ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി ലോറി ഡ്രൈവര്‍ അര്‍ജുനായി തിങ്കളാഴ്ച വീണ്ടും തെരച്ചില്‍ നടത്തി. ഗംഗാവലി പുഴയില്‍ മാര്‍ക്ക് ചെയ്ത സ്ഥലത്ത് നാവിക സേന വീണ്ടും സോണാര്‍ പരിശോധന നടത്തി.
ലോറി ഉണ്ടെന്ന് കരുതുന്ന സ്ഥാനത്തിന് മാറ്റമുണ്ടോ എന്ന് കണ്ടെത്താനാണ് സോണാര് പരിശോധന നടത്തിയത്. പുഴയിലെ അടിയൊഴുക്കും പരിശോധിച്ചു. ഗംഗാവലി പുഴയിലെ നിലവിലെ അടിയൊഴുക്ക് 4 നോട്‌സാണ്.
അതിനിടെ അര്‍ജുനെ കണ്ടെത്താനുളള തെരച്ചില്‍ ഭാഗമായി ഡ്രെഡ്ജിംഗ് തുടങ്ങണമെന്ന ആവശ്യവുമായി കേരള നേതാക്കള്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കാണാന്‍ തീരുമാനിച്ചിട്ടുണ്ട്. എംകെ രാഘവന്‍ എംപി, മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്‌റഫ്, കാര്‍വാര്‍ എംഎല്‍എ സതീശ് സെയ്ല്‍, അര്‍ജുന്റെ ബന്ധുക്കള്‍ എന്നിവരാണ് ബുധനാഴ്ച കര്‍ണാടക മുഖ്യമന്ത്രിയെ കാണുക. കര്‍ണാടക ഉപ മുഖ്യമന്ത്രി ശിവകുമാറിനെയും സംഘം കാണും. ഡ്രെഡ്ജര്‍ സ്ഥലത്ത് എത്തിക്കാന്‍ 96 ലക്ഷം രൂപ ചെലവാകുമെന്ന് കാണിച്ച് ഉത്തര കന്നഡ ജില്ലാ കളക്ടര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്തയച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക