കൊച്ചി: ആഡംബര കാറുകളുടെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് എതിരയുള്ള നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു.
ആഡംബര കാറുകളുടെ നികുതി വെട്ടിപ്പ് കേസില്‍ വിചാരണ കോടതിയുടെ എല്ലാ തുടര്‍ നടപടികളുമാണ് ജസ്റ്റിസ് സി. ജയചന്ദ്രന് തടഞ്ഞത്. കേസില്‍ തന്റെ ഡിസ്ചാര്‍ജ് അപേക്ഷ തള്ളിയ പ്രത്യേക കോടതിയുടെ ഉത്തരവിനെതിരെ അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചിരുന്നു.
2010ലും 2016ലും എറണാകുളത്തെ ഔഡി ഡീലര്‍മാരില്‍ നിന്ന് രണ്ട് ആഡംബര കാറുകള്‍ താരം വാങ്ങിയിരുന്നു. നികുതി വെട്ടിപ്പ് ലക്ഷ്യമിട്ട് കേരളത്തില്‍ സ്ഥിരതാമസക്കാരനായിട്ടും വാഹനങ്ങള്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് തട്ടിപ്പ് നടത്തിയെന്നാണ് പരാതി. 18 ലക്ഷം രൂപയുടെ സഞ്ചിത നഷ്ടമാണ് സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെടുന്നത്. പുതുച്ചേരിയില്‍ നിന്ന് രജിസ്ട്രേഷന് നേടുന്നതിന് കേന്ദ്രമന്ത്രി വ്യാജ വിലാസം ചമച്ചെന്നാണ് സര്‍ക്കാരിന്റെ വാദം. പുതുച്ചേരിയില്‍ വാഹനം ഒരു മാസമോ അതില്‍ കൂടുതലോ ഉപയോഗിച്ചാല്‍ സംസ്ഥാന സര്‍ക്കാരിന് നികുതി അടയ്ക്കേണ്ടതിനാല്‍ വാഹനത്തിന്റെ രജിസ്ട്രേഷന് സംസ്ഥാന സര്‍ക്കാരിന് നല്‍കേണ്ട നികുതിയില്‍ യാതൊരു സ്വാധീനവുമില്ലെന്ന് സുരേഷ് ഗോപി ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: