വാരാണസി: ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കും ഇതര ന്യൂനപക്ഷങ്ങള്‍ക്കുമെതിരായ അക്രമങ്ങളില്‍ പ്രതിഷേധവുമായി സംന്യാസിമാരടക്കം പതിനായിരങ്ങളുടെ മഹാറാലി.
ബംഗ്ലാദേശിലെ സംഭവങ്ങളില്‍ ഐക്യരാഷ്ട്രസഭ അടിയന്തരമായി ഇടപെടണമെന്ന് റാലിയെ അഭിവാദ്യം ചെയ്ത അഖിലഭാരതീയ സന്ത് സമിതി ദേശീയ ജനറല്‍ സെക്രട്ടറി സ്വാമി ജിതേന്ദ്രാനന്ദ സരസ്വതി ആവശ്യപ്പെട്ടു. ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിച്ച അക്രമികള്‍ ന്യൂനപക്ഷങ്ങളെ കൊന്നൊടുക്കുകയും സ്വത്ത് കൊള്ളയടിക്കുകയുമാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദുസ്ത്രീകളെ തട്ടിക്കൊണ്ടുപോകുന്നതും അപമാനിക്കുന്നതും തുടരുകയാണ്. ഐക്യരാഷ്ട്രസഭയും ലോക മനുഷ്യാവകാശ കമ്മീഷനും ന്യൂനപക്ഷ കമ്മിഷനും വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അയല്പക്കത്തുള്ള ജനങ്ങള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങളില്‍ നിശബ്ദത പാലിക്കാന്‍ ഭാരതത്തിന് കഴിയില്ല. ലോകത്ത് സമാധാനം നിലനിര്‍ത്താന്‍ ഭാരതത്തിന് പ്രതിബദ്ധതയുണ്ട്. പാകിസ്ഥാനടക്കമുള്ള വിദേശശക്തികള്‍ക്ക് ബംഗ്ലാദേശ് വഴി ഭാരതത്തിലേക്ക് നുഴഞ്ഞുകയറി അശാന്തി പടര്ത്താനാകുമെന്നത് കരുതലോടെ കാണണമെന്ന് അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ ഗൂഢാലോചനയുടെയും അരാജകത്വത്തിന്റെയും കാലഘട്ടത്തിലൂടെയാണ് ബംഗ്ലാദേശ് കടന്നുപോകുന്നതെന്നും ഹിന്ദു, സിഖ്, ബുദ്ധ, ജൈന സമുദായങ്ങളിലെ പൗരന്മാര് അവിടെ പീഡിപ്പിക്കപ്പെടുകയാണെന്നും ജംബുദ്വീപ് ബുദ്ധ വിഹാരത്തിന്റെ ചുമതലയുള്ള സുമേധ തെരോ പറഞ്ഞു. ഐഎസ്ഐയുടെ നിര്‍ദേശപ്രകാരം ബംഗ്ലാദേശ് സുപ്രീംകോടതിയിലെ ജഡ്ജിമാരില്‍ നിന്നും മറ്റ് ഉദ്യോഗസ്ഥരില്‍ നിന്നും നിര്‍ബന്ധിത രാജി വാങ്ങുകയാണെന്ന് ഗുരുദ്വാര ഗുരുബാഗിലെ പുരോഹിതന് സര്‍ദാര്‍ രഞ്ജിത് സിങ് പറഞ്ഞു.
ബംഗ്ലാദേശിലിടപെടുന്നതിന് ഐക്യരാഷ്ട്രസഭയില്‍ നയതന്ത്രപരമായ സമ്മര്‍ദം ചെലുത്താന്‍ ഭാരത സര്‍ക്കാര്‍ തയാറാകുമെന്നാണ് പ്രതീക്ഷയെന്ന് സന്ത് രവിദാസ് ക്ഷേത്രത്തിലെ മഹന്ത് ഭാരത്ഭൂഷണ്‍ പറഞ്ഞു.
നൂറിലധികം ധാര്‍മ്മിക-സാമൂഹിക-വ്യാപാര സംഘടനാ പ്രതിനിധികളുടെ ഒപ്പുകളോടെ ഇത് സംബന്ധിച്ച മെമ്മോറാണ്ടം രാഷ്ട്രപതിക്ക് അയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: