ന്യൂദല്‍ഹി: ഇസ്ലമാബാദില്‍ ഒക്ടോബറില്‍ നടക്കുന്ന ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ(എസ്‌സിഒ) യോഗത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഔദ്യോഗികമായി ക്ഷണിച്ച് പാകിസ്ഥാന്‍. എന്നാല്‍ ക്ഷണം പ്രധാനമന്ത്രി സ്വീകരിച്ചേക്കില്ല. വര്‍ഷങ്ങളായി നയതന്ത്ര ബന്ധം വഷളായ സാഹചര്യത്തില്‍ പാക് സന്ദര്‍ശനം കൊണ്ട് പ്രയോജനമില്ലെന്ന വിലയിരുത്തലിലാണ് വിദേശകാര്യ വിദഗ്ധരും.
പ്രധാനമന്ത്രിക്ക് പകരം വിദേശകാര്യ മന്ത്രിയോ മറ്റ് പ്രതിനിധികളോ പങ്കെടുക്കാനാണ് സാധ്യത. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കേന്ദ്രസര്‍ക്കാര്‍ എടുത്തിട്ടില്ല.
ഒക്ടോബര്‍ 15,16 തീയതികളില്‍ നടക്കുന്ന എസ്‌സിഒ രാഷ്‌ട്രത്തലവന്മാരുടെ യോഗത്തില്‍ ഓണ്‍ലൈനായി പ്രധാനമന്ത്രി പങ്കെടുക്കാനുള്ള സാധ്യതകളും ശക്തമാണ്. കഴിഞ്ഞ വര്‍ഷം ബിഷ്‌കെക്കില്‍ നടന്ന യോഗത്തിലും ഈ ജൂലൈയില്‍ കസാക്കിസ്ഥാനിലെ അസ്താനയില്‍ നടന്ന യോഗത്തിലും വിദേശകാര്യമന്ത്രി എസ്. ജയശങ്കറാണ് ഭാരതത്തെ പ്രതിനിധീകരിച്ചത്. മധ്യേഷ്യന്‍ രാജ്യങ്ങളുമായി ബന്ധപ്പെട്ട ശക്തമായ സംവിധാനമാണ് എസ്‌സിഒ. ചൈനയുടെ സ്വാധീനത്തിലുള്ള എസ്‌സിഒ യോഗത്തില്‍ ചൈനയുടെ ബില്‍റ്റ് ആന്റ് റോഡ് ഇനിഷ്യേറ്റീവ് സംബന്ധിച്ച സംയുക്ത പ്രസ്താവനയില്‍ നിന്ന് കഴിഞ്ഞ വര്‍ഷം ഭാരതം വിട്ടുനിന്നിരുന്നു.
പാക് അധീന കശ്മീരിലൂടെ ചൈന നടത്തുന്ന വണ്‍ ബെല്‍റ്റ് റോഡ് പദ്ധതിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമര്‍ശനം വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ യോഗത്തില്‍ അവതരിപ്പിച്ചു. പുതിയ ബന്ധിപ്പിക്കല്‍ ലിങ്കേജുകള്‍ നിര്‍മ്മിക്കുന്നത് രാജ്യങ്ങളുടെ പരമാധികാരത്തെയും പ്രാദേശിക സമഗ്രതയേയും ബഹുമാനിച്ചുകൊണ്ടായിരിക്കണമെന്ന മോദിയുടെ പ്രസ്താവന വിദേശകാര്യമന്ത്രി വായിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: