കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതിചേര്‍ക്കേണ്ട അദ്ധ്യായത്തിന്റെ മുപ്പത്തിനാലാമത് വാര്‍ഷികദിനമാണ് ആഗസ്റ്റ് 26. ചിരപുരാതനമായ സംസ്കൃതി നിത്യനൂതനമായി നിലനിര്‍ത്താനുള്ള സര്‍ഗവൈഭവത്തിന്റെ നേര്‍സാക്ഷ്യമാണ് 1987 ആഗസ്റ്റ് 26 ന് നടന്ന ‘പാലിയം വിളംബരം’.
എറണാകുളം ജില്ലയില്‍ വടക്കന്‍ പറവൂരിലെ ചേന്ദമംഗലത്തുള്ള പാലിയം തറവാട്ടില്‍ – അതെ, പാലിയത്തച്ഛന്റെ ഗൃഹം – കേരളത്തിന്റെ ആദ്ധ്യാത്മിക-ധാര്‍മ്മിക-അനുഷ്ഠാനമേഖലകളിലെ ആ തലമുറയിലെ അധികാരികള്‍ ഒത്തുകൂടി. അക്കൂട്ടത്തില്‍ വൈദികശ്രേഷ്ഠരുണ്ടായിരുന്നു. താന്ത്രിക ആചാര്യന്മാരുണ്ടായിരുന്നു. അക്കിത്തിരിമാരും അടിതിരിമാരും സോമയാജിമാരും തച്ചുശാസ്ത്രവിദഗ്ദ്ധരും, ജ്യോതിഷികളും അതത് മേഖലകളിലെ കുലപതികള്‍, അവരെല്ലാവരുമുണ്ടായിരുന്നു. അവരുടെ ഒത്തുകൂടലിന്റെ ലക്ഷ്യം എന്തായിരുന്നു? വര്‍ണ്ണാശ്രമവ്യവസ്ഥ ജന്മസിദ്ധമല്ല, കര്‍മ്മസിദ്ധമാണ് എന്ന് പ്രഖ്യാപിക്കലായിരുന്നു ലക്ഷ്യം. അയ്യായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് ഭഗവാന് കൃഷ്ണന് ഇക്കാര്യം അസന്ദിഗ്ധമായി വെളിവാക്കിയിരുന്നു. ‘ചാതുര്‍വര്‍ണ്യം മയാ സൃഷ്ടം ഗുണകര്‍മ്മവിഭാഗശഃ’ എന്ന്. അതായത് വര്‍ണ്ണവ്യവസ്ഥയുടെ അടിസ്ഥാനം കര്‍മ്മസിദ്ധമാണ്. ജന്മം കൊണ്ടല്ല എന്നര്‍ത്ഥം. പക്ഷെ, പോയ സഹസ്രാബ്ദങ്ങള്‍ വിദേശാക്രമണങ്ങളെക്കൊണ്ടും, രാജശാസനങ്ങളിലെ താന്‍പോരിമകൊണ്ടും ചലനാത്മകത നഷ്ടപ്പെട്ടപ്പോള്‍ പല വ്യവസ്ഥകള്‍ ജീര്‍ണ്ണിച്ചു. അധിനിവേശപ്രവണതകള്‍ സൃഷ്ടിച്ച ആശയങ്ങള്‍ ഇന്നാട്ടുകാരില്‍ പരകായപ്രവേശം കൂടി ചെയ്തതോടെ സാമൂഹ്യവ്യവസ്ഥിതി അപ്പാടെ താറുമാറായി. കെട്ടുകഥകളും അന്ധവിശ്വാസങ്ങളും അനുഷ്ഠാനങ്ങളായി തെറ്റിദ്ധരിക്കപ്പെട്ടു. ജാതിഭ്രാന്ത് അതിന്റെ പരകോടിയിലെത്തി.
സ്വാതന്ത്ര്യലബ്ധിക്ക് ആറേഴു പതിറ്റാണ്ടു മുമ്പ് കേരളത്തില്‍ നവോത്ഥാനശ്രമങ്ങള്‍ നടന്നത് നിസ്സാരകാര്യമല്ല. തുഞ്ചത്താചാര്യന്റെ കൃതികള്‍ക്ക് ലഭിച്ച ജനകീയത അതിന്റെ ലക്ഷണമാണ്. ആചാര്യത്രയം എന്ന് വിശേഷിപ്പിക്കാവുന്ന ചട്ടമ്പിസ്വാമി തിരുവടികള്‍, ശ്രീനാരായണഗുരുദേവന്‍, മഹാത്മാ അയ്യന്‍കാളി എന്നിവരുടെ ആദ്ധ്യാത്മികതയിലൂന്നിയ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍, കവിത്രയത്തിന്റെ സര്‍ഗ്ഗാത്മക ആശയങ്ങളും രചനകളും, വി.ടി, കേളപ്പജി തുടങ്ങിയവരുടെ പ്രവര്‍ത്തനങ്ങള്‍, ഇവയ്ക്കൊപ്പം, കൊച്ചി , തിരുവിതാംകൂര്‍ രാജവംശങ്ങളുടെ വിശാലമായ കാഴ്ചപ്പാട് എന്നിങ്ങനെ പല ഘടകങ്ങളും ചേര്‍ന്നപ്പോള്‍ ഹൈന്ദവജനതയുടെ ധാര്‍മ്മികമായ ഒരു മുന്നേറ്റം ദൃശ്യമായി. ഇതിനിടയില്‍ സ്വാതന്ത്ര്യലബ്ധിയുമുണ്ടായി.
പക്ഷെ, സാമൂഹ്യസമരസത അപ്പോഴും വിദൂരത്തായിരുന്നു. മതവെറിയാല്‍ താറുമാറാക്കപ്പെട്ട നൂറു കണക്കിന് ക്ഷേത്രങ്ങളുടെ പുനരുദ്ധാരണം മുഖ്യലക്ഷ്യമായി കണക്കാക്കി രൂപംകൊണ്ട കേരള ക്ഷേത്രസംരക്ഷണസമിതിയുടെ വേദിയിലേയ്ക്ക് നവോത്ഥാന ആശയങ്ങളെല്ലാം ഒഴുകിയെത്തി എന്ന് പറഞ്ഞാല്‍ അത് ഒട്ടും അതിശയോക്തിയല്ല. സമിതിയുടെ അമരക്കാരനായിരുന്ന സ്വര്‍ഗ്ഗീയ മാധവ്ജിയുടെ തപഃസ്വാദ്ധ്യായനിരതമായ ജീവിതവും പ്രവര്‍ത്തനവും കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിന്റെ ഭാഗമായി. സംഘപ്രചാരകനെന്ന നിലയ്ക്കുള്ള ധാര്‍മ്മികബോധവും സാമൂഹ്യവീക്ഷണവും സര്‍വ്വോപരി പൂജനീയ ഗുരുജി ഗോള്‍വല്‍ക്കറുമായുള്ള ബന്ധവും ഇത്തരമൊരാശയത്തിലേയ്ക്ക് മാധവ്ജിയെ കൊണ്ടെത്തിച്ചു. താന്ത്രികം, അനുഷ്ഠാനം, ദേവാലയസങ്കല്പം എന്നീ കാര്യങ്ങളിലുള്ള മാധവ്ജിയുടെ അഗാധജ്ഞാനവും ശാസ്ത്രബോധവും പണ്ഡിതസദസ്സുകളില്‍ അദ്ദേഹത്തെ പ്രഥമഗണനീയനാക്കിത്തീര്‍ത്തു. ജ്യോതിഷം, വാസ്തു, ദേവാലയനിര്‍മ്മാണം, തന്ത്രം, അനുഷ്ഠാനാചാരങ്ങള്‍ എന്നീ കാര്യങ്ങളില്‍ കേരളത്തിലെ സകല വിദ്വാന്മാരും അദ്ദേഹത്തെ അനുസരിച്ചു എന്ന് പറയുന്നത് തീര്‍ത്തും ശരിയായിരുന്നു.
കേരളത്തിലെ ഹിന്ദുസമൂഹം ഒരുമിക്കണമെങ്കില്‍, അവരിലെ വേര്‍തിരിവ് ആദ്യമേ മാറേണ്ടത് ആദ്ധ്യാത്മികമേഖലയിലാണ്. അത് എളുപ്പമാണുതാനും. അങ്ങനെയാണ് ബ്രാഹ്മണ്യം എന്നത് ജന്മസിദ്ധമല്ല, കര്‍മ്മസിദ്ധമാണ് എന്ന തത്വം അദ്ദേഹം അവതരിപ്പിച്ചത്. ബ്രാഹ്മണ്യം സിദ്ധിക്കാന്‍ ഹിന്ദുവായി ജനിച്ച ആര്‍ക്കും അവകാശമുണ്ട്, നിയമതടസ്സമില്ല, ശാസ്ത്രതടസ്സമില്ല. ഇനി സാമൂഹികമായും തടസ്സമുണ്ടാകരുത്. എല്ലാ വിഭാഗം ജനങ്ങളെയും അതിന് പ്രോത്സാഹിപ്പിക്കണം ഇതായിരുന്നു മാധവ്ജിയുടെ ചിന്ത. മഹത്തായ ഈ ലക്ഷ്യത്തോടെ അദ്ദേഹം കേരളത്തിലുടനീളമുള്ള വ്യക്തിത്വങ്ങളെ (മേല്പറഞ്ഞ മേഖലയിലെ ആധികാരിക വ്യക്തികള്‍) നിരന്തരമായി സമ്പര്‍ക്കം ചെയ്തു. അര്‍ത്ഥശൂന്യമായ ജീര്‍ണസങ്കല്പങ്ങള്‍ ഉപേക്ഷിക്കണമെന്ന ആശയം മുന്നോട്ടു വെച്ചു.
ആ ശ്രേഷ്ഠവ്യക്തിത്വങ്ങളുടെതന്നെ നേതൃത്വത്തിലാണ് പാലിയം വിളംബരം ഉണ്ടായത്.
നിശ്ശബ്ദമായ ഒരു വിപ്ലവം! സമരങ്ങളില്ലാതെ, ധര്‍ണ്ണയും ഘെരാവോകളും ഒച്ചയും പ്രതിഷേധവും വെടിവെപ്പും ഒന്നും ഇല്ലാതെ, ഒരു പ്രത്യാഘാതവും പിന്നീടുണ്ടാകാതെ ഹിന്ദുസമൂഹം ആ മാറ്റം ഉള്‍ക്കൊണ്ടു. അങ്ങിെന, തന്ത്രം, പൂജ, വേദപഠനം എന്നിത്യാദി കാര്യങ്ങള്‍ക്ക്, അടിസ്ഥാനയോഗ്യതയായ ബ്രാഹ്മണ്യം ജന്മംകൊണ്ടല്ല, കര്‍മ്മം കൊണ്ടാണ് എന്ന തത്വമനുസരിച്ച് ബ്രാഹ്മണേതരവിഭാഗങ്ങളും ഇക്കാര്യത്തിന് അര്‍ഹരായിത്തീര്‍ന്നുവെന്ന മഹത്തായ നവോത്ഥാനം സാധ്യമായി. യോഗ്യതയുള്ള ആര്‍ക്കും അര്‍ഹതപ്പെട്ടതാണ് ബ്രാഹ്മണ്യം. ജാതിപരമല്ല എന്ന വസ്തുതയ്ക്ക് സമ്പൂര്‍ണ്ണ അംഗീകാരമുണ്ടായി.
വേദപഠനവും തന്ത്രവും പൂജയും ചെയ്യാനുള്ള അവകാശം എന്നത് മാത്രമല്ല, ബ്രാഹ്മണ്യത്തിന് പോലും ആര്‍ക്കും അവകാശം ലഭിക്കുന്നു എന്നത് ചെറിയ കാര്യമല്ലല്ലൊ. കൃഷ്ണഭഗവാന് പറഞ്ഞ ലക്ഷ്യത്തിലേയ്ക്കുള്ള പ്രയാണം! ഒരേ വീട്ടില്‍ എല്ലാ വര്‍ണക്കാരുമുണ്ടാകാം. ജാതിയല്ല നിര്‍ണ്ണായകഘടകം! ഇതംഗീകരിക്കാന്‍ വൈമുഖ്യം കാണിക്കുന്ന ഒരു വിഭാഗം ഇനിയും സമൂഹത്തിലുണ്ട്. പല രാഷ്ട്രീയകക്ഷികളും അതില്‍പെടുന്നു. ഹിന്ദുസമൂഹം ഇക്കാര്യത്തില്‍ ഉറച്ചുനിന്നേ മതിയാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: