കൊല്‍ക്കത്ത: പ്രക്ഷുഭ്ധമായ കൊല്‍ക്കത്ത നഗരത്തില്‍ കനത്ത കാവലില്‍ നടന്ന ഡ്യൂറന്റ് കപ്പ് ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിക്ക് തോല്‍വി. ഇന്‍ജുറി ടൈമില്‍ കളിക്ക് 90+5 മിനിറ്റെത്തിയപ്പോള്‍ നേടിയ ഗോള്‍ ബെംഗളൂരു എഫ്‌സി സെമിയില്‍ പ്രവേശിച്ചു. ഏകപക്ഷീയമായ ഈ ഒരു ഗോളിനായിരുന്നു ബ്ലാസ്‌റ്റേഴ്‌സിനെതിരായ ബെംഗളൂരുവിന്റെ ക്വാര്‍ട്ടര്‍ വിജയം.
പിന്നീട് ബ്ലാസ്റ്റേഴ്‌സിന് ഒന്നും ചെയ്യാനുണ്ടായില്ല. മത്സരത്തിലെ ആദ്യ ഗോള്‍ വീണതിനെ തുടര്‍ന്ന് സെന്റര്‍ ലൈനില്‍ വച്ച് പന്ത് ടച്ച് ചെയ്യുമ്പോഴേക്കും ലോങ് വിസില്‍ മുഴങ്ങി. സീസണിലെ ആദ്യ പ്രധാന ടൂര്‍ണമെന്റില്‍ നിന്നും ബ്ലാസ്റ്റേഴ്‌സ് പുറത്തേക്കുള്ള വഴി കണ്ടു. പ്രാഥമിക റൗണ്ടില്‍ തോല്‍വി അറിയാതെയാണ് ബ്ലാസ്‌റ്റേഴ്‌സ് ക്വാര്‍ട്ടറിലേക്ക് കുതിച്ചത്. ക്വാര്‍ട്ടറിലും മികച്ച പ്രകടനമാണ് കാഴ്‌ച്ചവച്ചത്.
കളിയിലുടനീളം ആക്രമണത്തിന് മൂര്‍ച്ഛ കൂട്ടി കളിച്ച ബെംഗളൂരുവിന് ഇന്‍ജുറി ടൈമില്‍ ലഭിച്ച കോര്‍ണര്‍ കിക്ക് ആണ് നിര്‍ണായകമായത്. കിക്കെടുത്ത ഫനായി പന്ത് സുനില്‍ ഛേത്രിയുടെ കാല്‍ക്കലെത്തിച്ചു. ഛേത്രിയുടെ മികച്ചൊരു പാസില്‍ പോസ്റ്റിന് തൊട്ടടുത്തു നിന്ന അര്‍ജന്റീന താരം പെരെയ്ര ഡയസിന് പന്ത് ലഭിച്ചു. മികച്ചൊരു ഫിനിഷില്‍ ബ്ലാസ്റ്റേഴ്‌സിന്റെ കഥ തീര്‍ന്നു.
കഴിഞ്ഞ സീസണില്‍ പരിക്കേറ്റ് പാതിക്കുവച്ച് മാറി നിന്ന നായകന്‍ അഡ്രിയാന്‍ ലൂണ അടക്കമുള്ള താരങ്ങള്‍ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളത്തിലിറങ്ങി. പക്ഷെ ബെംഗളൂരു മുന്നേറ്റത്തിന് കൃത്യമായ മറുപടി നല്‍കാതെ ടീം ഉഴറുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: