ഭോപ്പാൽ : പ്രവാചകനെ അപമാനിച്ചെന്നാരോപിച്ച് സംസ്ഥാനത്ത് കലാപം ഉണ്ടാക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്ത് മദ്ധ്യപ്രദേശ് പൊലീസ്. ഛത്തർപൂരിൽ പൊലീസ് സ്റ്റേഷൻ ആക്രമിച്ച കേസിലെ മുഖ്യപ്രതിയും , കോൺഗ്രസ് നേതാവുമായ ഹാജി ഷഹ്‌സാദ് അലിയെയാണ് അറസ്റ്റ് ചെയ്തത് . വിദേശത്തേക്ക് രക്ഷപ്പെടുന്നത് തടയാൻ ഇയാൾക്കെതിരെ നേരത്തെ തന്നെ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ഷഹ്‌സാദിന്റെ ആഡംബര മന്ദിരവും സർക്കാർ ബുൾഡോസർ കൊണ്ട് തകർത്തു.
മഹാരാഷ്‌ട്രയിൽ നിന്നുള്ള രാമഗിരി മഹാരാജ് പ്രവാചകനെതിരെ പ്രസംഗിച്ചെന്നാരോപിച്ചാണ് ഇവർ പോലീസ് സ്റ്റേഷൻ അക്രമിച്ചത് .ഛത്തർപൂർ കോട്വാലി പോലീസ് സ്റ്റേഷൻ തല്ലി തകർക്കുകയും , പൊലീസുകാരെ ഉപദ്രവിക്കുകയും ചെയ്തിരുന്നു. ഈ പ്രതികൾക്കെതിരെ കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി മോഹൻ യാദവ് ഉത്തരവിട്ടിരുന്നു . ഇതേ തുടർന്ന് സംഘർഷത്തിൽ ഉൾപ്പെട്ട 150 പേർക്കെതിരെ പോലീസ് കേസെടുത്തു. അക്രമിക്കാനെത്തിയ ഇയാളുടെ കൈയിൽ വാളും വടിയും ഉണ്ടായിരുന്നതായി എഫ്ഐആറിൽ പറയുന്നു. ഈ ആക്രമണത്തിൽ നിരവധി പോലീസുകാർക്ക് പരിക്കേറ്റു.
പോലീസ് ഉദ്യോഗസ്ഥരിൽ നിന്ന് ആയുധങ്ങളും ഹെൽമറ്റുകളും ബാറ്റണുകളും തട്ടിയെടുക്കാൻ ശ്രമിച്ചു. വാഹനങ്ങൾ അടിച്ചു തകർത്തു. പോലീസ് സ്‌റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന ബൊലേറോ വാഹനത്തിന്റെ ഗ്ലാസുകൾ തകർക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: