തിരുവനന്തപുരം: കുട്ടികള്‍ ജീവനുള്ള ഈശ്വരരൂപങ്ങളാണെന്നും ഉണ്ണിക്കണ്ണന്മാരായി അവര്‍ മാറുമ്പോള്‍ ദേവാംശമാണ് നമ്മള്‍ അവരില്‍ കാണുന്നതെന്നും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. ബാലഗോകുലം തിരുവനന്തപുരം മഹാനഗര്‍ സംഘടിപ്പിച്ച മഹാശോഭായാത്ര പാളയം ഗണപതിക്ഷേത്രത്തിനു മുന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകം കണ്ട പൂര്‍ണ മനുഷ്യനാണ് ശ്രീകൃഷ്ണന്‍.
കാരാഗൃഹത്തില്‍ പിറന്നിട്ടും മനുഷ്യന് മുഴുവന്‍ ഭൗതികമായും അധര്‍മ്മത്തില്‍ നിന്ന് ധര്‍മ്മത്തിലേക്കുമുള്ള സ്വാതന്ത്ര്യം നേടിക്കൊടുത്ത ദൈവമാണ് ശ്രീകൃഷ്ണന്‍. പ്രകൃതിയെ സ്‌നേഹിക്കണമെന്നും പ്രകൃതിയാണ് മനുഷ്യനെ സംരക്ഷിക്കുന്നതെന്നും ശ്രീകൃഷ്ണന്‍ നമ്മെ പഠിപ്പിച്ചു. ഇന്ന് നമ്മള്‍ അനുഭവിക്കുന്ന ദുഃഖങ്ങളും ദുരന്തങ്ങളും പ്രകൃതിയില്‍ നിന്ന് നാം അകന്നതുകൊണ്ട് സംഭവിച്ചതാണ്. ദ്രൗപദിയെ വസ്ത്രാക്ഷേപം നടത്തി ആക്ഷേപിച്ച സമയത്ത് അതിനെ പ്രതിരോധിച്ച് സ്ത്രീസുരക്ഷയിലും ശ്രീകൃഷ്ണന്‍ മാതൃകകാട്ടി. ഉദാരവത്കരണ കാലത്ത് തന്ത്രം എങ്ങനെയായിരിക്കണമെന്നും ചിന്താക്കുഴപ്പമുണ്ടാകുന്ന സമയത്ത് ഏതാണ് ശരിയെന്നും പഠിപ്പിച്ചു. ഈ അംശങ്ങളെല്ലാം ഉണ്ണിക്കണ്ണന്മാരിലൂടെ സമൂഹത്തില്‍ എത്തിച്ചേരട്ടെയെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: