അമൃതപുരി അമ്പാടിയായി
കരുനാഗപ്പള്ളി: അമൃതപുരി മാതാ അമൃതാനന്ദമയി മഠത്തില്‍ വിവിധ പരിപാടികളോടെ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു. രാവിലെ 8 ന് നാമസങ്കീര്‍ത്തനം, തുടര്‍ന്ന് ഗോപൂജ എന്നിവ നടന്നു. വൈകിട്ട് 3ന് ആശ്രമത്തില്‍ നടന്ന ശോഭായാത്രയില്‍ വിദേശികളടക്കം കൃഷ്ണന്റെയും രാധയുടെയും വേഷമണിഞ്ഞ നിരവധി കുട്ടികള്‍ പങ്കെടുത്തു.
തുടര്‍ന്ന് മാതാ അമൃതാനന്ദമയി ദേവിയുടെ സാന്നിധ്യത്തില്‍ ഉറിയടി, കലാപരിപാടികള്‍, ഭജന, രാത്രി 11.30ന് ബാലഗോപാല പൂജ, ഭാഗവതപാരായണം, പ്രസാദവിതരണം എന്നിവയുണ്ടായി.
ശ്രീകൃഷ്ണന്റെ ഓരോ പ്രവൃത്തികളും നന്‍മയും സന്തോഷവും പകര്‍ന്നുനല്‍കുന്നതാന്നെന്ന് മാതാ അമൃതാനന്ദമയി ദേവി ശ്രീകൃഷ്ണജയന്തി സന്ദേശത്തില്‍ പറഞ്ഞു. തന്നില്‍ എത്തിച്ചേര്‍ന്ന ഒരു ഉത്തരവാദിത്വത്തെയും കൃഷ്ണന്‍ നിരസിച്ചില്ല എന്നു മാത്രമല്ല, താന്‍ ഏറ്റെടുത്ത ഓരോ ചുമതലയിലും ഭഗവാന്‍ പൂര്‍ണമായും മുഴുകുകയും ചെയ്തു. അതുകൊണ്ടാണ് എല്ലാ സാഹചര്യങ്ങളെയും പുഞ്ചിരിയോടെ നേരിടാന്‍ ശ്രീകൃഷ്ണന് കഴിഞ്ഞതെന്നും മാതാ അമൃതാനന്ദമയി ദേവി പറഞ്ഞു.
കൊല്ലം: വീഥികളില്‍ മഴവില്ലഴക് വിതറി ‘പുണ്യമീ മണ്ണ്, പവിത്രമീ ജന്മം’ എന്ന സന്ദേശവുമായി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ പീലി തിരുമുടി ചാര്‍ത്തിയ ഉണ്ണിക്കണ്ണന്മാരും ഗോപികമാരും രാധമാരും വീഥികള്‍ കീഴടക്കിയപ്പോള്‍ നാടും നഗരവും അമ്പാടിയായി മാറി. വെണ്ണ കവര്‍ന്ന് തിന്നുന്ന അമ്പാടിക്കണ്ണനും പ്രണയിനിയായ ഗോപികയും കളങ്കമില്ലാത്ത സൗഹൃദത്തിന്റെ കഥ പറഞ്ഞ കുചേലും വീഥികളില്‍ ആനന്ദാമൃതം തൂകി. ശോഭായാത്ര കാണാനായി ഇരുവശവും സാക്ഷ്യം വഹിച്ച് ആയിരങ്ങളാണ് നിലയുറപ്പിച്ചത്.
ചെണ്ടമേളവും വാദ്യഘോഷവും ഗോപികാനൃത്തവും ഉറിയടിയും മാറ്റുകൂട്ടി. അമ്പാടി പൈതലായും, കാളിയമര്‍ദകനായും, ഗോപാലബാലകനായും വേഷമണിഞ്ഞ ഉണ്ണിക്കണ്ണന്‍മാരുടെ ദൃശ്യാവിഷ്‌കാരങ്ങള്‍ ശോഭായാത്രയ്‌ക്കു മാറ്റേകിയപ്പോള്‍ ദ്വാപരയുഗ സ്മരണകളുണര്‍ത്തുന്ന കാഴ്ചകളായിരുന്നു എവിടെയും.
ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മഹാശോഭാ യാത്രകള്‍ ഉള്‍പ്പെടെ 1320 ശോഭാ യാത്രകളാണ് നടന്നത്. കൊല്ലം, ശക്തികുളങ്ങര, പാരിപ്പള്ളി, കുണ്ടറ, കൊട്ടിയം, കൊട്ടാരക്കര, പുനലൂര്‍, തെന്മല, ആര്യങ്കാവ്, മേലില, പുത്തൂര്‍, കരുനാഗപ്പള്ളി, ശാസ്താംകോട്ട, ചവറ, പുതിയകാവ്, ഓച്ചിറ തുടങ്ങി 35 സ്ഥലങ്ങളില്‍ മഹാശോഭാ യാത്രകള്‍ സംഘടിപ്പിച്ചിരുന്നു. ശോഭായാത്ര ആരംഭിക്കുന്നതിനു മുന്നോടിയായി വയനാട് ദുരിതബാധിതര്‍ക്ക് അനുശോചനം രേഖപ്പെടുത്തുകയും വയനാട് ദുരിത ബാധിതരെ സഹായിക്കാനുള്ള തുക കൈമാറി.
ഇതിന് പുറമേ വിവിധ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് 1260-ലധികം ശോഭാ യാത്രകളും നടന്നു. ശോഭയാത്രകളില്‍ ജില്ലയില്‍ മാത്രം അഞ്ച് ലക്ഷത്തിലധികം ആളുകള്‍ പങ്കെടുത്തു. 1 ലക്ഷത്തോളം കുട്ടികള്‍ രാധാകൃഷ്ണ വേഷധാരികളായി ശോഭായാത്രയില്‍ അണിചേര്‍ന്നു. മുന്‍വര്‍ഷങ്ങളിലേക്കാള്‍ വലിയ ജനപങ്കാളിത്തമായിരുന്നു ഇത്തവണ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളില്‍ കാണാന്‍ കഴിഞ്ഞത്.
കൊല്ലം നഗരത്തില്‍ മഹാശോഭായാത്ര ഹിന്ദുഐക്യവേദി സംസ്ഥാന സംഘടന സെക്രട്ടറി സി. ബാബു ഉദ്ഘാടനം ചെയ്തു. റിട്ട. കണ്‍ട്രോളര്‍ സിവില്‍ സപ്ലൈസ് അഡ്വ. അനില്‍ രാജ് പതാക കൈമാറി. ആര്‍എസ്എസ് നഗര്‍ സംഘചാലക് ഗിരിധര്‍ ലാല്‍ കുംബവത്ത്, ദക്ഷിണ പ്രാന്തീയ സമ്പര്‍ക്ക പ്രമുഖ് സി.സി. ശെല്‍വന്‍, കാര്യകാരി സദസ്യന്‍ വി. മുരളീധരന്‍, മഹാനഗര്‍ ജില്ലാ പ്രചാര്‍ പ്രമുഖ് എം.ആര്‍. ജഗത്, ജില്ലാ പ്രചാര്‍ പ്രമുഖ് ഓലയില്‍ ഗോപന്‍, ബാലഗോകുലം ജില്ലാ അധ്യക്ഷന്‍ ഗിരീഷ് ബാബു, അഡ്വ. രാജേന്ദ്രന്‍, ആര്‍. രാധാകൃഷ്ണന്‍, പി. ഉണ്ണികൃഷ്ണന്‍, ജി. തമ്പി, മങ്ങാടി സുനില്‍, പി. രമേശ് ബാബു, എ.ജി. ശ്രീകുമാര്‍, പ്രണവ് താമരക്കുളം തുടങ്ങിയവര്‍ നേതൃത്വം നല്കി.
കരുനാഗപ്പള്ളി: ക്ലാപ്പനയിലെ ശോഭായാത്രകള്‍ ഭരണിക്കാവ് ദേവീക്ഷേത്രത്തിലും ആദിനാട്ടെ ശോഭായാത്രകള്‍ ആദിനാട് ശക്തികുളങ്ങരയിലും കുലശേഖരപുരത്തെ ശോഭായാത്രകള്‍ പുലിയന്‍ കുളങ്ങരയിലും അമ്പീലേത്ത് ഭഗവതി ക്ഷേത്രത്തിലും തഴവയിലെ യാത്രകള്‍ തഴവ ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിലും പാവുമ്പയിലെ തൃപ്പാവുമ്പ ക്ഷേത്രത്തിലും തൊടിയൂരിലെ ശോഭയാത്രകള്‍ കൊറ്റിനക്കാല ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിലും മാലുമേല്‍ ക്ഷേത്രത്തിലും ഇടക്കുളങ്ങരയിലെ യാത്രകള്‍ ഇടക്കുളങ്ങര ദേവീക്ഷേത്രങ്ങളിലും സമാപിച്ചു.
ബാലഗോകുലം താലൂക്ക് കാര്യദര്‍ശി സനില്‍, ഭഗിനി പ്രമുഖ് രമ്യ രാജേഷ്, ഉപാധ്യക്ഷന്‍ ഷുക്കാര്‍ണോ, ജില്ലാ ട്രഷറര്‍ ദിനമണി, ആഘോഷ പ്രമുഖ് രാജീവ് എന്നിവര്‍ നേതൃത്വം നല്‍കി.
പരവൂര്‍: പീതാംബരം ചുറ്റി വാലിട്ടു കണ്ണെഴുതി കൈകളില്‍ പുല്ലാങ്കുഴലേന്തി വാര്‍മുടിക്കെട്ടില്‍ മയില്‍പ്പീലി തിരുകി നൃത്തച്ചുവടുകളുമായി നീങ്ങിയ ഉണ്ണിക്കണ്ണന്മാര്‍ പരവൂരിന്റെ നഗരവീഥികളെ അമ്പാടിയാക്കി മാറ്റി. കൃഷ്ണഗാഥകള്‍ പാടി നീങ്ങിയ ശോഭായാത്രകള്‍ കാണികളില്‍ ഭക്തിയുടെ തീര്‍ത്ഥമായി പെയ്തിറങ്ങി. വൈകിട്ട് അഞ്ചരയോടെ മുന്‍സിപ്പല്‍ മേഖലയിലെ വിവിധ ക്ഷേത്രങ്ങളില്‍ നിന്നും ആരംഭിച്ച ശോഭയാത്രകള്‍ പരവൂര്‍ ജങ്ഷനില്‍ സംഗമിച്ച് മഹാശോഭായാത്രയായി പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ സമാപിച്ചു.
കൊട്ടാരക്കര: ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകള്‍ നടന്നു. കുലശേഖരനെല്ലൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, തൃക്കണ്ണമംഗല്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, വിലങ്ങറ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം എന്നിവിടങ്ങളില്‍ പാല്‍പായസ പൊങ്കാല നടന്നു. കുകശേഖരനെല്ലൂര്‍ ക്ഷേത്രത്തില്‍ നടന്ന അന്നദാനത്തില്‍ ആയിരങ്ങകള്‍ പങ്കെടുത്തു. വൈകിട്ട് 4ന് കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ ഉണ്ണിക്കണ്ണന്മാരുടെ ഉറിയടി നടന്നു. ബാലഗോകുലം ദക്ഷിണ കേരളം സംസ്ഥാന കാര്യദര്‍ശി ആര്‍.പി രാമനാഥന്‍ മഹാശോഭയാത്ര ഉദ്ഘാടനം ചെയ്തു.
പുനലൂര്‍ ജില്ലാ സംഘചാലക് ആര്‍ ദിവാകരന്‍ പതാക കൈമാറി. പുനലൂര്‍ ഗോകുല ജില്ലാ സഹ കാര്യദര്‍ശി അനന്തകൃഷ്ണന്‍ സംസാരിച്ചു. ദീപാരാധന, പ്രസാദ വിതരണം, സാംസ്‌കാരിക സമ്മേളനം എന്നിവ നടന്നു.
കൊട്ടാരക്കര നഗരം, തൃക്കണ്ണമംഗല്‍, നെടുവത്തൂര്‍, ഇരണൂര്‍, വെട്ടിക്കവല, അന്തമണ്‍, കോട്ടത്തല എന്നിവിടങ്ങളില്‍ മഹാശോഭയയാത്രകളും എഴുകോണ്‍, പുതുശേരി കോണം, കാക്കക്കോട്ടൂര്‍, വല്ലം, കുറുമ്പാലൂര്‍, ആനക്കോട്ടൂര്‍, അന്നൂര്‍,വിലങ്ങറ, ഉമ്മന്നൂര്‍, പഴിഞ്ഞം, തിരുവട്ടൂര്‍, പനയറ, തെറ്റിയോട്, പച്ചൂര്‍, നടിക്കുന്നു, വില്ലൂര്‍ മേലില,കലയപുരം, താമരക്കുടി, മൈലം,ഇഞ്ചക്കാട്, പള്ളിക്കല്‍, പെരുംകുളം, പെരുംകുളം കിഴക്ക്, കോട്ടത്തല വടക്ക് എന്നിവിടങ്ങളിലും ശോഭയാത്രകള്‍ നടന്നു.
ചാത്തന്നൂര്‍: ചാത്തന്നൂര്‍ മണ്ഡലം വരിഞ്ഞം ഉപനഗരത്തിന്റെ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാല ചാര്‍ത്തി ഗോകുലപതാക കൈമാറി ഉത്ഘാടനം ചെയ്തു. ആര്‍.എസ്എസ് നഗര്‍ സഹകാര്യവാഹ് വി.കെ. സജികുമാര്‍, ആഘോഷ പ്രമുഖ് ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കാരംകോട് ശീമാട്ടി ജങ്ഷനില്‍ നിന്ന് ആരംഭിച്ച് വരിഞ്ഞം മഹാദേവ ക്ഷേത്രത്തില്‍ സമാപിച്ചു.
ചാത്തന്നൂര്‍ കിഴക്കേനേല ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച ശോഭായാത്ര കിഴക്കനേല മാടന്‍കാവ് മഹാദേവഗ്രഹക്ഷേത്ര സന്നിധിയില്‍ സമാപിച്ചു.
ഓച്ചിറ: കൊറ്റുമ്പള്ളി, ഞക്കനാല്‍, മഠത്തിക്കാരായ, ഇടച്ചിലെ ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നുള്ള ശോഭാ യാത്ര കല്ലൂര്‍ ജങ്ഷനില്‍ സംഗമിച്ച് മഹാശോഭാ യാത്രയായി ഓച്ചിറ പരബ്രഹ്മക്ഷേത്ര ഭൂമിയിലേക്ക് എത്തിച്ചേര്‍ന്നു. ബിജെപി ദക്ഷിണമേഖല സെക്രട്ടറി ജിതിന്‍ ദേവ്, ആര്‍എസ്എസ് ഓച്ചിറ മണ്ഡല്‍ കാര്യവാഹ് കണ്ണന്‍, ശാരീരിക് ശിഷ്യണ്‍ പ്രമുഖ് രാജേഷ്, ജില്ലാ വ്യവസായ പ്രമുഖ് വിജയന്‍ കളിക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കൊട്ടിയം: ബാലഗോകുലം തൃക്കോവില്‍വട്ടം ഉപനഗരത്തിന്റെ നേതൃത്വത്തില്‍ നടന്ന ശോഭായാത്ര മുഖത്തല സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഫാദര്‍ മാത്യു ജോണ്‍സന്‍ കുന്നത്ത് ഗോകുലപതാക കൈമാറി ഉദ്ഘാടനം ചെയ്തു. 500ല്‍ പരം കണ്ണന്റെയും രാധയുടെയും വേഷങ്ങളും പൊതുജനങ്ങളും പങ്കെടുത്തു, ചെറിയേല കരിഞ്ഞമ്പളളില്‍ ദേവീക്ഷേത്രത്തില്‍ സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: