ആലപ്പുഴ: ഏഴു വയസുകാരന്റെ തുടയില്‍ സൂചി തുളച്ചുകയറിയ സംഭവത്തില്‍ ആശുപത്രിക്ക് ഗുരുതര വീഴ്ച്ച സംഭവിച്ചതായി ആലപ്പുഴ ഡിഎംഒ ജമുന വര്‍ഗീസിന്റെ റിപ്പോര്‍ട്ട്. കായംകുളം താലൂക്ക് ആശുപത്രിയില്‍ കൂട്ട നടപടി ഉണ്ടാകും. അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍മാര്‍ ഒഴികെ മുഴുവന്‍ ജീവനക്കാരും നടപടി നേരിടും.
വീഴ്ച വരുത്തിയ മുഴുവന്‍ ജീവനക്കാരെയും സ്ഥലം മാറ്റാന്‍ ഡിഎംഒ ഉത്തരവിറക്കി. നഴ്സിങ് സ്റ്റാഫുകള്‍, നഴ്സിങ് അസിസ്റ്റന്റുമാര്‍, ക്ലീനിങ് സ്റ്റാഫുകള്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. അത്യാഹിത വിഭാഗത്തിന്റെയും, ഇന്ഫക്ഷന് കണ്ട്രോള് വിഭാഗത്തിന്റെ ചുമതലയുള്ള ഹെഡ് നഴ്സുമാര്‍ക്ക് എതിരെയും ശിക്ഷണ നടപടികള്‍ സ്വീകരിക്കണമെന്ന് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ഉള്ളതായി വിവരം ഉണ്ട്.
ഹെഡ്നഴ്സുമാര്‍ക്ക് എതിരെ നടപടിക്കായി ഡിഎച്ച്സിന് റിപ്പോര്‍ട്ട് ഡിഎംഒ കൈമാറി. കായംകുളം താലൂക്ക് ആശുപത്രിയില്‍ ജൂലൈ 19ന് ചികിത്സയ്ക്കെത്തിയ കുട്ടിയുടെ തുടയിലാണ് അത്യാഹിത വിഭാഗത്തിലെ ബെഡ്ഡില്‍ അലക്ഷ്യമായി ഇട്ടിരുന്ന സൂചി തുളച്ചുകയറിയത്.
അതേസമയം ചികിത്സയ്ക്കെത്തിയ കുട്ടിയുടെ തുടയില്‍ സൂചി തുളച്ചു കയറിയതിനെത്തുടര്‍ന്ന് 14 വര്‍ഷം വരെ എച്ച്ഐവി അണുബാധയെ സംബന്ധിച്ച് തുടര്‍ നിരീക്ഷണം വേണമെന്ന് നിര്‍ദ്ദേശിച്ചു എന്ന വാര്‍ത്തയെ ചുറ്റിപ്പറ്റി ആശങ്കയുണ്ടായ സാഹചര്യത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജമുന വര്‍ഗീസിന്റെ നേതൃത്വത്തില്‍ അടിയന്തര എക്സ്പെര്‍ട്ട് പാനല്‍ കൂടി സ്ഥിതിഗതികള്‍ വിലയിരുത്തി.
കോട്ടയം ഗവ. മെഡിക്കല്‍ കോളേജ് ഇന്‍ഫെക്ഷ്യസ് ഡിസീസ് വകുപ്പ് മേധാവി ഡോക്ടര്‍ ജൂബി ജോണ്‍, ആരോഗ്യവകുപ്പ് ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. എസ്. ആര്. ദിലീപ് കുമാര്‍, ആലപ്പുഴ ഗവ. മെഡിക്കല്‍ കോളേജ് ആന്റി റിട്രോ വൈറല്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജമീല, ആലപ്പുഴ വനിത ശിശു ആശുപത്രി സീനിയര്‍ ശിശുരോഗ വിദഗ്ധ ഡോ. ശാന്തി, മാവേലിക്കര ജില്ല ആശുപത്രി ശിശുരോഗ വിദഗ്ധന്‍ ഡോ. പ്രസാദ് എന്നിവരടങ്ങിയ എക്സ്പേര്‍ട്ട് പാനലാണ് കാര്യങ്ങള്‍ പരിശോധിച്ചത്.
കുട്ടിയുടെ ശരീരത്തില്‍ തുളച്ചു കയറിയ സൂചിയില്‍ കട്ടപിടിച്ച പഴയ രക്തമാണ് ഉണ്ടായിരുന്നതെന്ന് സംഭവസ്ഥലത്തെ പ്രാഥമിക പരിശോധനയില്‍ ബോധ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കുട്ടിക്ക് സാധാരണഗതിയില്‍ ഹെപ്പറ്റൈറ്റിസ് ബിയുടെ നേരിയ രോഗ സാധ്യത ആണ് കല്പ്പിക്കാന് കഴിയുന്നതെങ്കില്‍ പോലും ഉപരി പരിശോധനയിലൂടെ അടിയന്തരമായി രോഗപ്രതിരോധ സംവിധാനം ഉറപ്പുവരുത്തുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. രക്ത പരിശോധനയില്‍ ഹെപ്പറ്റൈറ്റിസ് ബി പ്രതിരോധ കുത്തിവെപ്പ് മുഖേന കുട്ടിയുടെ പ്രതിരോധ സംവിധാനം തൃപ്തികരമാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. കട്ടപിടിച്ച് പഴകിയ രക്തത്തില്‍ നിന്നും എച്ച്ഐവി അണുബാധ ഉണ്ടാകാനുള്ള സാധ്യത വളരെ വിരളമാണ്.
എന്നാല്‍ കുട്ടിയുടെയും കുടുംബത്തിന്റെയും ആശങ്ക അകറ്റുന്നതിന്റെ ഭാഗമായി മൂന്നാം മാസവും ആറാം മാസവും പുനര്‍ പരിശോധന നടത്തി വിലയിരുത്തി വിദൂരമായെങ്കിലും, അപ്രതീക്ഷിത സംഭവത്തെ തുടര്‍ന്ന്, രോഗസാധ്യത പൂര്‍ണമായും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് തുടര്‍ പരിശോധനയുടെ നിര്‍ദ്ദേശങ്ങള്‍ എന്ന് എക്സ്പോര്‍ട്ട് പാനല്‍ പ്രത്യേകം പരാമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: