ലോക രാഷ്‌ട്രങ്ങളില്‍ വച്ച് ഭാരതത്തിന് അതിവിശിഷ്ടമായ സ്ഥാനമാണുള്ളത്. നമ്മുടെ ആധ്യാത്മികവും സാംസ്‌കാരികവുമായ പാരമ്പര്യമാണ് അതിന് പ്രധാന കാരണം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഋഷിമാരാല്‍ പകര്‍ന്നുവന്ന ഈ ചൈതന്യത്തിന്റെ വെളിച്ചം ലോകത്തിന്റെ മുഴുവന്‍ ഇരുട്ടിനെ ഇല്ലാതാക്കാന്‍ കഴിയുന്ന വിധം ശക്തമാണ്. ഭാരതത്തിന്റെ ദാര്‍ശനിക പരമ്പര, ജീവിതവുമായി ബന്ധപ്പെട്ടതും ശാസ്ത്രീയാധിഷ്ഠിതവുമാണ്. ഈ പരമ്പരയെ ദൃഢീകരിക്കുന്നതില്‍ ഗുരുകുല സമ്പ്രദായത്തിന് വളരെയധികം പങ്കുണ്ട്. കേരളത്തിലും ഇതിന്റെ ശക്തമായ ശൃംഖലയുണ്ട് എന്നുള്ളതില്‍ നമുക്ക് അഭിമാനിക്കാം. പരമഭട്ടാരക വിദ്യാധിരാജ ചട്ടമ്പിസ്വാമികള്‍ അതില്‍ പ്രാത:സ്മരണീയനാണ്.
നവോത്ഥാന നായകന്‍ എന്ന നിലയില്‍ മാത്രമല്ല വേദാന്തം, ശാസ്ത്രം, ഭാഷ, വൈദ്യം തുടങ്ങി വിവിധ മേഖലകളില്‍ അദ്ദേഹം പ്രവീണനായിരുന്നു. അനാചാരങ്ങളും അന്ധവിശ്വാസങ്ങളും നിറഞ്ഞുനിന്ന ഒരു കാലമായിരുന്നു 19-ാം നൂറ്റാണ്ട്. ജാതികളും ഉപജാതികളും സൃഷ്ടിച്ച മതില്‍ക്കെട്ടുകളില്‍ കുടുങ്ങിക്കിടന്ന ഹൈന്ദവ സമൂഹത്തെ ഏകോപിപ്പിക്കാന്‍ ചട്ടമ്പിസ്വാമികള്‍ യത്‌നിച്ചു. തൊട്ടുകൂടായ്മയും തീണ്ടി കൂടായ്മയും നില നിന്നിരുന്ന കേരളത്തെയാണ് സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ചത്. ജാതിയെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തികവും രാഷ്‌ട്രീയവുമായ അധികാരങ്ങളെയും ഉന്നത ജാതികള്‍ കയ്യടക്കിവച്ചിരുന്ന പ്രത്യേക അവകാശങ്ങളെയും സ്വാമി നിശിതമായി വിമര്‍ശിച്ചു. വേദങ്ങള്‍ പഠിക്കാന്‍ താഴ്ന്ന ജാതിയില്‍പ്പെട്ടവര്‍ക്ക് വിലക്കുണ്ടായിരുന്ന കാലത്ത് ഇത് അര്‍ത്ഥ ശൂന്യമാണെന്നും സംസ്‌കൃതവും വേദങ്ങളും പഠിക്കാനും പഠിപ്പിക്കാനും എല്ലാ ജാതികളില്‍പ്പെട്ട മനുഷ്യര്‍ക്കും അധികാരം ഉണ്ടെന്നും ചട്ടമ്പിസ്വാമികള്‍ സുശക്തം വാദിച്ചു. ജ്ഞാനത്തിന്റെയും ചിന്തയുടെയും ലോകത്ത് വേലിക്കെട്ടുകള്‍ സ്ഥാപിക്കുന്നത് അടിസ്ഥാനരഹിതവും ന്യായവിരുദ്ധവും ആണെന്ന് തന്റെ ‘വേദാധികാരനിരൂപണം’ എന്ന കൃതിയിലൂടെ സപ്രമാണം സ്വാമി സമര്‍ത്ഥിക്കുന്നുണ്ട്. ഇതിലൂടെ അദ്ദേഹം സാര്‍വത്രിക വിദ്യാഭ്യാസമാണ് മുന്നോട്ടുവച്ചത്.
ജീവിതകാലം മുഴുവനും ചട്ടമ്പിസ്വാമികള്‍ ഒരു അവധൂതനായി കേരളത്തില്‍ അലിഞ്ഞ് ജീവിക്കുകയായിരുന്നു. തന്റെ ആശയങ്ങള്‍ കുടുംബ സദസ്സുകളിലൂടെയും ഗ്രന്ഥങ്ങളിലൂടെയും അദ്ദേഹം അവതരിപ്പിച്ചു. തന്റെ യാത്രകളില്‍ നിരവധി ആളുകളെയാണ് ഓരോ പ്രദേശത്തും സാമൂഹ്യ പരിഷ്‌കരണത്തിനായി നേതൃത്വം നല്‍കാന്‍ അദ്ദേഹം നിയോഗിച്ചത്. നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരുന്ന സമയത്താണ് യുക്തിയുടെയും ശാസ്ത്രത്തിന്റെയും പിന്‍ബലത്തോടെ ചട്ടമ്പിസ്വാമികള്‍ അവയെ ധൈഷണികമായി നിഷ്പ്രഭമാക്കിയത്. അത്തരത്തിലുള്ള ഒരു കൃതിയാണ് ക്രിസ്തുമതച്ഛേദനം. ശൈശവ വിവാഹം, ബഹുഭാര്യാത്വം തുടങ്ങിയവയെ എതിര്‍ക്കുകയും സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുകയും ചെയ്തു. 1906 ല്‍ എറണാകുളം സ്ത്രീ സമാജത്തില്‍ നടത്തിയ പ്രഭാഷണത്തിന്റെ സംഗ്രഹമായ ‘പ്രപഞ്ചത്തില്‍ സ്ത്രീപുരുഷന്മാര്‍ക്കുള്ള സ്ഥാനം ‘എന്ന പ്രബന്ധം ഇതിന് ഉത്തമ ഉദാഹരണമാണ്. ഇത്തരത്തില്‍ കേരളത്തിന്റെ നവോത്ഥാന പ്രക്രിയയില്‍ സമസ്ത മണ്ഡലങ്ങളിലും ചട്ടമ്പിസ്വാമികളുടെ പ്രഭാവം പ്രകടമായിരുന്നു.
സമസ്ത ജീവജാലങ്ങളും വിശ്വമനസ്സിന്റെ ഭാഗമാണെന്ന ഉദാത്തമായ സന്ദേശമാണ് സ്വാമികള്‍ പകര്‍ന്നു നല്‍കിയത്. ജീവകാരുണ്യ നിരൂപണം എന്ന തന്റെ കൃതിയില്‍ സമത്വ ദര്‍ശനത്തില്‍ അധിഷ്ഠിതമായ അഹിംസയും ജീവകാരുണ്യവും സവിസ്തരം പറയുന്നുണ്ട്. ജന്മസാഫല്യമായ മോക്ഷപദം പ്രാപിക്കുന്നതിന് അഹിംസയിലൂടെ മാത്രമേ കഴിയൂ എന്ന് അദ്ദേഹം വിശ്വസിച്ചു. തികഞ്ഞ അദൈ്വത വേദാന്തിയാണ് സ്വാമികള്‍ എന്ന് പറയാം. അദ്ദേഹം തന്റെ ‘വേദാന്ത സാരം’ എന്ന കൃതിയില്‍ താണ്ഡവരായ സ്വാമികളുടെ ‘കൈവല്യ നവനീത’ത്തിലെ ഈ വരികള്‍ ഉദ്ധരിച്ചിട്ടുണ്ട് – ‘ഇടമാന പിരമം ചാച്ചി ഇരണ്ടുമെപ്പോതുമേകം”.
ജ്ഞാനം തന്നെയാണ് ബ്രഹ്മം എന്ന് ഇതിന്റെ ആശയത്തെ സംഗ്രഹിക്കാം. ”എല്ലാ ഉപാധികളും നശിച്ച് ഒടുവില്‍ എല്ലാത്തിനും സാക്ഷിയായി പ്രകാശിക്കുന്ന ശിവം തന്നെയാണ് ഞാന്‍ എന്ന ബോധം ഉളവാകുന്നു” എന്നു സ്വാമികള്‍ തത്വമസി നിരൂപണാവസരത്തില്‍ പറയുന്നുണ്ട്. അതുതന്നെയാണ് ശങ്കരാചാര്യരുടെ ‘ബ്രഹ്മസത്യം ജഗത് മിഥ്യ ജീവോ ബ്രഹ്മൈവ നാപരഃ’ എന്ന അദൈ്വത തത്വത്തെ ശങ്കരാചാര്യര്‍ സംസ്‌കൃത ഭാഷയിലൂടെ പ്രചരിപ്പിച്ചു. എന്നാല്‍ പ്രാദേശിക ഭാഷയില്‍ വേദാന്ത തത്വങ്ങളെ സാധാരണക്കാരനുവേണ്ടി -അദൈ്വതചിന്താ പദ്ധതിയിലൂടെയും വേദാന്തസാരത്തിലൂടെയുമൊക്കെ അവതരിപ്പിച്ചത് ചട്ടമ്പിസ്വാമികളായിരുന്നു എന്നത് വളരെ പ്രസക്തമാണ്. മഹാകവി വള്ളത്തോളിന്റെ വരികള്‍ കേരളത്തില്‍ അദൈ്വത ദര്‍ശന പ്രചാരണത്തില്‍ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ സ്വാധീനം വിളിച്ചോതുന്നു-
‘പൂതമാം വേദസത്തുരുക്കിയൊഴിച്ചിട്ടാ
ദൈ്വതത്തിന്‍ വിടവടച്ചൊന്നാക്കി വിളക്കിയും
സ്വകൃതാനേക സ്‌തോത്ര സൗന്ദര്യലഹരിയില്‍
പ്രകൃതി മഹേശിയെ പൊന്നോടം കളിപ്പിച്ചും
ശങ്കരാചാര്യരുടെ ജന്മഭൂമിയെ വീണ്ടും
ശങ്കരാചാര്യരുടെ ജന്മഭൂവാക്കി’
സകല ശാസ്ത്രങ്ങളിലുമുള്ള ചട്ടമ്പിസ്വാമികളുടെ പാടവം മനസ്സിലാക്കിയാണ് ശ്രീനാരായണഗുരുദേവന്‍ അദ്ദേഹത്തെ പരിപൂര്‍ണ്ണ കലാനിധി എന്ന് വിശേഷിപ്പിച്ചത്. ബഹുഭാഷാ പണ്ഡിതനായ സ്വാമികളുടെ പല രചനകളും ഗവേഷണ സ്വഭാവത്തോട് കൂടിയതാണ്. അദ്ദേഹത്തിന് വശമില്ലാത്ത ഒരു കലാ വിദ്യയും ഉണ്ടായിരുന്നില്ല. രചനകളിലെ വൈവിധ്യം തന്നെ അത് സാധൂകരിക്കുന്നതാണ്. അദ്ദേഹം കേരളത്തില്‍ സ്ഥാപിച്ച തീര്‍ത്ഥപാദ സമ്പ്രദായത്തിലൂടെ സ്വാമികളുടെ ആശയങ്ങളുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഇന്നും നടന്നുവരുന്നു. എല്ലാ മനുഷ്യാവകാശങ്ങളെയും ഉള്‍ക്കൊള്ളുന്ന ജ്ഞാനനിഷ്ഠമായ സര്‍വ്വചരാചരങ്ങളെയും ചേര്‍ത്തു പിടിക്കുന്ന മാനവികതയുടെ ദര്‍ശനമാണ് ചട്ടമ്പിസ്വാമികള്‍ മുന്നോട്ടുവച്ചത്. അതുകൊണ്ടുതന്നെ അവയ്‌ക്ക് ഈ കാലഘട്ടത്തില്‍ മാത്രമല്ല കല്‍പ്പാന്തകാലത്തോളം പ്രസക്തിയുണ്ട് എന്നത് തര്‍ക്കമില്ലാത്ത വിഷയമാണ്.
(പാലക്കാട് എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹൈസ്‌കൂളില്‍ സംസ്‌കൃത അധ്യാപികയാണ് ലേഖിക)
പ്രതികരിക്കാൻ ഇവിടെ എഴുതുക: