വഡോദര : ഗുജറാത്തിൽ കനത്ത മഴ നാശം വിതയ്‌ക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലെ തീരപ്രദേശങ്ങളിൽ മഴക്കെടുതിയിൽ ഇതുവരെ പതിനഞ്ച് പേരിലധികം പേർ മരണപ്പെട്ടു. ഇതുവരെ 23,000-ത്തിലധികം ആളുകളെ ഒഴിപ്പിക്കുകയും 300-ലധികം പേരെ രക്ഷിക്കുകയും ചെയ്തതായി സംസ്ഥാന ദുരന്തനിവാരണ സേന അറിയിച്ചു.
അതേസമയം ചൊവ്വാഴ്‌ച മഴയുടെ തീവ്രത കുറഞ്ഞെങ്കിലും വരും ദിവസങ്ങളിൽ കൂടുതൽ മഴ പെയ്യുമെന്ന് പ്രവചിച്ച് ഗുജറാത്തിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദേശം നൽകി. നേരത്തെ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ ഉന്നതതല യോഗം വിളിച്ചിരുന്നു.
കരകവിഞ്ഞൊഴുകുന്ന നദികളിലും അഴുക്കുചാലുകളിലും കായലുകളിലും ആരും ഇറങ്ങാതിരിക്കാൻ പോലീസിന്റെ സഹായത്തോടെ പൂർണ്ണ ജാഗ്രതയും പുലർത്താൻ ജില്ലാ കളക്ടർമാർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി.
ഇതിന് പുറമെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രത്യേകം മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന മുന്നറിയിപ്പ് കർശനമായി പാലിക്കണമെന്ന് തീരപ്രദേശങ്ങളിലെ ജില്ലാ കളക്ടർമാരോട് അഭ്യർത്ഥിക്കുകയും ചെയ്തു.
ദുരന്തനിവാരണത്തിൽ പ്രാദേശിക ഭരണകൂടത്തെ സഹായിക്കുന്ന കരസേന, വ്യോമസേന, എൻഡിആർഎഫ്, എസ്ഡിആർഎഫ് ഉദ്യോഗസ്ഥരുടെ വിവരങ്ങളും മുഖ്യമന്ത്രി പട്ടേലിന് ലഭിച്ചു. ദുരന്ത പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനങ്ങൾ വേണ്ട രീതിയിൽ നടത്താൻ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: