ന്യൂദല്‍ഹി: ഇമിഗ്രേഷന്‍ നയങ്ങളിലെ മാറ്റത്തില്‍ പ്രതിഷേധിച്ച് കാനഡയില്‍ ഭാരതീയ വിദ്യാര്‍ത്ഥികളുടെ പ്രക്ഷോഭം. എഴുപതിനായിരത്തിലധികം ബിരുദധാരികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്നതാണ് നയമെന്ന് ആരോപിച്ചാണ് പ്രതിഷേധം. പുതിയ നയമനുസരിച്ച് പുറത്തുനിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കാനഡയില്‍ തുടരുന്നത് പ്രയാസമാകും.
കാനഡയിലെ പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡ് പ്രവിശ്യയിലെ നിയമനിര്‍മ്മാണ അസംബ്ലിക്ക് മുന്നിലാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്. ഒന്റാറിയോ, മാനിറ്റോബ, ബ്രിട്ടീഷ് കൊളംബിയ എന്നീ പ്രവിശ്യകളിലും പ്രകടനങ്ങള്‍ നടന്നു. കാനഡയില്‍ സ്ഥിര താമസത്തിനുള്ള നാമനിര്‍ദേശങ്ങളുടെ എണ്ണം 25 ശതമാനം കുറയ്ക്കുന്നതിനും പഠന അനുമതികള്‍ പരിമിതപ്പെടുത്തുന്നതിനും വേണ്ടിയാണ് പുതിയ നയങ്ങള്‍.
ജനസംഖ്യ അതിവേഗം വര്‍ധിച്ചതിന്റെ പശ്ചാത്തലത്തിലാണ് നയംമാറ്റം. കാനഡയിലെ കഴിഞ്ഞ വര്‍ഷത്തെ ജനസംഖ്യാ വര്‍ധനയുടെ 97 ശതമാനവും കുടിയേറ്റം മൂലമാണെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: