽകിയെന്ന് ഗുജറാത്ത് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അതേ സമയം സംസ്ഥാനത്ത് ഇന്ന് കൂടുതൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും അറിയിച്ചു. സൗരാഷ്‌ട്രയിലും കച്ചിലും അതിശക്തമായ മഴ പെയ്തേക്കാമെന്നാണ് റിപ്പോർട്ട്. അതേ സമയം ആശ്വാസമെന്നോണം ദേവഭൂമി ദ്വാരകയിലെ അഗ്നിശമന സേന വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ നിന്ന് എട്ട് പേരെ രക്ഷപ്പെടുത്തി.
നിർത്താതെ പെയ്യുന്ന മഴയെത്തുടർന്ന് സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ വെള്ളപ്പൊക്ക സമാനമായ സാഹചര്യം തുടരുന്നതിനാൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിൽ ഇന്ത്യൻ സൈന്യത്തിന്റെ ആറ് സംഘങ്ങൾ രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. നേരത്തെ ദേശീയ ദുരന്ത നിവാരണ സേന 95 പേരെ രക്ഷപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: