ആലുവ : കൊലപാതകക്കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഞാറയ്‌ക്കൽ എടവനക്കാട് ഇല്ലത്തുപടി ഭാഗത്ത് പാലക്കൽ വീട്ടിൽ ജിത്തുസ് (24)നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം ജില്ല കളക്ടർ എൻ. എസ്.കെ ഉമേഷാണ് ഉത്തരവിട്ടത്.
2018 ഡിസംബറിൽ കുഴുപ്പിള്ളി ബീച്ചിൽ ഗജേന്ദ്രകുമാർ എന്നയാളെ കൊലപ്പെടുത്തിയ കേസിലെ 3-ാം പ്രതിയാണ് ഇയാൾ. മുനമ്പം ഞാറയ്‌ക്കൽ പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകം, കൊലപാതകശ്രമം, പിടിച്ചുപറി, മയക്ക് മരുന്ന്, കാപ്പ ഉത്തരവിന്റെ ലംഘനം തുടങ്ങി നിരവധി കേസുകളുണ്ട്. തുടർച്ചയായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട ഇയാളെ കഴിഞ്ഞ നവംബർ ഒന്നുമുതൽ ഒരു വർഷത്തേക്ക് കാപ്പ ചുമത്തി നാട് കടത്തിയിരുന്നു.
എന്നാൽ കാപ്പ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച് കഴിഞ്ഞ ഏപ്രിൽ 18 ന് എളങ്കുന്നപ്പുഴ വളപ്പ് ബീച്ചിൽ വച്ച് ഇയാളും കൂട്ടാളികളും ചേർന്ന് ഷഫാസ്, ശ്യാം എന്നിവരെ കൊലപ്പെടുത്തുവാൻ ശ്രമിച്ചതിന് ഞാറയ്‌ക്കൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്ന് നാട് കടത്തൽ ഉത്തരവ് റദ്ദാക്കി ഇയാളെ കാപ്പ ചുമത്തി ജയിലിൽ അടക്കുകയായിരുന്നു.
ഇതേ കേസിലെ മൂന്നാം പ്രതിയായ മുനമ്പം സ്വദേശി കുഞ്ഞനെ (ആദർശ് ) കഴിഞ്ഞ മാസം 1 വർഷത്തേക്ക് കാപ്പ ചുമത്തി ജയിലിലടച്ചിരുന്നു. ഞാറയ്‌ക്കൽ പോലീസ് ഇൻസ്പെക്ടർ സുനിൽ തോമസിന്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ അഖിൽ വിജയകുമാർ, സിവിൽ’പോലീസ് ഓഫീസർമാരായ ആൻ്റണി ഫ്രെഡി, കെ.എം പ്രജിത്ത്, എൻ.സി ദീപക്ക് എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: