ഗുരുവായൂര്‍: വിശേഷ നിവേദ്യ നിറവില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തൃപ്പുത്തരി ആഘോഷിച്ചു. പുതിയതായി കൊയ്തെടുത്ത പുന്നെല്ല് കുത്തിയെടുത്ത അരികൊണ്ടുണ്ടാക്കിയ പുത്തരിച്ചോറും, പുത്തരിപ്പായസവും പൊന്നുണ്ണിക്കണ്ണന് നിവേദിച്ചാണ് ക്ഷേത്രത്തില്‍ താന്ത്രിക ചടങ്ങോടെ തൃപ്പുത്തരി ആഘോഷിച്ചത്.
രാവിലെ 9.35 നും, 11.40 നും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തിലായിരുന്നു, തൃപ്പുത്തരി ആഘോഷം. വയറവള്ളി ചുറ്റിയ പാത്രത്തില്‍ തിടപ്പള്ളിയില്‍ നിന്ന് നിവേദ്യം നാലമ്പലത്തിനകത്തേക്കെത്തിച്ച് സ്വര്‍ണം, വെള്ളി പാത്രങ്ങളിലാക്കി ക്ഷേത്രം തന്ത്രി കൃഷ്ണന് നമ്പൂതിരിപ്പാട് ഉച്ച:പൂജ നടത്തി. സാധാരണ ദിവസങ്ങളില്‍ ക്ഷേത്രം മേല്‍ശാന്തിയാണ് ഉച്ച:പൂജ നിര്വഹിക്കാറുള്ളതെങ്കില്, തൃപ്പുത്തരി ദിവസം മാത്രം ക്ഷേത്രം തന്ത്രിയാണ് ഉച്ച:പൂജ നിര്‍വഹിക്കുക. നിത്യനിവേദ്യങ്ങള്ക്ക് പുറമെ സ്വര്‍ണത്തളികയില്‍ ഉറതൈരും, ഉപ്പുമാങ്ങയും, പത്തിലക്കറിയും, പുത്തരിചുണ്ട മെഴുക്കുപുരട്ടിയും, നെയ്യപ്പവും നിവേദിച്ചായിരുന്നു, വിശേഷാല്‍ ഉച്ച:പൂജ.
വര്‍ഷത്തില്‍ ഒരുദിവസം മാത്രമാണ് ഭഗവാന് ഇത്തരം വിശേഷാല്‍ വിഭവത്തോടേയുള്ള ഉച്ച:പൂജ നടക്കുക. തൃപ്പുത്തരി ദിനത്തില്‍ മാത്രമാണ് ഉച്ച:പൂജയ്ക്ക് ഭഗവാന് നെയ്യപ്പ നിവേദ്യം. സാധാരണ ദിവസങ്ങളില്‍ രാത്രി അത്താഴപൂജയ്ക്കാണ് നെയ്യപ്പ നിവേദ്യം. ഉച്ച:പൂജയ്ക്ക് ശേഷം നാലമ്പലത്തിനത്ത് ദേവസ്വം വകയായി നമസ്കാര സദ്യയും നടന്നു. വര്‍ഷത്തില്‍ ഓണം, വിഷു, തൃപ്പുത്തരി എന്നീ ദിവസങ്ങളില്‍ മാത്രമാണ് നമസ്കാര സദ്യ നടക്കുക. ഉപദേവന്മാര്ക്കും പുത്തരിച്ചോറ് നിവേദിച്ചു. തൃപ്പുത്തരി ദിനമായ ഇന്നലെ ക്ഷേത്രത്തില്‍ അഭൂതപൂര്‍വ്വമായ ഭക്തജനതിരക്കാണ് അനുഭവപ്പെട്ടത്. പുത്തരി പായസം സ്വാദിഷ്ടമാക്കുന്നതിനായി 2200 കദളിപ്പഴവും, 22 കിലോ നെയ്യും ഉപയോഗിച്ചു. 1200 ലിറ്റര്‍ പുത്തരിപ്പായസമാണ് ഭക്തജനങ്ങള്‍ക്കായി ദേവസ്വം ഒരുക്കിയത്. പായസം വാങ്ങാന്‍ നിവേദ്യ കൗണ്ടറില്‍ നീണ്ട നിരയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: