കാസര്‍കോട്: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഗുരുതരമായ കള്ളക്കളിയാണ് ആദ്യം മുതല്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.
കാസര്‍കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവരാവകാശ കമ്മിഷന്‍ പറഞ്ഞതിനെക്കാളും എത്രയോ അധികം ഭാഗങ്ങള്‍ വെട്ടിക്കളഞ്ഞതിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ട്. ഇരകള്‍ക്ക് നീതി നിഷേധിക്കാന്‍ വേണ്ടി വളരെ ആസൂത്രിതമായിട്ടാണ് സര്‍ക്കാര്‍ പരിശ്രമിച്ചത്. ഇത് ചായക്കോപ്പയിലെ കൊടുങ്കാറ്റായി മാറണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.
സ്ത്രീകള്‍ക്കുവേണ്ടി സംസാരിക്കുകയും വേട്ടക്കാരെ സഹായിക്കുകയും ചെയ്യുന്ന വിചിത്രമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിക്കുന്നത്. ആരെയോ രക്ഷിക്കാന്‍ ഉദ്ദേശിച്ചാണ് ആസൂത്രിതമായ ഗൂഢാലോചന നടന്നിരിക്കുന്നത്. പീഡനത്തിന് ഇരയായവര്‍ക്ക് നീതി ഉറപ്പാക്കാന്‍ ഒരു നടപടിയും സര്‍ക്കാര്‍ എടുക്കാന്‍ പോകുന്നില്ല. ഇത് വെറും ജലരേഖയായി മാറും. സിപിഎമ്മിന്റെയും ഇടത് കക്ഷികളുടേയും വനിത സംഘടനകള്‍ മൗനത്തിലാണ്. ഇത്ര വലിയ വിഷയത്തില്‍ അവര്‍ പ്രതികരിക്കാന്‍ പോലും തയാറാകുന്നില്ല. ഇരകള്‍ക്ക് നീതി നിഷേധിച്ച് വേട്ടക്കാരെ സഹായിക്കുന്ന വ്യക്തമായ നിലപാടാണ് സര്‍ക്കാരിന്റേത്.
നാല് വര്‍ഷം അടയിരിക്കാന്‍ വച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനുശേഷം ആവശ്യത്തില്‍ കൂടുതല്‍ ഭാഗങ്ങള്‍ വെട്ടി മാറ്റാന്‍ ആരെയാണ് അവര്‍ ചുമതലപ്പെടുത്തിയതെന്ന് വ്യക്തമാക്കണം. ജുഡീഷ്യല്‍ സ്വഭാവമുള്ള കമ്മിറ്റിയെ വയ്‌ക്കുന്നത് സംഭവങ്ങള്‍ വിശദമായി പുറത്ത് വരാന്‍ വേണ്ടിയാണ്. പരാതി കിട്ടിയാല്‍ മാത്രം നടപടിയെന്നത് ശരിയായ നിലപാടല്ല. സര്‍ക്കാര്‍ ശ്രദ്ധ തിരിച്ച് വിടാന്‍ വേണ്ടി മാത്രമാണ് കമ്മിഷനെ വെച്ചത്. മുഴുവന്‍ ഭാഗങ്ങളും വെട്ടിച്ചുരുക്കി കാമ്പില്ലാത്ത ഭാഗമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നതെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാര്‍, ജനറല്‍ സെക്രട്ടറിമാരായ എ. വേലായുധന്‍, വിജയ്കുമാര്‍ റൈ എന്നിവരും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: