ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ ചെല്‍സിക്കും മുന്ചാമ്പ്യന്മാരായ ലിവര്‍പൂളിനും മികച്ച വിജയം. ചെല്‍സി രണ്ടിനെതിരെ ആറ് ഗോളുകള്‍ക്ക് വോള്‍വര്‍ഹാംപ്ടണെ തകര്‍ത്തപ്പോള്‍ ലിവര്‍പൂള്‍ സ്വന്തം മൈതാനത്ത് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ബ്രന്റ്ഫോര്‍ഡിനെ പരാജയപ്പെടുത്തി.
പതിനാല് മിനിറ്റിനിടെ ഹാട്രിക് സ്വന്തമാക്കിയ നോനി മഡ്യുകെയുടെ തകര്‍പ്പന്‍ പ്രകടനമാണ് ചെല്‍സിക്ക് വോള്‍വ്സിനെതിരെ ഉജ്ജ്വല വിജയം സമ്മാനിച്ചത്. 49, 58, 63 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോള്‍. രണ്ടാം മിനിറ്റില്‍ നിക്കോളാസ് ജാക്സനാണ് ചെല്‍സിയുടെ ആദ്യ ഗോള്‍ നേടിയത്. പിന്നീട് 27-ാം മിനിറ്റില്‍ കോള്‍ പാമറും 80-ാം മിനിറ്റില്‍ ജാവോ ഫെലിക്സും ലക്ഷ്യം കണ്ടു. വോള്‍വ്സിനായി 27-ാം മിനിറ്റില്‍ മാത്യൂസ് കുഞ്ഞ, ആദ്യപകുതിയുടെ പരിക്ക് സമയത്ത് യോര്‍ഗന്‍ ലാര്‍സനും ഗോളടിച്ചു.
ബ്രന്റ്ഫോര്‍ഡിനെതിരായ കളിയില്‍ ലൂയിസ് ഡയസ്, സൂപ്പര്‍ താരം മുഹമ്മദ് സല എന്നിവരാണ് ലിവര്‍പൂളിനായി ഗോളടിച്ചത്. 13-ാം മിനിറ്റില്‍ ഡീഗോ ജോട്ടയുടെ അസിസ്റ്റില്‍ നിന്നാണ് ഡയസ് ലക്ഷ്യം കണ്ടത്. പിന്നീട് ഒരു ഗോളടിക്കാന്‍ 70-ാം മിനിറ്റുവരെ ലിവര്‍പൂളിന് കാത്തിരിക്കേണ്ടിവന്നു. ഇത്തവണ ഗോളിന് അവസരമൊരുക്കിയത് ആദ്യ ഗോളടിച്ച ലൂയിസ് ഡയസ്. ഡയസ് ഒരുക്കിക്കൊടുത്ത അവസരത്തില്‍ നിന്ന് സൂപ്പര്‍ താരം മുഹമ്മദ് സല ലക്ഷ്യം കാണുകയായിരുന്നു. ലിവര്‍പൂളിന്റെ തുടര്‍ച്ചയായ രണ്ടാം വിജയാണിത്. ആദ്യകല്യില് ഇപ്സിച്ച് ടൗണിനെയും ഇതേ മാര്‍ജിനില്‍ ലിവര്‍പൂള്‍ തോല്‍പ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: