ആലുവ : ഒൺലൈൻ ട്രേഡിംഗിലൂടെ ലക്ഷങ്ങൾ ലാഭ വാഗ്ദാനം ചെയ്ത് വീട്ടമ്മയിൽ നിന്ന് ഒന്നേകാൽ കോടിയോളം രൂപ തട്ടിയ കേസിൽ പ്രധാന പ്രതി പിടിയിൽ. ഗുജറാത്ത് അഹമ്മദാബാദ് ചാമുണ്ഡനഗറിൽ വിജയ് സോൻഖർ (27)നെയാണ് എറണാകുളം റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
ആലുവ സ്വദേശിനിയായ വീട്ടമ്മയ്‌ക്കാണ് പണം നഷ്ടമായത്. സോഷ്യൽ മീഡിയാ വഴിയാണ് വീട്ടമ്മ ഒൺ ലൈൻ ട്രേഡിംഗ് സംഘത്തെ പരിചയപ്പെട്ടത്. നിക്ഷേപത്തിന് വൻ ലാഭമാണ് വാഗ്ദാനം ചെയ്തത്. ഇതിൽ വിശ്വസിച്ചു പോയ ഇവർ ആദ്യം കുറച്ച് തുക നിക്ഷേപിച്ചു. വീട്ടമ്മയെ കെണിയിൽ വീഴിക്കുന്നതിനായി ലാഭമെന്നു പറഞ്ഞ് സംഘം കുറച്ച് തുക അയച്ചുകൊടുത്തു.
ഇതിൽ വിശ്വാസം വന്നപ്പോൾ കൂടുതൽ തുകകൾ അവർ പറയുന്ന അക്കൗണ്ടുകളിലേക്ക് നിക്ഷേപിച്ചു കൊണ്ടിരുന്നു. നിക്ഷേപത്തുകയുടെ വൻ ലാഭം അവരുടെ പേജുകളിൽ കാണിച്ചു കൊണ്ടേയിരുന്നു. ഇങ്ങനെ വിവിധ ഘട്ടങ്ങളിലായി ഒന്നേകാൽ കോടിയോളം രൂപ നിക്ഷേപിച്ചു.
ഒടുവിൽ പണം തിരികെ എടുക്കാൻ ശ്രമിച്ചപ്പോൾ സംഘം സമുഹമാധ്യമങ്ങളിൽ നിന്നു തന്നെ അപ്രത്യക്ഷരായി. ഫോൺ നമ്പറും ഉപയോഗത്തിലില്ലാതായി. വീട്ടമ്മ പോലീസിൻ പരാതി നൽകി. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന അന്വേഷണം ക്രൈം ബ്രാഞ്ചിനെ ഏൽപ്പിച്ചു.
എസ്പിയുടെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. തട്ടിപ്പുകാരനായ വിജയ്‌ക്ക് കൃത്യമായ വിലാസം ഇല്ലായിരുന്നു. ലഭ്യമായത് അഹമ്മദാബാദിലെ ഒരു ഗ്രാമത്തിലേതായിരുന്നു. അവിടെ അന്വേഷണ സംഘം ചെന്നപ്പോൾ കണ്ടത് വിശാലമായി പണിതുയർത്തിയ കെട്ടിടമായിരുന്നു.
തുടർന്ന് പോലീസ് ടീം വേഷം മാറി ദിവസങ്ങളോളം പലയിടങ്ങളിലായി താമസിച്ചാണ് പ്രതിയെ സാഹസികമായി പിടികൂടിയത്. പ്രതി വിഎസ് ട്രേഡ് എന്ന വ്യാജസ്ഥാപനമുണ്ടാക്കി ജിഎസ്ടി സർട്ടിഫിക്കറ്റും, ദേശസാൽകൃത ബാങ്കിൽ കറൻ്റ് അക്കൗണ്ടും തുടങ്ങി വ്യാപക തട്ടിപ്പാണ് നടത്തി കൊണ്ടിരിന്നത്. കോടിക്കണക്കിന് രൂപയുടെ ഇടപാട് ഇയാളുടെ അക്കൗണ്ട് വഴി നടന്നിട്ടുണ്ട്.
ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൻ ഡിവൈഎസ് പിടിഎം വർഗീസ്, സബ് ഇൻസ്പെക്ടർമാരായ എകെ സന്തോഷ് കുമാർ, ടികെവർഗീസ്, എഎസ്ഐ വിഎൻ സിജോ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.
ഒൺലൈൻ ട്രേഡിംഗ് തട്ടിപ്പുകളുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭിക്കുന്നുണ്ട്. ഇതിനെക്കുറിച്ച് പലപ്പോഴും മുന്നറിയിപ്പും പോലീസ് നൽകുന്നുണ്ട്. അമിതലാഭം വാഗ്ദാനം ചെയ്തുള്ള ഉത്തരം തട്ടിപ്പിൽ വീഴാതിരിക്കാനുള്ള ജാഗ്രത പൊതുജനത്തിന് ഉണ്ടാകണമെന്ന് എസ്പി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക