കേരളം ഇന്നഭിമുഖീകരിക്കുന്ന ഏറ്റവും ഗുരുതരമായ പ്രശ്നം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് അല്ല. ഇന്ന് ഏതാണ്ട് മുഴുവന്‍ മാധ്യമങ്ങളും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെയും ചലച്ചിത്ര താരങ്ങളുടെ സ്വകാര്യ ജീവിതത്തെയും തേടി പോകുമ്പോള്‍ ഇക്കാര്യത്തില്‍ വന്ന ഏറ്റവും മികച്ച പ്രതികരണം ചലച്ചിത്ര നടന് ജോയ് മാത്യുവിന്റേതാണ്.എന്റര്‍ടൈന്‍മെന്റ് ഇന്‍ഡസ്ട്രി അഥവാ വിനോദകലാ വ്യവസായരംഗത്ത് ഉണ്ടായിട്ടുള്ള മലീമസമായ സാഹചര്യങ്ങളാണ് ഇന്നത്തെ വിഴുപ്പ് അലക്കിന് പിന്നില്‍ എന്നാണ് അദ്ദേഹം പറയുന്നത്. ഒരു വ്യവസായ രംഗത്തെ പ്രശ്നങ്ങള്‍ എന്ന നിലയില്‍ ഇതിനെ കാണുന്നതിന് പകരം ആ വ്യവസായത്തെ പൂര്‍ണ്ണമായും തകര്‍ക്കുന്ന രീതിയില്‍, ചലച്ചിത്ര മേഖലയിലെ മുഴുവന്‍ പേരുടെയും വിശ്വാസ്യത ചോദ്യം ചെയ്യുന്ന രീതിയില്‍, ചലച്ചിത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ പേരുടെയും സ്വഭാവഹത്യ നടത്തുന്ന രീതിയില്‍ ഈ പ്രശ്നത്തെ കൈകാര്യം ചെയ്യേണ്ടതുണ്ടോ?
സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ ഗുരുതര വീഴ്ച ഇക്കാര്യത്തില്‍ സംഭവിച്ചിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയിട്ട് കൊല്ലം നാല് കഴിഞ്ഞിട്ടും ഈ റിപ്പോര്‍ട്ടില്‍ നടപടികള്‍ സ്വീകരിക്കാനോ ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ട് അടക്കം നിയമസഭയില്‍ വെക്കാനോ യാതൊരു നടപടികളും സാംസ്കാരിക വകുപ്പും പൊതുഭരണ വകുപ്പും ചെയ്തിട്ടില്ല. സാധാരണഗതിയില്‍ ഇത്തരം ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ടുകള്‍ ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ടുകള്‍ അടക്കമാണ് നിയമസഭയില്‍ വെക്കാറുള്ളത്. ഈ റിപ്പോര്‍ട്ട് വന്ന് നാലു വര്‍ഷം പിന്നിട്ടിട്ടും എന്തുകൊണ്ട് നിയമസഭയില്‍ ഇത് സമര്‍പ്പിക്കാനും ചര്‍ച്ച നടത്താനും നടപടി സ്വീകരിക്കാനും തയ്യാറായില്ല എന്നതിന് സമാധാനം പറയാനുള്ള ബാധ്യത മുഖ്യമന്ത്രി പിണറായി വിജയനും സാംസ്കാരിക വകുപ്പിന്റെ ചുമതലയുള്ള മന്ത്രി സജി ചെറിയാനും ഉണ്ട്. സ്ത്രീ സംരക്ഷണം ഉറപ്പാക്കും എന്നും സ്ത്രീയുടെ അവകാശ സംരക്ഷണം ഇടതുമുന്നണിയുടെ നയമാണെന്നും അതിനുവേണ്ടി പ്രതിജ്ഞാബദ്ധം ആണെന്നും പറഞ്ഞുകൊണ്ടാണ് ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്.
സ്ത്രീകളുടെ അവകാശ സംരക്ഷണത്തിന് വേണ്ടി ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് വനിതാ മതില് കെട്ടുമ്പോള്‍ അത് നൂറ്റാണ്ടുകളായി ശബരിമലയില്‍ നിലനിന്നിരുന്ന ആചാരാനുഷ്ഠാനങ്ങള്‍ തകര്‍ക്കാനും അയ്യപ്പഭക്തരുടെയും ഹിന്ദു ജനവിഭാഗത്തെയും ഭക്തിയുടെയും വിശ്വാസത്തിന്റെയും ചിന്തകളെ തച്ചു തകര്‍ക്കാനും മാത്രമായിരുന്നു. ശരീരം മുഴുവന്‍ മൂടിയ ഹിജാബും പര്‍ദ്ദയുമായി വന്നവരെയും വനിതാ സംരക്ഷണത്തിന്റെ പേരില്‍ വനിതാ മതിലില്‍ കയറ്റിനിര്‍ത്താന്‍ പിണറായിയും സിപിഎമ്മും തയ്യാറായി. തമിഴ്നാട്ടില്‍ നിന്ന് വനിതകളെ ശബരിമലയില്‍ കൊണ്ടുവരാനും ഇരുളിന്റെ മറവില്‍ സന്നിധാനത്തേക്ക് കയറ്റി വിടാനും ഒത്താശ ചെയ്തത് കേരള പോലീസായിരുന്നു. ഹിന്ദുവിന്റെ നെഞ്ചത്ത് ചവിട്ടിക്കയറാനും അവന്റെ ആചാര വിശ്വാസങ്ങളെ ചവിട്ടി മെതിക്കാനും കാട്ടിയ ആവേശം ഒന്നും മറ്റു മതസ്ഥരുടെ കാര്യത്തില്‍ ഉണ്ടായില്ല. ശബരിമലയില്‍ കാട്ടിയ ആവേശത്തിന്റെ പകുതിയെങ്കിലും ചലച്ചിത്ര മേഖലയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കിയിരുന്നെങ്കില്‍ ,അതനുസരിച്ച് നടപടി എടുത്തിയിരുന്നെങ്കില് കഴിയുമായിരുന്നു.ആ തരത്തിലുള്ള ഒരു നടപടിയും ഇല്ലാതെ റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ച് കുറ്റക്കാരെ രക്ഷപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതിന്റെ കാരണം എന്താണെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്വം മുഖ്യമന്ത്രിക്കും ഭരണകൂടത്തിനും ഉണ്ട്.
സുപ്രീംകോടതിയുടെ ഉത്തരവനുസരിച്ച് ഉഭയ കക്ഷി സമ്മതപ്രകാരം ലൈംഗികബന്ധം നടത്താനുള്ള അവകാശം ആര്‍ക്കുമുണ്ട്. ഇപ്പോള്‍ സദാചാരത്തിന്റെ പേര് പറഞ്ഞ് അത് തടയാനുള്ള അധികാരം ആര്‍ക്കുമില്ല. ചലച്ചിത്ര മേഖലയിലും ഇതുതന്നെയാണ് പ്രശ്നം. സമ്മതപ്രകാരം അല്ലാതെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും ആരെങ്കിലും ഏതെങ്കിലും വനി
തകളെ പീഡിപ്പിക്കുകയോ ദുരുപയോഗം ചെയ്യുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്ക് സംരക്ഷണം നല്‍കാനും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും പീഡകര്‍ക്കെതിരെ നടപടികള്‍ എടുക്കാനുമുള്ള ബാധ്യത സംസ്ഥാന ഭരണകൂടത്തിനുണ്ട്. ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങളില്‍ ഇത് ഉള്‍പ്പെടുന്നു. ആ അവകാശങ്ങളെ പോലും ഹനിക്കുന്ന രീതിയിലാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത്. ഒരു മന്ത്രിയും ഒരു എംഎല്‍എയും ചില കോര്പ്പറേഷന് അല്ലെങ്കില്‍ അക്കാദമി തലവന്മാരും ചില പ്രമുഖരും ആരോപണ വിധേയരാണ് എന്നതുകൊണ്ട് മാത്രം ഒരു അന്വേഷണ കമ്മിറ്റി റിപ്പോര്‍ട്ട് വര്‍ഷങ്ങളോളം പൂഴ്ത്തിവയ്ക്കാന്‍ ഒരു ജനാധിപത്യ ഭരണകൂടത്തിന് എങ്ങനെ കഴിയും? .ഇപ്പോള്‍ ഈ വൈകിയ വേളയില്‍ എങ്കിലും അന്വേഷണ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ കാരണം വിവരാവകാശ കമ്മീഷന് അംഗമായ അബ്ദുല്‍ ഹക്കീം സ്വീകരിച്ച അതിശക്ത നിലപാടാണ്. റിപ്പോര്‍ട്ടിലെ 49 മത്തെ പേജിലെ 96 ആം ഖണ്ഡികയും 81 മുതല്‍ 100 വരെ പേജുകളിലെ 165 മുതല്‍ 196 വരെ ഖണ്ഡികകളും ഒഴിവാക്കണമെന്നാണ് വിവരാവകാശ കമ്മീഷണര്‍ ഉത്തരവില്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ 49 മുതല്‍ 53 വരെ പേജുകളിലെ 11 ഖണ്ഡികകള്‍ ഒഴിവാക്കിയാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പുകള്‍ പുറത്തുവിട്ടത്. വിവരാവകാശ കമ്മീഷണര്‍ നിര്‍ദ്ദേശിക്കാത്ത ഖണ്ഡികകള്‍ ഒഴിവാക്കിയത് ആരെ രക്ഷിക്കാനാണ്. അവിടെയാണ് ഈ സംഭവത്തിന്റെ കാണാമറയത്തുള്ളവര്‍ പ്രസക്തരാകുന്നത്.
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ സോളാര്‍ കേസ് ആരോപണം ഉയര്‍ത്തി അദ്ദേഹത്തെ അപമാനിക്കാന്‍ ശ്രമിച്ചവര്‍ മുന്നോട്ടുവെച്ചത് ഇടതുമുന്നണി വരും എല്ലാം ശരിയാകും എന്ന മുദ്രാവാക്യമാണ് .സ്ത്രീ പീഡനത്തിന്റെ സാധ്യതകള്‍ പൂര്‍ണ്ണമായും ഇല്ലാതാക്കും എന്നും ശക്തമായ നടപടി ഉണ്ടാകും എന്നും ഇടതുമുന്നണി വാഗ്ദാനം ചെയ്തതാണ്. ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനു ശേഷമാണ് അന്നത്തെ ചലച്ചിത്ര അക്കാദമി അധ്യക്ഷനായ കമല്‍ എന്ന കമാലുദ്ദീന് എതിരെ ആക്ഷേപം ഉയര്‍ന്നത്. പ്രണയ മീനുകളുടെ കടല്‍ എന്ന സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്ന വാര്‍ത്ത പുറത്തുവന്നെങ്കിലും അതിനെതിരെ യാതൊരു നടപടിയും പിന്നീട് ഉണ്ടായില്ല. സിപിഎം നേതാക്കള്‍ക്കെതിരെ, ഡിവൈഎഫ്ഐ – എഐവൈഎഫ് നേതാക്കള്‍ കൊടുത്ത പരാതികളില്‍ പോലും തീവ്രത അളക്കാന്‍ കമ്മീഷന് പോയത് ഒഴികെ യാതൊരു നടപടിയും ഉണ്ടായില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് അവസാന നിമിഷം വരെ കൊടുക്കാതിരിക്കാനും ആരോപണ വിധേയരെ രക്ഷിക്കാനുമുള്ള അതിരുവിട്ട ശ്രമമാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. റിപ്പോര്‍ട്ട് ഏതായാലും ഹൈക്കോടതിയുടെ പരിഗണനയിലാണ്. ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ട് ഉണ്ടാകാത്ത സാഹചര്യത്തില്‍ സമ്പൂര്‍ണ്ണ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ള ഗുരുതര പ്രശ്നങ്ങളെ കുറിച്ച് ഒരു സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നിയോഗിച്ചാല്‍ ഈ പ്രശ്നത്തില്‍ ശാശ്വത പരിഹാരം കാണാന്‍ കഴിയും. ഒപ്പം ചലച്ചിത്ര മേഖല ശുദ്ധീകരിക്കാന്‍ കഴിയുന്ന വിധം നിര്‍ദ്ദേശങ്ങള്‍ നല്കാന് കഴിയുന്ന അമിക്കസ് ക്യൂറിമാരെയും കോടതിക്ക് നിയോഗിക്കാന്‍ കഴിയും. കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ അല്ലാതെ ഇക്കാര്യത്തില്‍ അന്വേഷണം നടന്നാല്‍ രാഷ്ട്രീയ അട്ടിമറിക്കുള്ള സാധ്യത വളരെ കൂടുതലാണ്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കേരളത്തിലെ ഒരു വ്യവസായ മേഖലയെ മാത്രം ബാധിക്കുന്നതാണ്. കേരളത്തിലെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും ഗുരുതര പ്രശ്നം വയനാട്ടിലെ ഉരുള്‍പൊട്ടലും പശ്ചിമഘട്ട മലനിരകളുടെ തകര്‍ച്ചയും സംസ്ഥാന സര്‍ക്കാര്‍ ദുരിതാശ്വാസ നിധിയുടെ പേരില്‍ നടത്തുന്ന തീവെട്ടി കൊള്ളയും ഒക്കെ തന്നെയാണ്. സാലറി ചലഞ്ചിന്റെ പേരില്‍ അനുവാദം നല്കാത്തവരുടെ ശമ്പളം പോലും നിര്‍ബന്ധമായും പിടിക്കാനുള്ള ശ്രമം പൂര്‍ണ്ണമായും ജനാധിപത്യ വിരുദ്ധമാണ്. കേരളത്തിലെ പൊതുജനങ്ങള്‍ക്ക് ഒരു പ്രശ്നമുണ്ടായാല്‍ ശമ്പളത്തില്‍ നിന്ന് സംഭാവന നല്‍കാനുള്ള ബാധ്യത സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒക്കെയുണ്ട്. പക്ഷേ ഇങ്ങനെ പിരിക്കുന്ന സംഭാവന അര്‍ഹമായ പാത്രങ്ങളിലേക്ക്, യോഗ്യമായ കൈകളിലേക്ക് എത്തുന്നു എന്ന് ഉറപ്പുവരുത്താനുള്ള സംവിധാനം സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കേണ്ടത് അല്ലേ?
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ ഉപയോഗം സംബന്ധിച്ച് ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ ജീവനക്കാരുടെ മാത്രമല്ല സാധാരണ ജനങ്ങളുടെ കൂടി വിശ്വാസത്തെ ഇല്ലാതാക്കുന്നതാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്കിയ പണം എങ്ങനെ ചെലവഴിച്ചു എന്ന് പൊതുജനങ്ങളെ ബോധ്യപ്പെടുത്താന്‍ സംസ്ഥാന ഭരണകൂടത്തിന് കഴിഞ്ഞില്ലെങ്കില്‍ ആ നിധിയിലേക്ക് പണം നല്കാന് പൊതുജനം മുതിരില്ല എന്ന കാര്യം സര്‍ക്കാര്‍ മനസ്സിലാക്കണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ വിനിയോഗം സുതാര്യമായിരിക്കണം. രാഷ്ട്രീയ സുഹൃത്തുക്കള്‍ക്ക് മെച്ചപ്പെട്ട ജീവിതം ഒരുക്കാന്‍, അവരുടെ കുടുംബാംഗങ്ങള്‍ക്ക് അത്താണി ഒരുക്കാന്‍ വേണ്ടിയുള്ളതല്ല മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി. രാഷ്ട്രീയക്കാരെ സഹായിക്കാന്‍ പാര്‍ട്ടി ഫണ്ടോ പാര്‍ട്ടി സംവിധാനമോ ഉപയോഗപ്പെടുത്താന്‍ കഴിയണം. സാധാരണ പിഞ്ചു കുഞ്ഞുങ്ങളുടെ വഞ്ചിപ്പെട്ടി മുതല്‍ സാധാരണക്കാരില്‍ സാധാരണക്കാരായ കൂലിപ്പണിക്കാരുടെയും തൊഴിലാളികളുടെയും വരെ സംഭാവന കൊണ്ട് സൃഷ്ടിച്ചിട്ടുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അര്‍ഹരായവര്‍ക്ക് മാത്രമേ കൊടുക്കാവൂ .പിണറായി വിജയന് മുഖ്യമന്ത്രി ആയതിനു ശേഷം മലയാളികള്‍ ഓണം ആഘോഷിച്ചിട്ടില്ല .2016 മുതല്‍ 2024 വരെ എല്ലാവര്‍ഷവും പ്രളയക്കെടുതി ദുരന്തങ്ങള്‍ മുതല്‍ കൊവിഡും ഒക്കെയായി മലയാളിക്ക് ഓണം ഉണ്ടായിട്ടില്ല. ഭരണാധികാരി സത്യസന്ധനും പ്രജാക്ഷേമ തല്പരനും അല്ലെങ്കില്‍ ദുരിതവും ദുരന്തവും അനാവൃഷ്ടിയും പേമാരിയും തുടരെ ഉണ്ടാകും എന്ന് നമ്മുടെ പുരാണങ്ങള്‍ പറയുന്നുണ്ട്. ആ അവസ്ഥയിലൂടെയാണ് ഇന്ന് കേരളം പൊയ്ക്കൊണ്ടിരിക്കുന്നത്. സംസ്ഥാന ഭരണകൂടത്തിന്റെ ദുഷ്ചെയ്തികള്‍ തിരുത്താനും ജനഹിതമറിഞ്ഞ് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും തയ്യാറായാല്‍ അടുത്ത ഓണമെങ്കിലും ആഘോഷിക്കാന്‍ കഴിയും. അതിനുവേണ്ടിയുള്ള ജനക്ഷേമ നടപടികളിലേക്ക്, ജനകീയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലേക്ക്, അഴിമതിയും സ്വതന പക്ഷപാതവും ഒഴിവാക്കുന്നതിലേക്ക് ഇനിയെങ്കിലും ശ്രദ്ധ പതിപ്പിക്കണം. അതിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: