ചെന്നൈ: സര്‍ക്കാരില്‍നിന്ന് സാമ്പത്തിക സഹായം സ്വീകരിക്കുന്ന ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മതേതര തത്വങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണെന്ന് മദ്രാസ് ഹൈക്കോടതി. ഒരു പ്രത്യേക മതത്തില്‍ നിന്നുള്ള ജീവനക്കാരെമാത്രം നിയമിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. പള്ളി തയാറാക്കിയ സീനിയോറിറ്റി ലിസ്റ്റില്‍ നിന്ന് മാത്രം അദ്ധ്യാപകരെ നിയമിക്കാനുള്ള തിരുനെല്‍വേലി രൂപതയുടെ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്ന് മധുര ബെഞ്ചിലെ ജസ്റ്റിസ് ജി.ആര്. സ്വാമിനാഥന് വിലയിരുത്തി.
ഇത്തരത്തിലുള്ള നിയമന പ്രക്രിയ തികച്ചും വിവേചനപരമാണ്. ഒരു പ്രത്യേക മതവിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥിക്ക് മാത്രമേ അപേക്ഷിക്കാന്‍ അര്‍ഹതയുള്ളൂ എന്ന വാദം ഭരണഘടനാപരമായ ധാര്‍മ്മികതയ്ക്ക് എതിരാണ്.
സംസ്ഥാന ഖജനാവില്‍ നിന്ന് ശമ്പളം നല്കുമ്പോള്, നിയമന പ്രക്രിയ യോഗ്യരായ എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കുമായി തുറന്നുകൊടുക്കണമെന്നത് മതേതരത്വത്തിന്റെ പ്രാഥമിക തത്വങ്ങളില്പ്പെടുന്നതാണെന്ന് ജസ്റ്റിസ് സ്വാമിനാഥന് പറഞ്ഞു. എയ്ഡഡ്, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ ന്യായവും സുതാര്യവുമാണെന്ന് ഉറപ്പാക്കാന്‍ നിയമം കൊണ്ടുവരണമെന്നും കോടതി ആവശ്യപ്പെട്ടു.
എയ്ഡഡ് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ക്ക് പിന്നില്‍ വാണിജ്യപരമായ പരിഗണനകളുണ്ടെന്നത് വാസ്തവമാണെന്ന് കോടതി നിരീക്ഷിച്ചു. രൂപതയുടെ കീഴിലുള്ള സ്കൂളുകളില്‍ അദ്ധ്യാപകരെയും അഡ്മിനിസ്ട്രേറ്റര്‍മാരെയും നിയമിക്കുന്നത് സംബന്ധിച്ച് ഏകപക്ഷീയമായ തീരുമാനങ്ങള്‍ എടുക്കുന്നത് തടയാന്‍ ബിഷപ്പിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് തിരുനെല്‍വേലി രൂപത ട്രഷറര്‍ സി. മനോഹര്‍ തങ്കരാജ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
തിരുനെല്‍വേലി, തെങ്കാശി ജില്ലകളിലെ വിശ്വാസികള്‍ ഉള്‍ക്കൊള്ളുന്ന സഭയാണ് തിരുനല്‍വേലി രൂപത. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നതിന് സര്‍ക്കാരില്‍ നിന്നും യുജിസിയില്‍ നിന്നും 600 കോടി രൂപയുടെ ഫണ്ടാണ് ഇവര്‍ സ്വീകരിച്ചിട്ടുള്ളത്. മാനേജ്മെന്റുകളുടെ കാഴ്ചപ്പാടില്‍ മാത്രം വിഷയത്തെ സമീപിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടുന്നു.
കഴിവുള്ള അദ്ധ്യാപകര്‍ പഠിപ്പിക്കണമെന്നത് വിദ്യാര്‍ത്ഥിയുടെ അവകാശമാണ്. അര്‍ഹതയുണ്ട്. അത് നിറവേറ്റേണ്ടത് മാനേജ്മെന്റിന്റെ കടമയാണ്. കഴിവും വ്യക്തിത്വവുമുള്ള വിദ്യാര്‍ത്ഥികളെ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിച്ച് മാത്രമാണ് സര്‍ക്കാര്‍ അദ്ധ്യാപകരുടെ ശമ്പളം നല്‍കുന്നത്. ടീച്ചിങ് ഗ്രാന്റിനായി സംസ്ഥാന സഹായം സ്വീകരിക്കുന്നതിനുള്ള അവകാശമുള്ളതുപോലെ കഴിവുള്ള മികച്ച അദ്ധ്യാപകരെ നിയമിക്കാനുള്ള ബാധ്യതയും മാനേജുമെന്റുകള്ക്കുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
നിയമനം നടത്തുന്നതിന് ഒഴിവുകള്‍ ശരിയായ രീതിയില്‍ പൊതുസമൂഹത്തെ അറിയിക്കണം, അതിലൂടെ യോഗ്യരായ ഓരോ ഉദ്യോഗാര്‍ത്ഥിക്കും അവരുടെ ജാതി, മത പശ്ചാത്തലം പരിഗണിക്കാതെ അപേക്ഷിക്കാനുള്ള അവസരം ഉണ്ടാകണം, ഹൈക്കോടതി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: