അമ്മ ഭരണസമിതിയുടെ കൂട്ടരാജി ഭീരുത്വമെന്ന് നടി പാർവതി തിരുവോത്ത്. കൂട്ടായ രാജിയെക്കുറിച്ച് ആദ്യം കേട്ടപ്പോൾ എനിക്ക് തോന്നിയത് അവരെത്ര ഭീരുക്കളെന്നാണ്. മാധ്യമങ്ങൾക്ക് മുന്നിൽനിന്ന് സംസാരിക്കേണ്ടവർ തന്നെ രാജിവച്ച് പിന്മാറിയത് എത്ര വലിയ ഭീരുത്വമാണ്. സർക്കാരിനും മറ്റ് ബന്ധപ്പെട്ടവർക്കും ഒപ്പം നിന്ന് പ്രശ്നം പരിഹരിക്കാനുള്ള ശ്രമമെങ്കിലും വേണമായിരുന്നുവെന്ന് പ്രശസ്ത മാധ്യമപ്രവർത്ത ബർഖാദത്തുമായി നടത്തിയ അഭിമുഖത്തിൽ പാർവതി പറഞ്ഞു.
ആരോപണങ്ങൾ പുറത്തുവരുംവരെ ഇതൊന്നും ഇവിടെ നടക്കില്ലെന്ന് പറഞ്ഞ ഭരണസമിതിയാണ്. ധാർമികതയുടെ പേരിൽ രാജിയെന്നുള്ള വാദം എനിക്ക് അത്ര അദ്ഭുതമായി തോന്നിയില്ല. ഞാൻ അമ്മയിൽ അംഗമായിരുന്ന വ്യക്തിയാണ്. ആ സംഘടന എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് എനിക്ക് അറിയാം. പേടിപ്പിച്ച് ഭരിക്കുന്ന രീതിയിലാണ് ആ സംഘടനയിലുള്ളത്. അവകാശങ്ങൾക്ക് വേണ്ടി സംസാരിക്കാൻ സാധിക്കില്ല. ഒരു എക്സിക്യൂട്ടീവ് കമ്മിറ്റി എല്ലാവരെയും പ്രതിനിധീകരിക്കുന്നത് ആവണം. പക്ഷേ അങ്ങനെയല്ല. അതൊരു അധികാര കേന്ദ്രീകൃത സംവിധാനമായിരുന്നുവെന്നും പാർവതി കുറ്റപ്പെടുത്തി.
അമ്മ ഒരു വലിയ സംഘടനയാണ്. ജനാധിപത്യ ബോധമുള്ള ഒരു ഭരണസമിതിയെ കണ്ടെത്താനുള്ള അവസരമാണ്. നേതൃത്വം മാറുന്നത് ചിലപ്പോൾ സാധാരണ അംഗങ്ങൾക്ക് ഗുണം ചെയ്തേക്കാം. ഈ രാജി ആ അർത്ഥത്തിൽ ഗുണകരമായേക്കാം. പരാതിയുണ്ടെങ്കിൽ സ്ത്രീകൾ കേസ് കൊടുക്കണമെന്നും പേര് വെളിപ്പെടുത്തണമെന്നും സർക്കാർ പറയുന്നത് ശരിയല്ല. ഈ അധിക്ഷേപത്തിനൊക്കെ ശേഷം സ്ത്രീകൾ തന്നെ തെളിയിക്കേണ്ട ബാധ്യതയും ഏറ്റെടുക്കണമെന്നാണോ?. അനുഭവിച്ച മാനസിക പ്രയാസങ്ങൾക്കുശേഷം ഞങ്ങൾ തന്നെ പോരാടണമെന്ന് പറയുന്നത് ദുഃഖകരമാണെന്നും പാർവതി പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: