Thiruvananthapuram

ദേശീയ പാത നിര്‍മ്മാണ സാമഗ്രികള്‍ കടത്തിയ മൂന്നുപേര്‍ പിടിയില്‍; കടത്തിയത് ലക്ഷങ്ങള്‍ വിലയുള്ളവ, ബീഹാര്‍ സ്വദേശിയ്‌ക്കായി തെരച്ചിൽ

Published by

ആറ്റിങ്ങല്‍: ദേശീയ പാത നിര്‍മ്മാണത്തിനായി സൂക്ഷിച്ചിരുന്ന നിര്‍മ്മാണ സാമഗ്രികള്‍ കവര്‍ച്ചചെയ്ത മൂന്നു പേരെ ആറ്റിങ്ങല്‍ പോലീസ് അറസ്റ്റ് ചെയ്തു. കരാര്‍ കമ്പനിയായ ആര്‍ഡിഎസിന്റെ മുന്‍ ജീവനക്കാരന്‍ പത്തനംതിട്ട ആറന്മുള താഴത്തേതില്‍ വീട്ടില്‍ മനോജ് ( 49), കല്ലമ്പലം തോട്ടയ്‌ക്കാട് വെടിമണ്‍കോണം പുത്തന്‍വിള വീട്ടില്‍ വിമല്‍രാജ് (34), വര്‍ക്കല ചെറുന്നിയൂര്‍ വെണ്ണിയോട് വായനശാലയ്‌ക്ക് സമീപം മനോജ് (44) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കമ്പനി ഉദ്യോഗസ്ഥനായ ബീഹാര്‍ സ്വദേശിയെ പിടികൂടാനുണ്ട്.

കരാര്‍ കമ്പനിയായ ആര്‍ഡിഎസിന്റെ കൊല്ലമ്പുഴ, മാമം യാര്‍ഡുകളില്‍ ശേഖരിച്ച് സൂക്ഷിച്ചിരുന്ന മെറ്റലുകള്‍, കമ്പികള്‍, മറ്റ് നിര്‍മ്മാണ സാമഗ്രികള്‍ എന്നിവ സംഘം കടത്തുകയായിരുന്നു. കമ്പനിയുടെ മുന്‍ ജീവനക്കാരനായ മനോജും ഈ കേസില്‍ പിടികൂടാന്‍ ഉള്ള ബീഹാര്‍ സ്വദേശിയായ ഉദ്യോഗസ്ഥനുമായി ചേര്‍ന്ന് കുറെ നാളുകളായി സാമഗ്രികള്‍കടത്തുകയായിരുന്നു. മോഷ്ടിച്ചെടുത്ത സാധന സാമഗ്രികള്‍ ചില സ്വകാര്യ നിര്‍മ്മാണ കമ്പനികള്‍ക്കും സ്വകാര്യ യാര്‍ഡുകളിലും പകുതി വിലയ്‌ക്ക് വിറ്റഴിച്ചു. ലോറികളും എസ്‌കവേറ്ററും ഉപയോഗിച്ചാണ് പ്രതികള്‍ മോഷണം നടത്തിയത്. നാഷണല്‍ ഹൈവേയുടെ പണിക്കാരാണെന്നു വിചാരിച്ച് പോലീസ് ഇവരെ ശ്രദ്ധിക്കാറില്ലായിരുന്നു.

സാമഗ്രികളില്‍ കുറവ് വന്നതോടെ കമ്പനി ആറ്റിങ്ങല്‍ പോലീസില്‍ പോലീസില്‍ പരാതി നല്‍ക. തുടര്‍ന്ന് ആറ്റിങ്ങല്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.കൂടുതല്‍ അന്വേഷണത്തിനായി ഇനിയും കസ്റ്റഡിയില്‍ വാങ്ങും. ആറ്റിങ്ങല്‍ ഡിവൈഎസ്പി മഞ്ജലാലിന്റെ നേതൃത്വത്തില്‍ ആറ്റിങ്ങല്‍ എസ്എച്ച്ഒ ഗോപകുമാര്‍ ജി, എസ്‌ഐ മാരായ സജിത്ത് എസ്, ജിഷ്ണു എം.എസ്, എസ്‌സിപിഒ മാരായ മനോജ്കുമാര്‍.കെ , ശരത്കുമാര്‍.എല്‍.ആര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by