തുടക്കത്തിലേ പറയാം, ഉരുള്‍പൊട്ടലിനേയും പ്രളയത്തേയും കുറിച്ചല്ല പറയാനദ്ദേശിക്കുന്നത്. പക്ഷേ, അതുപറയാതെ മുന്നോട്ടു പോകാനുമാവില്ലല്ലോ.
ദുരന്തങ്ങള്‍ ഉണ്ടാകുന്നതും ആവര്‍ത്തിക്കുന്നതും കേരളത്തിന് പുതിയ അനുഭവങ്ങളല്ല എന്ന് വന്നിരിക്കുന്നു. പ്രളയവും ഉരുള്‍പൊട്ടലും പോലെയുള്ളവയാണ് ആവര്‍ത്തിക്കുന്നത്. അവയ്ക്ക് പ്രതിവിധിയെന്തെന്ന് ചിന്തിച്ചുറപ്പിച്ച്, കുറ്റമറ്റ പരിഹാര നടപടികള്‍ എടുക്കുകയെന്നതാണ് ശരിയായ രീതി. പക്ഷേ കേരളത്തില്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കലാണ് പതിവ്. സ്ഥലവും കാലവും കാലാവസ്ഥയും മാറുന്നുവെന്നുമാത്രം.
ശരിയാണ്, പ്രകൃതിക്ഷോഭങ്ങളുടെ കാര്യത്തില്‍ പ്രവചനങ്ങള്‍ ചിലപ്പോഴൊക്കെ അസാദ്ധ്യമോ ചിലപ്പോള്‍ പ്രവചിച്ചതുതന്നെ അസംഭവ്യമോ ആകും. എന്നാല്‍, സമാനസ്വഭാവമുള്ള ചില ദുരന്ത സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കൈക്കൊള്ളുന്ന കരുതലുകള്‍ എന്താണ്? ഇല്ലെങ്കില്‍ ആരാണ് തടസ്സം? ഇവിടെയാണ് നമുക്ക് വിദഗ്ധരുടെ, ഉപദേശകരുടെ, നടത്തിപ്പുകാരുടെ, ഇച്ഛാശക്തിയുള്ള രാഷ്ട്രീയക്കാരുടെ ആവശ്യകത. വയനാട്ടിലെ ചൂരല്‍മല- മുണ്ടക്കൈ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഇപ്പറഞ്ഞതിന് വളരെ പ്രസക്തി.
ഉരുള്‍പൊട്ടല്‍ കേരളത്തില്‍ പലയിടങ്ങളിലായി ആവര്‍ത്തിക്കുന്നുണ്ട്. അതില്‍ പ്രകൃതിക്കുണ്ടാകുന്ന, പ്രദേശങ്ങള്ക്കുണ്ടാകുന്ന ഭേദം മാത്രമേയുള്ളൂവെങ്കില്‍ വാസ്തവത്തില്‍ വലിയ പ്രശ്നമില്ല. ഉദാഹരണത്തിന് ഭാരതത്തിന്റെ ഭൂപ്രദേശങ്ങളില്‍ പലയിടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടാകാറുണ്ട്. ചെറുതും വലുതുമായി ഒട്ടേറെ സംഭവങ്ങള്‍ വനത്തിനുള്ളിലുണ്ടാകുന്നു. അരനൂറ്റാണ്ടു മുമ്പ് കുട്ടനാട്ടിലെ നദികളിലും പുഴകളിലും ചുവന്ന കലങ്ങിയ മലവെള്ളം ഒഴുകി വരുമ്പോള്‍, അതിനൊപ്പം മരാവശിഷ്ടങ്ങളും കാണുമ്പോള്‍ മുതിര്‍ന്നവര്‍ പറയുമായിരുന്നു, കിഴക്ക് മലമുകളില്‍ കനത്ത മഴയുണ്ടെന്ന്. ഒഴുക്കിന്റെ ഗതിവേഗം കണ്ട്, ഒഴുക്കില്‍ വരുന്ന ജന്തുക്കളുടെ ജഡവും മറ്റും കണ്ട് കാട്ടില്‍ ഉരുള്‍പൊട്ടല്‍ പോലുള്ള പ്രതിഭാസം സംഭവിച്ചിട്ടുണ്ടാകാമെന്നും വിലയിരുത്തപ്പെട്ടിരുന്നു. പക്ഷേ ആള്‍നാശത്തിന്റെയും സ്വത്തു നഷ്ടത്തിന്റെയും തോത് അന്ന് കുറവായിരുന്നു; അത്തരം വാര്‍ത്തകളും. പക്ഷേ, ഇന്ന് അങ്ങനെയല്ല. ഇന്‍ഫോസിസ് സ്ഥാപക ഡയറക്ടര്‍ എന്‍.ആര്. നാരായണ മൂര്‍ത്തി പറഞ്ഞതുപോലെ അടിയന്തരാവസ്ഥക്കാലത്തു മുതല്‍ നാം അവഗണിച്ചു വിട്ട ജനസംഖ്യാ വളര്‍ച്ചയാണ് ഇന്ന് പ്രകൃതിക്ഷോഭങ്ങളില്‍ ദുരന്ത വ്യാപ്തികൂട്ടി ജീവാപായ സംഖ്യ വര്‍ധിപ്പിച്ച്, സ്വത്ത് നാശവുമായി നമ്മെ ഉറക്കം കെടുത്തുന്നത്. ജനസംഖ്യ പെരുകുകയും, പാര്‍പ്പിട- ജീവിത സാഹചര്യ സംവിധാനം കുറയുകയും ചെയ്തതോടെ, മനുഷ്യര്‍ക്ക് കാടുകയറേണ്ടിവരുന്നു. അവിടെ സുരക്ഷയേക്കാള്‍ സൗകര്യം മാത്രം പരിഗണിക്കുന്നു, അങ്ങനെ പ്രകൃതിക്ഷോഭങ്ങള്‍ പോലും നമ്മുടെ ജനതയെ കാര്യമായി ബാധിക്കുന്നു. നാരായണ മൂര്‍ത്തി അടയാളം പറഞ്ഞ അടിയന്തരാവസ്ഥ സംഭവിച്ചിട്ട് 50 വര്‍ഷം ആകുന്നു; അരനൂറ്റാണ്ട്.
അരനൂറ്റാണ്ടിനു മുമ്പത്തെ ആ അടയാളത്തിന് ജനസംഖ്യാ നിയന്ത്രണമെന്ന അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ ഭരണക്കാരുടെ പദ്ധതികളെക്കുറിച്ചുള്ള ഓര്മ നാരായണ മൂര്‍ത്തിയെ നയിച്ചിട്ടുണ്ടാവും. ‘നാം രണ്ട്, നമുക്ക് രണ്ട്’ എന്ന മുദ്രാവാക്യമുയര്‍ത്തി ഇന്ദിരാഗാന്ധി കൊണ്ടുവന്ന ജനസംഖ്യാ നിയന്ത്രണ പദ്ധതി എതിര്‍ക്കപ്പെട്ടതും ആ പദ്ധതി നടപ്പാക്കിയ രീതിയിലെ അപകടകരമായ ലക്ഷ്യങ്ങളും ഗൂഢമായ നിര്‍വഹണ രീതികളും മൂര്‍ത്തിയുടെ മനസ്സില്‍ ഉണ്ടായിരുന്നിരിക്കണം. നിശ്ചയമായും ഭാരതം അതിവിശദമായ ചര്‍ച്ച നടത്തി, ആസൂത്രിതമായി ആവിഷ്കരിക്കേണ്ട പദ്ധതികള്‍ ജനസംഖ്യാ നിയന്ത്രണക്കാര്യത്തില്‍ ഇന്നുമുണ്ട്. ഏറ്റവും അപകടം പിടിച്ച ഒരു നടപടിക്രമമായിരിക്കുമത്. കാരണം, രാഷ്ട്രീയ വോട്ടും വോട്ടുബാങ്കും, ചില ജനവിഭാഗത്തിന്റെ വിശ്വാസവും ഒക്കെയായി അത്രയേറെ ജനസംഖ്യാ പ്രശ്നം വ്യക്തിവല്‍ക്കരിച്ചിരിക്കുന്നു. വ്യക്തികളാകട്ടെ അത്യപകടകരമായ രീതിയില്‍ മതവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു; അതേസമയം, മതബോധവത്കരണം ശരിയായി നടക്കാതെ പോവുകയും ചെയ്യുന്നു, മതവിശ്വാസികളേക്കാള്‍ ശക്തമായി മതത്തെ ഉപയോഗിക്കാന്‍ പാകത്തില്‍ മറ്റു ചില ശക്തികള്‍ സംഘടിതരായിക്കൊണ്ടിരിക്കുന്നു; മതദുരുപയോഗം അത്രമാത്രം ശക്തമായിക്കഴിഞ്ഞിരിക്കുന്നു.
പറയാന്‍ തുടങ്ങിയത് മറ്റുചില ദുരന്തത്തെക്കുറിച്ചാണ്. പറഞ്ഞുവന്നത് പ്രകൃതിക്ഷോഭ ദുരന്തത്തെക്കുറിച്ചാണ്. എന്നാല്‍ മനുഷ്യന് ഉണ്ടാക്കിയെടുക്കുന്ന ദുരന്തങ്ങളുടെ കാര്യമാണ് പറയാനുദ്ദേശിച്ചത്. അത് തടയാന്‍ വേണ്ടത്, ഒരു രാജ്യമെന്ന നിലയില്‍, അതിന്റെ ഭരണനിര്‍വഹണത്തിലെ ചെറുയൂണിറ്റുകളെന്ന നിലയില്‍, അതത് പ്രദേശങ്ങള്‍ക്കുള്ള ഉത്തരവാദിത്വത്തെക്കുറിച്ചുള്ള ബോധമാണ്. ഭാരതം എന്ന രാജ്യത്തെ, ഏറ്റവുമധികം ഭരണാധികാര വിനിയോഗ സ്വാതന്ത്ര്യമുള്ള ഘടകം സംസ്ഥാനങ്ങളാണല്ലോ. ആ സംസ്ഥാനങ്ങള്‍ക്ക് വീതംവച്ചു കൊടുത്തിരിക്കുന്ന അധികാര- അവകാശങ്ങളുടെ യഥാവിധിയുള്ള നടത്തിപ്പിന് അംഗീകരിച്ചിരിക്കുന്ന സംവിധാനത്തെയാണല്ലോ ഫെഡറല്‍ സംവിധാനം എന്ന് വിളിക്കുന്നത്. അപ്പോള്‍ അതില്‍ സംസ്ഥാനങ്ങള്‍ ചെയ്യേണ്ട, നിര്‍വഹിക്കേണ്ട ഉത്തരവാദിത്വമുണ്ട്. അത് നിര്‍വഹിച്ചാല്‍ ചില ദുരന്തങ്ങള്‍, അത് പ്രകൃതിക്ഷോഭമാണെങ്കില് കൂടിയും ഇല്ലാതാക്കുകയോ ലഘൂകരിക്കുകയോ ചെയ്യാം. അതില്‍ മുഖ്യമാണ് സുരക്ഷ- പൗരന്മാരുടെ സ്വത്തിനും ജീവനുമുള്ള സുരക്ഷ. ഇതില്‍ സംസ്ഥാനത്തിന് നേരിട്ടു ചെയ്യാനുള്ളതുണ്ടാകും, കേന്ദ്ര സര്‍ക്കാരിനെക്കൊണ്ട് ചെയ്യിക്കാനുള്ളതുണ്ടാകും. ശ്രദ്ധിക്കുകയും ശ്രദ്ധയില്‍പ്പെടുത്തുകയുമാണ് ഇതിനാവശ്യം.
ഗതാഗത സംവിധാനത്തില്‍ ഈ വിഭജനം കൃത്യമാണ്. റോഡുഗതാഗത കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്കാണ് അധികാരം. റെയില്‍, ആകാശ, സമുദ്ര മാര്‍ഗ്ഗത്തില്‍ കേന്ദ്ര സര്‍ക്കാരിനും. അപ്പോള്‍ ട്രെയിന്‍ യാത്രാ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിരിന്റെ ശ്രദ്ധയില്‍ കാര്യങ്ങള്‍ കൊണ്ടുവന്ന് റെയില്‍ യാത്ര സുഗമവും സൗകര്യപ്രദവുമാക്കുകയെന്ന ഉത്തരവാദിത്വം അതത് സംസ്ഥാനങ്ങള്‍ ചെയ്യണം.
ഇവിടെ ഒരു സംശയം തോന്നാം; ദുരന്തദുരിതവും ഫെഡറലിസവും ട്രെയിന്‍ യാത്രയും ജനപ്പെരുപ്പവുമൊക്കെത്തമ്മില് എന്താണ് ബന്ധമെന്ന്. സംശയിക്കേണ്ട, കേരളത്തില്‍ ഒരു ട്രെയിന്‍ യാത്ര നടത്തിയാല്‍ മതി. വിഐപി ആയിട്ടാവരത്. അതിസാധാരണക്കാരനായി ഒരു യാത്ര നടത്തുക. ഒരു ദീര്‍ഘദൂര ട്രെയിനില്‍ ബഹുദൂരമോ ചെറുദൂരമോ സാധാരണ കറന്റ് ടിക്കറ്റെടുത്ത് പോകുക. അനുഭവിച്ചറിയാം. അടിയന്തര ആവശ്യത്തിന് ട്രെയിനിനെ ആശ്രയിക്കുന്ന മലയാളികളുടെ ആശങ്ക എത്ര വലുതായിരിക്കുമെന്നോ. വരാന്‍ പോകുന്ന ഓണം- ഉത്സവ കാലത്തെക്കാര്യം കൂടി ആലോചിക്കുമ്പോള്‍ ആശങ്ക പലമടങ്ങാകും.
കേരളത്തില്‍ ട്രെയിനുകള്‍ ആവശ്യത്തിനില്ല. ഉള്ള ട്രെയിനുകളില്‍ മുന്‍കൂട്ടി സീറ്റും ബര്‍ത്തും ഉറപ്പാക്കാന്‍ പെട്ടെന്നൊരു യാത്രക്കാരന് കഴിയില്ല, മാസങ്ങള്‍ക്കു മുമ്പേ സീറ്റുകള്‍ തീര്‍ന്നിട്ടുണ്ടാവും. ജനറല്‍ ബോഗികള്‍ ‘ജാലിയന്‍ വാലാബാഗിനെ’ ഓര്‍മിപ്പിക്കും. ജനറല്‍ കോച്ചുകളുടെ എണ്ണം കുറവായിരിക്കും. സംസ്ഥാന സര്‍ക്കാരിന്റെ റോഡു ഗതാഗത സംവിധാനമായ കെഎസ്ആര്‍ടിസിയുടെ ദാരുണസ്ഥിതിയാണ് റെയില്‍ യാത്ര കൂടുതല്‍ സങ്കീര്‍ണമാക്കുന്നത്. റെയില്‍ യാത്രാ സൗകര്യം മെച്ചമാക്കിയില്ലെങ്കില്‍ മനുഷ്യനിര്‍മിത ദുരന്തങ്ങളുടെ സാധ്യത ദിനംപ്രതി വര്‍ധിച്ചുവരും. ഇതില്‍ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിന്റേതാണ്. അത് പലവിധത്തിലാണ്.
കേരളത്തിന്റെ റോഡും റോഡുഗതാഗത സേവന സംവിധാനമായ കെഎസ്ആര്‍ടിസിയും ‘കുള’മാക്കിയതാണ് ഒരു കാരണം. മറ്റൊന്ന് കേരളത്തിന്റെ റെയില്‍ വികസനത്തില്‍ സംസ്ഥാനം കാണിക്കുന്ന നിസ്സഹകരണം. മൂന്നാമത്തേത് ഇക്കാര്യങ്ങളില്‍ കേരള സര്‍ക്കാരും കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്റംഗങ്ങളും കാണിക്കുന്ന അലംഭാവം. കേന്ദ്ര സര്‍ക്കാരിന്റെ നയനിലപാടുകള്ക്കെതിരെ കര്‍ഷകരേയും മതജാതിവര്‍ഗ്ഗ സംഘടനകളെയും ‘ഇളക്കി’ വിടാന്‍ മുന്നില്നില്ക്കുന്നവര്ക്ക് റെയില്‍വേയുടെ കാര്യത്തില്‍ ജനങ്ങളുടെ സൗകര്യങ്ങള്‍ക്കായി ജനവികാരവും പൊതുവികാരവും പ്രകടിപ്പിക്കാന്‍ കഴിയാത്തതെന്തുകൊണ്ടായിരിക്കും. വാസ്തവത്തില്‍ കേരളത്തിലെ റെയില്‍ യാത്രയില്‍ വേണ്ടത് ദുരന്തനിവാരണ-ദുരന്ത ലഘൂകരണ പ്രക്രിയയാണ്. ‘സില്‍വര്‍ ലൈന്‍’ റെയില്‍പ്പാതയ്ക്ക് ഇപ്പോഴും മഞ്ഞക്കുറ്റിയെ സ്വപ്നം കാണുന്നവര്‍ക്ക് കേളത്തിലെ യാത്രാ ട്രെയിനുകളിലെ ജനറല്‍ ബോഗികള്‍ നേരില്‍ കാണാന്‍ തോന്നാത്തതെന്തുകൊണ്ടായിരിക്കും. ദുരന്തങ്ങള്‍ ഉണ്ടാവുന്നതും ഉണ്ടാക്കുന്നതുമുണ്ട്. ദുരന്താനന്തരം സേവനപ്രവര്‍ത്തനങ്ങള്‍ക്ക് മത്സരിക്കുന്നതും ദുരിത ബാധിതര്‍ക്ക് ആശ്വാസത്തിന് പണം സമാഹരിക്കുന്നതും ബുദ്ധിയുള്ള നേതൃത്വത്തിന്റെ ലക്ഷണമല്ല; ദുരന്തമാണത്.
പിന്കുറിപ്പ്: കേരളത്തില്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് യാത്രക്കാര്‍ ഒരു വിനോദവസ്തുവാണെന്ന് ചിലര്‍ പതം പറയുന്നു. യാത്രക്കാര്‍ക്ക് കണക്ഷന് ട്രെയിനുകള്‍ കിട്ടാനല്ല, കിട്ടാതിരിക്കാനാണത്രെ അവര്‍ അധ്വാനിക്കുക. ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ സാധാരണ ടിക്കറ്റുമായി കയറാന്‍ വിധിക്കപ്പെടുന്നവര്‍ക്ക് പിഴയീടാക്കുന്നത് ‘വേട്ടയാടുന്ന’ വിനോദ രസത്തോടെയാണത്രേ. ടിക്കറ്റ് കൗണ്ടര്‍ വഴി ഉയര്‍ന്ന ക്ലാസിലേക്ക് കറന്റ് ടിക്കറ്റ് കൊടുക്കയുമില്ല. ജനറല്‍ കമ്പാര്‍ട്ടുമെന്റുകള്‍ വേണമെന്ന് ഉയര്‍ന്ന അധികൃതര്‍ക്ക് റിപ്പോര്ട്ടുചെയ്യുകയുമില്ല. ഉപേക്ഷിക്കാറായ ബോഗികള്‍ മാറ്റണമെന്ന് നിര്‍ദ്ദേശം കൊടുക്കാറില്ല. കേന്ദ്ര സര്‍ക്കാരിനോട് ജനങ്ങള്‍ക്ക് എതിര്‍പ്പുണ്ടാക്കാന്‍ ചില ജീവനക്കാര്‍ നടത്തുന്ന രാഷ്ട്രീയ പ്രവര്‍ത്തനമാണ് ഇതെല്ലാമെന്നുവരെയാണ് ചിലപ്പോള്‍ യാത്രക്കാരുടെ വിശകലനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: