ന്യൂദല്‍ഹി: ജമ്മുകശ്മീരില്‍ കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും സഖ്യമായത് അധികാരത്തോടുള്ള അത്യാഗ്രഹം കൊണ്ടെന്ന് ബിജെപി നേതാവ് സ്മൃതി ഇറാനി. ബിജെപി ദേശീയ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. നാഷണല്‍ കോണ്‍ഫറന്‍സ് മുന്നോട്ടുവച്ച വാഗ്ദാനങ്ങളെയും പ്രഖ്യാപനങ്ങളെയും പിന്തുണയ്ക്കുമോ എന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം, അവര്‍ ആവശ്യപ്പെട്ടു.
ആര്‍ട്ടിക്കിള്‍ 370 തിരിച്ചുകൊണ്ടുവരുമെന്നാണ് നാഷണല്‍ കോണ്‍ഫറന്‍സ് പ്രഖ്യാപിച്ചിരിക്കുന്നത്. രാഹുലും കോണ്‍ഗ്രസും ഇതിനെ അനുകൂലിക്കുമോ? കശ്മീരിനെ വീണ്ടും അശാന്തിയുടെ യുഗത്തിലേക്ക് തള്ളിവിടാനാണ് നാഷണല്‍ കോണ്‍ഫറന്‍സിന്റെ പദ്ധതി. തീവ്രവാദ പ്രവര്‍ത്തനങ്ങളിലും കല്ലേറിലും ഉള്‍പ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് കോണ്‍ഗ്രസ് നഷ്ടപരിഹാരം നല്‍കുമോ. ദളിതര്‍, ഗുജ്ജറുകള്‍, കര്വാളുകള്, പഹാത്തികള് എന്നിവര്‍ക്കുള്ള സംവരണം ഇല്ലാതാക്കുമെന്ന നാഷണല്‍ കോണ്‍ഫറന്‍സ് വാഗ്ദാനത്തെ കോണ്‍ഗ്രസ് പിന്തുണയ്ക്കുമോ. ഈ സഖ്യ രൂപീകരണം കോണ്‍ഗ്രസിന്റെ സംവരണ വിരുദ്ധ മുഖമാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ശങ്കരാചാര്യ, ഹരി പര്‍വതങ്ങളുടെ പേര് മാറ്റണമെന്ന നിലപാടിനെ കോണ്‍ഗ്രസ് പിന്തുണയ്ക്കുമോ എന്നും വ്യക്തമാക്കണം.
കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ഒരു രാജ്യം, ഒരു പതാക, ഒരു ഭരണഘടന എന്നതാണ് ബിജെപിയുടെ നിലപാട്. ജമ്മുകശ്മീരിന് പ്രത്യേക പതാക എന്ന നാഷണല്‍ കോണ്‍ഫറന്‍സിന്റെ വാഗ്ദാനം കോണ്‍ഗ്രസ് നിറവേറ്റുമോ, അതിനെ പിന്തുണയ്ക്കുമോയെന്നും സ്മൃതി ഇറാനി ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: