ന്യൂദൽഹി: ഭീകര സംഘടനയായ അൽ ഖ്വയ്ദ ഇന്ത്യയിൽ ഖിലാഫത്ത് പ്രഖ്യാപിക്കാനും ഗുരുതരമായ തീവ്രവാദ പ്രവർത്തനങ്ങൾ നടപ്പിലാക്കാനും പദ്ധതിയിട്ടിരുന്നതായി ദൽഹി പോലീസ്. ആയുധങ്ങൾ കൈകാര്യം ചെയ്യുന്നതുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ഭീകരസംഘത്തിലെ അംഗങ്ങൾക്ക് പരിശീലനം ലഭിച്ചിരുന്നുവെന്നും പോലീസ് പ്രസ്താവനയിൽ പറഞ്ഞു.
ജാർഖണ്ഡ്, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള 14 ഭീകരരെ ദൽഹി പോലീസ് ഇന്ന് കസ്റ്റഡിയിലെടുത്തിരുന്നു. രഹസ്യാന്വേഷണ വിവരം ലഭിച്ചതിനെ തുടർന്നാണ് സംസ്ഥാനങ്ങളിലെ പോലീസ് സേനയുമായി ചേർന്ന് ഓപ്പറേഷൻ നടത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
നിലവിലെ പ്രവർത്തന നിലയനുസരിച്ച് ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലെ ഒരു ഡോ. ഇഷ്തിയാഖിന്റെ നേതൃത്വത്തിലായിരുന്നു സംഘം പ്രവർത്തിച്ചിരുന്നത്. ആറ് പേരെ രാജസ്ഥാനിലെ ഭിവാഡിയിൽ നിന്ന് ആയുധങ്ങൾ കൈകാര്യം ചെയ്യാനുള്ള പരിശീലനത്തിനിടെ കസ്റ്റഡിയിലെടുത്തതായും ജാർഖണ്ഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് എട്ട് പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തതായും പ്രസ്താവനയിൽ പറയുന്നു.
ഇവരെ ചോദ്യം ചെയ്തുവരികയാണ്, കൂടുതൽ തടങ്കലിൽ വയ്‌ക്കാൻ സാധ്യതയുണ്ട്. ആയുധങ്ങളും വെടിക്കോപ്പുകളും രേഖകളും കണ്ടെടുക്കാൻ റെയ്ഡ് നടത്തുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: