ബെംഗളൂരു: പ്രജ്ഞാന് റോവറും വിക്രം ലാന്‍ഡറും ചന്ദ്രോപരിതലത്തിലിറങ്ങി ഒരാണ്ട് പിന്നിടുമ്പോള്‍ നിര്‍ണായക കണ്ടെത്തല്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ. ഭൂമിയിലെ 14 ദിവസം (ഒരു ചാന്ദ്രദിനം) ചന്ദ്രനില്‍ പര്യവേഷണം നടത്തിയ പ്രജ്ഞാന് റോവര്‍ നല്കിയ വിവരങ്ങള്‍ ഇന്നും ഗവേഷകര്‍ പഠനവിധേയമാക്കുകയാണ്. ചന്ദ്രനില്‍ മാഗ്മ സമുദ്രം ഉണ്ടായിരുന്നുവെന്ന കണ്ടെത്തലാണ് ഇപ്പോള്‍ പുറത്തുവന്നത്. ഉരുകിയ പാറയുടെ പാളിയെയാണ് മാഗ്മ സമുദ്രമെന്ന് വിളിക്കുന്നത്.
ചന്ദ്രോപരിതലത്തില്‍ 100 മീറ്റര്‍ നീളത്തില്‍ നടത്തിയ പര്യവേഷണത്തിനിടെ റോവര്‍ ശേഖരിച്ച മണ്ണിന്റെ വിശകലനത്തില്‍ നിന്നാണ് ഈ നിഗമനത്തിലെത്തിയത്. പഠനം സയന്‍സ് ജേണലായ നേച്ചറില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫെറോന്‍ അനോര്‍ത്തോസൈറ്റ് പാറകളാല്‍ നിര്‍മിതമായ ഘടനയാണ് വിക്രം ലാന്‍ഡര്‍ സോഫ്റ്റ്ലാന്ഡിങ് നടത്തിയ പ്രദേശത്തിന് ചുറ്റുമുള്ളതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
ചന്ദ്രന്റെ ആദ്യകാല വികാസത്തില്‍ അതിന്റെ ആവരണം മുഴുവന്‍ ഉരുകി മാഗ്മയായി മാറിയിരിക്കാമെന്ന് ശാസ്ത്രജ്ഞര്‍ അനുമാനിക്കുന്നു. അത് തണുത്തപ്പോള്‍ സാന്ദ്രത കുറഞ്ഞ ഫെറോന്‍ അനോര്‍ത്തോസൈറ്റ് പുറംതോട് രൂപപ്പെട്ടു. അതേസമയം ഭാരമേറിയ ധാതുക്കള്‍ ആവരണം രൂപപ്പെടാന്‍ താഴേക്ക് നീങ്ങിയിരിക്കാമെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: