ന്യൂഡൽഹി: ബംഗ്ലാദേശിലെ തീവ്രവാദി നേതാവ് ജഷിമുദ്ദീൻ റഹ്മാനിയെ ഇടക്കാല സർക്കാർ സ്വതന്ത്രനാക്കി. ഭീകര സംഘടനയായ അൽ ഖ്വയ്‌ദയുമായി ബന്ധമുള്ള അൻസറുള്ള ബംഗ്ലാ ടീം (എബിടി) എന്ന തീവ്രവാദി സംഘടനയുടെ നേതാവാണ് ഇയാൾ. ഇന്ത്യയെ സംബന്ധിച്ച് ഏറെ ആശങ്ക ഉയർത്തുന്ന തീരുമാനമാണ് ബംഗ്ലാദേശിലെ നോബേൽ പുരസ്കാര ജേതാവ് കൂടിയായ മുഹമ്മദ് യൂനുസ് സർക്കാർ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.
ഇന്ത്യയുടെ താത്പര്യം കൂടി മുൻനിർത്തി 2015 ൽ ബംഗ്ലാദേശ് നിരോധിച്ച സംഘടനയാണ് അൻസറുള്ള ബംഗ്ലാ ടീം.എന്നാൽ ഇതിന് ശേഷം അൻസർ അൽ-ഇസ്ലാം എന്ന മറ്റൊരു പേര് സ്വീകരിച്ചതായി ഇവരുടെ പ്രവർത്തനം. 2017 ൽ ഈ സംഘടനയെയും ഷെയ്ഖ് ഹസീന സർക്കാർ നിരോധിച്ചിരുന്നു.
ബംഗ്ലാദേശിൽ ബ്ലോഗറായിരുന്ന റജീബ് ഹൈദറെ 2013 ഫെബ്രുവരി 15 ന് കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് ജഷിമുദ്ദീൻ റഹ്മാനി. അഞ്ച് വർഷത്തേക്ക് തടവ് ശിക്ഷ വിധിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്നു ഇയാൾ. ഗസിപുറിലെ കഷിംപുർ ഹൈ സെക്യൂരിറ്റി സെൻട്രൽ ജയിലിൽ തടവിൽ കഴിയുകയായിരുന്ന ജഷിമുദ്ദീൻ റഹ്മാനിക്ക് തിങ്കളാഴ്ചയാണ് ഇടക്കാല ഭരണകൂടം പരോൾ അനുവദിച്ചത്. കൊലക്കേസിൽ പ്രതിയായ ഇയാൾക്കെതിരെ ഭീകര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് വേറെയും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
റഹ്മാനിയുടെ മോചനത്തോടെ രാജ്യത്ത് ഭീകരവാദ നിലപാടുള്ള സംഘടനകളും പ്രവർത്തകരും കൂടുതൽ സജീവമായി പ്രവർത്തിക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. അൻസറുള്ള ബംഗ്ലാ ടീം ഇന്ത്യൻ ഏജൻസികൾ ഏറെക്കാലമായി നിരീക്ഷിച്ച് വരുന്ന സംഘടനയാണ്. ഇതിന്റെ പ്രവർത്തകർ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് പലപ്പോഴായി അറസ്റ്റിലായിട്ടുണ്ട്. ഈ വർഷം മെയിൽ ഗുവാഹത്തി റെയിൽവെ സ്റ്റേഷനിൽ വച്ചാണ് സംഘടനയുടെ രണ്ട് പ്രവർത്തകരെ അസമിൽ പ്രവർത്തിക്കുന്ന ഭീകര വിരുദ്ധ സേന അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: