കണ്ണൂര്‍: ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ആന്വിറ്റി ഇനത്തില്‍ സര്‍ക്കാര്‍ അനുവദിച്ച പണം ക്ഷേത്രഭാരവാഹികളെ അറിയിക്കാതെ ട്രഷറി വകുപ്പ് നേരിട്ട് പിന്‍വലിച്ചു.
2022 മുതല്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള വിവിധ ക്ഷേത്രങ്ങളില്‍ നിന്ന് ലക്ഷങ്ങളാണ് ഇത്തരത്തില്‍ പിന്‍വലിച്ചത്. ക്ഷേത്ര ആവശ്യങ്ങള്‍ക്കായി പണം പിന്‍വലിക്കാന്‍ ട്രഷറിയിലെത്തുമ്പോഴാണ് ഇത് അറിയുന്നത്. വിവരം ദേവസ്വം കമ്മിഷണറെ അറിയിച്ചപ്പോള്‍ തുക പിന്‍വലിച്ചു എന്നുള്ള ട്രഷറി ഓഫീസര്‍ നല്‍കുന്ന സാക്ഷ്യ പത്രം, പാസ് ബുക്കിന്റെ പകര്‍പ്പ് എന്നിവ സഹിതം ക്ഷേത്രഭരണാധികാരികള്‍ക്ക് ധനവകുപ്പിനെ സമീപിക്കാമെന്നാണ് വിശദീകരണം. എന്നാല്‍ അപേക്ഷ നല്‍കിയിട്ടും ഇതുവരെ തുക തിരികെ ലഭിച്ചില്ലെന്ന് ക്ഷേത്ര ഭാരവാഹികള്‍ പറയുന്നു.
കണ്ണൂര്‍ ജില്ലയിലെ ചിറക്കല്‍ ദേവസ്വത്തിന് കീഴിലുള്ള കുന്നാവ് ദുര്‍ഗാ ക്ഷേത്രം, പടിഞ്ഞാറേക്കര ശ്രീകൃഷ്ണ മതിലകം ക്ഷേത്രം, മുഴപ്പിലങ്ങാട് ക്ഷേത്രം, അരയാല്‍ ഭഗവതി ക്ഷേത്രം, എരിപുരം ശ്രീകൃഷ്ണ ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങളുടെ അക്കൗണ്ടില്‍ നിന്ന് തുക പിന്‍വലിച്ചിട്ടുണ്ട്. കുന്നാവ് ദുര്‍ഗാ ക്ഷേത്ര അക്കൗണ്ടില്‍ നിന്ന് 2023 മാര്‍ച്ച് 20ന് 1,99,459 രുപ പിന്‍വലിച്ചു. 2023 മാര്‍ച്ച് 25ന് അക്കൗണ്ടിലെത്തിയ 3807 രൂപ തൊട്ടുത്ത ദിവസം പിന്‍വലിച്ചു. മറ്റ് ക്ഷേത്രങ്ങളില്‍ നിന്ന് ലക്ഷങ്ങള്‍ പിന്‍വലിച്ചതും സമാനമായ രീതിയിലാണ്. മിനിമം ബാലന്‍സ് പോലുമില്ലാതെയാണ് വിവിധ ക്ഷേത്ര അക്കൗണ്ടുകളില്‍ നിന്ന് ട്രഷറി വകുപ്പ് തുക പിന്‍വലിച്ചത്.
സ്വത്തുക്കള്‍ ഏറ്റെടുത്തതിന് നഷ്ടപരിഹാരമായി ക്ഷേത്രങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന തുകയാണ് ആന്വിറ്റി. ക്ഷേത്രസ്വത്തുക്കളുടെ മൂല്യവുമായി ഒത്തുനോക്കുമ്പോള്‍ നാമമാത്രമായ തുകയാണ് നല്‍കുന്നത്. ക്ഷേത്രങ്ങള്‍ക്ക് ആന്വിറ്റി ഇനത്തില്‍ കുടിശികയില്ലെന്ന് വരുത്തിത്തീര്‍ക്കുന്നതിനാണ് ഇത്തരത്തിലുള്ള നടപടി സ്വീകരിക്കുന്നതെന്ന് ക്ഷേത്ര ഭാരവാഹികള്‍ പറയുന്നത്.
മിക്ക ക്ഷേത്രങ്ങളിലും ജീവനക്കാര്‍ക്ക് രണ്ട് വര്‍ഷം വരെ ശമ്പളക്കുടിശിക നിലനില്‍ക്കെയാണ് സര്‍ക്കാര്‍ ക്ഷേത്ര അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്നത്. ഓണം, വിഷു പോലുള്ള വിശേഷ ദിവസങ്ങളിലെങ്കിലും ജീവനക്കാര്‍ക്ക് താത്കാലിക ആശ്വാസം നല്കാനുള്ള സാധ്യതയാണ് മുന്നറിയിപ്പില്ലാതെ തുക പിന്‍വലിക്കുന്നതിലൂടെ സര്‍ക്കാര്‍ ഇല്ലാതാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക