ധാക്ക: കൊലക്കുറ്റത്തിന് കേസെടുത്തതിന് പിന്നാലെ ഷാക്കിബ് അല്‍ ഹസനെ ക്രിക്കറ്റില്‍നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന് വക്കീല്‍ നോട്ടീസ്. കൊല്ലപ്പെട്ട യുവാവിന്റെ പിതാവാണ് വക്കീല്‍ നോട്ടീസയച്ചത്. ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍നിന്നും താരത്തെ വിലക്കണമെന്നാണ് ആവശ്യം. നിലവില്‍ പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിക്കുകയാണ് ഷാക്കിബ്.
ബംഗ്ലാദേശില്‍ ഈയിടെ നടന്ന പ്രക്ഷോഭത്തിനിടെ തയ്യല്‍ തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിലാണ് ഷാക്കിബുള്‍പ്പെടെ 147 പേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേസില്‍ 28-ാം പ്രതിയാണ് ബംഗ്ലാദേശ് താരം. ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും നടന് ഫെര്‍ദസ് അഹമ്മദും പ്രതിപ്പട്ടികയിലുണ്ട്.
രാജ്യത്ത് നടന്ന പ്രക്ഷോഭത്തെ തുടര്‍ന്ന് ആഗസ്ത് ഏഴിനാണ് തയ്യല്‍ തൊഴിലാളിയായ മുഹമ്മദ് റുബല്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ പിതാവ് റഫീഖുള്‍ ഇസ്ലാം നല്കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. ധാക്ക ട്രിബ്യൂണിന്റെ റിപ്പോര്‍ട്ട് പ്രകാരം നെഞ്ചിനും വയറിനും വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റതിനെത്തുടര്‍ന്നാണ് റുബല്‍ കൊല്ലപ്പെട്ടത്. ധാക്കയിലെ ഒരു റാലിക്കിടെയാണ് സംഭവം. ഈ കേസിലാണ് ബംഗ്ലാദേശ് താരമുള്‍പ്പെട്ടിട്ടുള്ളത്. എന്നാല്‍ പ്രക്ഷോഭം നടക്കുന്ന സമയത്ത് രാജ്യത്തുണ്ടായിരുന്നില്ലെന്നും ഗ്ലോബല്‍ ടി20 കാനഡ ലീഗില്‍ കളിക്കാനായി കാനഡയിലായിരുന്നെന്നുമാണ് ഷാക്കിബിന്റെ ബന്ധുക്കളുടെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: